Connect with us

Articles

സാഭിമാനം, തലയുയര്‍ത്തി എസ് വെെ എസ്

Published

|

Last Updated

കാലത്തിന്റെ കുത്തൊഴുക്കിനെ പ്രതിരോധിച്ച പ്രസ്ഥാനമാണ് സുന്നി യുവജന സംഘം എന്നതിന് പിന്നിട്ട കനല്‍പഥങ്ങള്‍ തന്നെ നേര്‍സാക്ഷ്യമാണ്. പരിശുദ്ധ അഹ്‌ലുസ്സുന്നയാണ് അതിന്റെ ആദര്‍ശ അടിവേര്. ധിഷണാശാലികളായ പൂര്‍വ സൂരികള്‍ കാണിച്ച പാതയില്‍, നേതൃത്വത്തെ അംഗീകരിക്കുന്ന പതിനായിരങ്ങളുടെ ശക്തി കേന്ദ്രമായി, സാന്ത്വനത്തിന്റെയും സേവനത്തിന്റെയും തുല്യതയില്ലാത്ത കര്‍മകാണ്ഡം തീര്‍ക്കുന്നു സംഘടന. എസ് വൈ എസിന്റെ അറുപത്തിയേഴാം സ്ഥാപക ദിനത്തില്‍ തിരിഞ്ഞ് നോക്കുമ്പോള്‍ സാഭിമാനം ഈ പ്രസ്ഥാനം സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

വരക്കല്‍ മുല്ലക്കോയ തങ്ങളുടെ ദീര്‍ഘ ദര്‍ശനത്തില്‍ കുരുത്ത സമസ്തയെന്ന ആദര്‍ശ വടവൃക്ഷം കേരളീയ സമൂഹത്തില്‍ ഇസ്‌ലാമിക സംസ്‌കൃതിയുടെ കാവലാളായ കാലം. ആദര്‍ശ വൈരികളുടെ കടന്നു കയറ്റത്തെ സഹിഷ്ണുതാപരമായ നിയമവഴിയില്‍ പ്രതിരോധിച്ച് വന്ന സന്ദര്‍ഭം. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ യുവ ശക്തിയെ, ഇസ്‌ലാമിക വഴിയില്‍ ഉത്പാദനക്ഷമമായ മാര്‍ഗത്തിലൂടെ കോര്‍ത്തെടുത്ത് കണ്ണികളാക്കി രൂപവത്കരിച്ചതാണ് സമസ്ത കേരള സുന്നി യുവജന സംഘം 1954ല്‍. കടമകളിലും കര്‍ത്തവ്യത്തിലും കലര്‍പ്പ് കലരാതെ വഴി നടന്ന ചരിത്രമാണ് എസ് വൈ എസിന് കുറിക്കാനുള്ളത്.
ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ഇ കെ ഹസന്‍ മുസ്‌ലിയാര്‍, എം എ ഉസ്താദ്, ചിത്താരി ഹംസ മുസ്‌ലിയാര്‍, കെ എം മാത്തോട്ടം തുടങ്ങിയ മണ്‍മറഞ്ഞ മഹാരഥന്മാര്‍ തേര്‍ത്തട്ടില്‍ മുന്നില്‍ നിന്ന് തന്നെ പടനയിച്ചവരാണ്. ഇനിയുമുണ്ട് ഏറെ പേര്‍ കുറിച്ചെടുക്കാന്‍. ദൈര്‍ഘ്യത്തെ ഭയന്ന് പിന്‍വലിയുന്നു. ഇവരെയൊക്കെ വിസ്മരിച്ചൊരു ചരിത്രം ഈ സംഘത്തിനില്ല തന്നെ.
യുവശക്തിയെ കൂടെ നിര്‍ത്തി, ബഹുജന പ്രസ്ഥാനമെന്ന നിലയിലാണ് എസ് വൈ എസ് ഏറെ വഴിയും താണ്ടിയിട്ടുള്ളത്. ദീനി ദഅ്‌വയാണ് അടിസ്ഥാന ലക്ഷ്യം. യഥാര്‍ഥ ഇസ്‌ലാമിനെ പൂര്‍ണരൂപത്തില്‍ തന്നെ പൂര്‍വ സൂരികള്‍ സമൂഹത്തിലേക്ക് എത്തിച്ചു നല്‍കിയിട്ടുണ്ട്. ഇത് അവിതര്‍ക്കിതമാണ്. പാരമ്പര്യ ഇസ്‌ലാമിന്റെ വിശ്വാസ, കര്‍മ മണ്ഡലങ്ങളെ സസൂക്ഷ്മം അനുധാവനം ചെയ്ത് പ്രസ്ഥാനം പടയോട്ടം നടത്തി.

തുടക്കത്തില്‍ 1975 വരെ പിച്ചവെച്ചും പിന്നീട് അടിസ്ഥാന യൂനിറ്റിന്റെയും മറ്റു ഘടകങ്ങളുടെയും രൂപവത്കരണത്തിലൂന്നിയും സംഘടനാ ശക്തിയെ കൂടുതല്‍ ബലപ്പെടുത്തിയും അണികളെ കൂടെ നിര്‍ത്തി ദീന്‍ പകര്‍ന്ന് നല്‍കിയുമുള്ള പ്രവര്‍ത്തനത്തിനാണ് ഊന്നല്‍ നല്‍കിയത്. അക്കാല നേതൃത്വം വിളയിച്ചെടുത്തതാണ് ഇന്നത്തെ എസ് വൈ എസ്. അവര്‍ പാകപ്പെടുത്തിയ മണ്ണിലൂടെ പിന്നീട് നടത്തിയ പടയോട്ടം ഐതിഹാസികമായിരുന്നു. മര്‍ഹൂം ഇ കെ ഹസന്‍ മുസ്‌ലിയാരും ശൈഖുനാ കാന്തപുരം ഉസ്താദും സംഘടനയുടെ നേതൃത്വത്തില്‍ കടന്നുവന്ന 1975നെ തുടര്‍ന്നുള്ള കാലഘട്ടം ഐതിഹാസിക പടയോട്ടത്തിന്റെതാണ്, കുതിപ്പിന്റെതാണ്. അതിന് ചരിത്രം സാക്ഷി. ഒട്ടനവധി വൈതരണികളെ തട്ടിമാറ്റിയുള്ള പ്രയാണം. ആദര്‍ശ വൈരികള്‍, നവലിബറലിസ്റ്റുകള്‍, ദൈവനിഷേധികള്‍, കക്ഷിരാഷ്ട്രീയ ബാധയേറ്റവര്‍ ഇങ്ങനെ പലരും വഴിമുടക്കി നിന്നു. പക്ഷേ, എസ് വൈ എസിന്റെ അതിശീഘ്ര കുതിപ്പിനെ തടയാന്‍ ഒരു ശക്തിക്കും സാധിച്ചില്ല. നിഴലിനെ വെടിവെച്ച “അന്തം” കുറഞ്ഞവരായി മാറി വഴി തടയാന്‍ വന്നവരെല്ലാം. കാലം ഈ കരുത്തുറ്റ പ്രയാണത്തിന് ലൈക്കടിച്ച് കഴിഞ്ഞു.

നിരവധി വാര്‍ഷിക സമ്മേളനങ്ങള്‍ സംഘടനയുടെ കരുത്ത് തെളിയിച്ച് കടന്ന് പോയിട്ടുണ്ട്. ചരിത്ര ശേഷിപ്പുകളില്‍ അവ ജ്വലിച്ച് നില്‍ക്കുന്നു. മലപ്പുറത്ത് നടന്ന നാല്‍പതാം വാര്‍ഷികം, കോട്ടക്കല്‍ നടന്ന അറുപതാം വാര്‍ഷികം എന്നിവ ഉദാഹരിക്കുന്നു. ചരിത്രത്തില്‍ കൃത്യമായ അടയാളപ്പെടുത്തലുകള്‍ ഇവ തീര്‍ത്തിട്ടുണ്ട്, തീര്‍ച്ച. പ്രയാണത്തില്‍ ദിശ തീര്‍ത്ത സമ്മേളനങ്ങള്‍ ആള്‍ക്കരുത്തിനാലും ധിഷണാപരമായ വിഷയ വൈവിധ്യത്താലും കുതിപ്പിന് ആവേശവും ആക്കവും പകര്‍ന്ന് തന്നിട്ടുണ്ട്.

അറുപതാം വാര്‍ഷികത്തിന്റെ അതിപ്രധാന അജന്‍ഡ സര്‍വതല സ്പര്‍ശിയായ ദഅ്‌വയായിരുന്നു. മികവുറ്റ ആസൂത്രണ പാടവം തെളിയിച്ച ഈ സമ്മേളനത്തിന്റെ ചിന്താപരമായ മുന്നേറ്റത്തിന്റെ സൃഷ്ടിയാണ് ബഹുജന പ്രസ്ഥാനമായി രൂപവത്കരിക്കപ്പെട്ട കേരള മുസ്‌ലിം ജമാഅത്ത്. പ്രസ്ഥാനത്തിന്റെ പൊതു വേദിയായി കേരള മുസ്‌ലിം ജമാഅത്ത് ഇന്ന് മാറിക്കഴിഞ്ഞു.

പുതിയ കാലത്തിന് യോജിച്ച അജന്‍ഡകളുമായി സമരോത്സുക യുവശക്തിയെ പാകപ്പെടുത്തുന്ന അടിസ്ഥാന പ്രവര്‍ത്തന വഴിയിലൂടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ എസ് വൈ എസ് പ്രയാണം തുടരുകയാണ് അതിശീഘ്രം. കാലത്തിന്റെ വിളികളെ കണ്ടറിഞ്ഞും തൊട്ടറിഞ്ഞുമുള്ള ഈ പുറപ്പാട് ഏറെ അനിവാര്യമെന്ന് തെളിഞ്ഞു കൊണ്ടിരിക്കുന്നു. കൂടെ ചേര്‍ത്ത് നിര്‍ത്തി രാഷ്ട്രനിര്‍മാണത്തിന് യുവശക്തിയെ പാകപ്പെടുത്തണം. എസ് വൈ എസ് പുതിയ അജന്‍ഡകളെ വെല്ലുവിളിയായി കണ്ട് ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുകയാണ്.

കക്ഷിരാഷ്ട്രീയ, മത, വര്‍ണ, വര്‍ഗ കാലുഷ്യങ്ങള്‍ തീര്‍ക്കപ്പെടുന്ന ഇന്നത്തെ സാഹചര്യം ഭീതിദമാണ്. മനുഷ്യ കരുത്തിനെ ഉത്പാദനക്ഷമമായി വിനിയോഗിക്കാന്‍ സമൂഹത്തിന് കഴിയുന്നില്ല. യുവശക്തി പകച്ച് നില്‍ക്കുന്നിടത്ത് സമരോത്സുക യൗവനത്തിന് കൂടുതല്‍ ഇടമുണ്ടെന്ന് എസ് വൈ എസ് തിരിച്ചറിയുന്നു. ആ തിരിച്ചറിവില്‍ നിന്ന് ഞങ്ങള്‍ പുതിയ അജന്‍ഡകള്‍ തീര്‍ക്കുകയാണ്.
പ്രകൃതി കലിതുള്ളുന്ന കാലം ചൂഷണമനസ്‌കരെ തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടതുണ്ട്. നിലനില്‍പ്പിന് കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തേണ്ടതുണ്ട്. വര്‍ത്തമാന യുവതയെ നിലനില്‍പ്പിന്റെ ബാലപാഠം അറിയിക്കുകയാണ് എസ് വൈ എസ്. ഒരു ലക്ഷം അടുക്കളത്തോട്ട നിര്‍മാണവും ആയിരം സംഘകൃഷിയും ആയിരം കാര്‍ഷിക ഗ്രാമീണ ചന്തകളും ലക്ഷ്യംവെച്ച് പദ്ധതി തയ്യാറാക്കി കേരളത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു സംഘടന.
സാന്ത്വന സേവന രംഗത്തെ അനിവാര്യ സാഹചര്യം നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. പ്രകൃതി ദുരന്തങ്ങളും അപ്രതീക്ഷിത പകര്‍ച്ച വ്യാധികളും കൂട്ടമരണങ്ങളും മനുഷ്യരെ വട്ടം കറക്കുമ്പോള്‍ പകച്ച് നില്‍ക്കാതെ പിടിച്ചു നില്‍ക്കണം. മനുഷ്യക്കരുത്തില്‍ വിശ്വാസ ദാര്‍ഢ്യത്തോടെ പ്രതിസന്ധികളെ തരണം ചെയ്യണം. കാലം ഏല്‍പ്പിക്കുന്ന ദൗത്യങ്ങളെ ഏറ്റെടുക്കണം. എസ് വൈ എസ് സാന്ത്വന കേന്ദ്രങ്ങളും വളണ്ടിയര്‍മാരും ഇന്ന് കേരളത്തിന് മറക്കാനും അവഗണിക്കാനും ആകാത്തവിധം വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന അടിയന്തര സാഹചര്യത്തില്‍ സംസ്ഥാന ഹെല്‍പ്പ് ഡെസ്‌ക് മുതല്‍ യൂനിറ്റ് തലം വരെ സാന്ത്വനം വളണ്ടിയര്‍മാര്‍ മികച്ച സേവനം കാഴ്ച വെക്കുന്നു.
ജീവന്‍ രക്ഷാ മരുന്ന് എത്തിക്കല്‍, ആശുപത്രി സേവനങ്ങള്‍, കിടപ്പ് രോഗികളുടെ പരിചരണം, പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷ്യ വസ്തുക്കളുടെ കിറ്റ് എത്തിക്കല്‍ തുടങ്ങി സാന്ത്വന രംഗത്തെ കൃത്യമായ ശൃംഖലകളിലൂടെയുള്ള പ്രവര്‍ത്തനം എസ് വൈ എസിനെ ഇവിടെ കൃത്യമായി അടയാളപ്പെടുത്തിക്കഴിഞ്ഞു. 46 ആംബുലന്‍സുകള്‍ എസ് വൈ എസിന് കീഴില്‍ ഇന്ന് സേവന നിരതമാണ്. പ്രസ്ഥാനത്തിന്റെ വിദേശ ഘടകമായ ഐ സി എഫിന്റെ സമ്പൂര്‍ണ സഹകരണത്തോടെ 300 രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണ, താമസസൗകര്യമൊരുക്കി, തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിനടുത്ത് തുടങ്ങിയ സാന്ത്വന കേന്ദ്രം അഭിമാനകരമായ ഒന്നാണ്. ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണം, “ജലം അമൂല്യമാണ് അത് പാഴാക്കരുത്” എന്ന പ്രമേയത്തിലെ വ്യത്യസ്ത പദ്ധതികള്‍, ജലസ്രോതസ്സുകളുടെ ശുചീകരണവും നവീകരണവും നിര്‍മാണവും അടക്കം എസ് വൈ എസ് ഏറ്റെടുത്ത അജന്‍ഡകള്‍ നിരവധിയാണ്. സാമൂഹിക ബന്ധങ്ങളുടെ മികവുറ്റ ദൃഷ്ടാന്തമാണ് എസ് വൈ എസിന് കീഴില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഖാഫിലകള്‍. വ്യത്യസ്ത തലങ്ങളിലെ, പ്രദേശങ്ങളിലെ മനുഷ്യരുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെ സാമൂഹിക ബന്ധങ്ങളുടെ മികച്ച മാതൃക സൃഷ്ടിക്കപ്പെടുകയാണ്.

കുടുംബ ബന്ധങ്ങളിലെ വിള്ളലുകള്‍ വര്‍ധിക്കുമ്പോള്‍ കുടുംബങ്ങളില്‍ ഹൃദയ ബന്ധം സ്ഥാപിക്കുകയാണ് എസ് വൈ എസ് പദ്ധതിയായ “അല്‍ ഉസ്‌റതു ത്വയ്യിബ”. ഹൃദയബന്ധത്തില്‍ കുളിരുകള്‍ തീര്‍ക്കുന്ന “അല്‍ ഉസ്‌റതു ത്വയ്യിബ” ഒരു ലക്ഷം കുടുംബങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. സ്ത്രീ കുടുംബത്തിന്റെയും അതുവഴി പൊതു സമൂഹത്തിന്റെയും കാവലാളാണ്. തിരസ്‌കരിക്കപ്പെടേണ്ടവരല്ല, സ്വീകരിക്കപ്പെടേണ്ടവരാണ് അവര്‍. പുതുസമൂഹ സൃഷ്ടിയില്‍ അതിപ്രധാന ഭാഗധേയം ഉള്ളവരാണവര്‍. അവര്‍ക്ക് അറിവിന്റെ വാതായനം തുറക്കാന്‍ “റൗളത്തുല്‍ ഖുര്‍ആന്‍” പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നു. അറിവാണ് മികച്ച ആയുധമെന്ന് എസ് വൈ എസ് തിരിച്ചറിയുന്നു. അതിനാല്‍ സ്ത്രീകള്‍ക്ക് “റൗളത്തുല്‍ ഖുര്‍ആനും” കുടുംബങ്ങള്‍ക്ക് “കുടുംബ സഭ”യും നടപ്പാക്കി വരുന്നു.
യൗവനം നഷ്ടപ്പെടുത്തേണ്ട ഒന്നല്ല. യുവാക്കള്‍ക്ക് തൊഴില്‍ അഭ്യസിപ്പിച്ച് നാടിന് വേണ്ടി പ്രയോജനപ്പെടുത്തണം. ഈ തിരിച്ചറിവില്‍ നിന്നാണ് കേരളത്തിലാകെ ആയിരം തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ യുവജനങ്ങള്‍ക്കായി ആരംഭിക്കാന്‍ എസ് വൈ എസ് പദ്ധതിയിട്ടത്. വര്‍ത്തമാന അജന്‍ഡയിലെ പ്രധാന ഇനമാണ് ഇത്.

മലയാളികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ഇസ്‌ലാമിക പ്രസിദ്ധീകരണം എന്ന സ്ഥാനത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നു സംഘടനയുടെ മുഖപത്രമായ സുന്നിവോയ്‌സ്. വരിക്കാരിലും വായനക്കാരിലും മലയാളികള്‍ക്കിടയില്‍ ഒന്നാം സ്ഥാനത്താണ് ഈ ഇസ്‌ലാമിക പ്രസിദ്ധീകരണം. വായനക്കാരന്റെ അഭിരുചികളെ കണ്ടറിഞ്ഞ് വര്‍ത്തമാന ലോകത്തോട് വേണ്ട വിധം സംവദിച്ചാണ് സുന്നിവോയ്‌സ് പുറത്തിറങ്ങുന്നത്. ഈ കൊറോണ കാലത്ത് അച്ചടിരംഗം നിശ്ചലമായപ്പോള്‍ ഓണ്‍ലൈന്‍ എഡിഷന്‍ പുറത്തിറക്കി വായനക്കാരിലേക്ക് എത്തിക്കുന്നു. ഇതുവരെ രണ്ട് ലക്കം ഓണ്‍ലൈന്‍ എഡിഷന്‍ പുറത്തിറങ്ങിക്കഴിഞ്ഞു. അറിവിന്റെ വഴികളില്‍ ഏറെ ചെയ്യാനുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് റീഡ് പ്രസ്സ് എന്ന പ്രസാധന ബ്യൂറോ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ വിഷയങ്ങളെ പുസ്തക രൂപത്തിലാക്കി മലയാളി സമൂഹത്തിന് സമര്‍പ്പിക്കാന്‍ “റീഡ് പ്രസ്സി”ലൂടെ എസ് വൈ എസിന് സാധിച്ചു.

നിരന്തരമായ പരിശീലനം ഏതൊരു പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കും അനിവാര്യമാണ്. വ്യക്തമായ കാഴ്ചപ്പാടോടെ, നിശ്ചിത ലക്ഷ്യത്തിലേക്ക് സമൂഹത്തെ കൂടെ കൂട്ടാന്‍ പ്രവര്‍ത്തകര്‍ക്കാകണം. അതിന് പരിശീലനം അനിവാര്യമാണ്. ശരിയായ പെരുമാറ്റച്ചട്ടം സ്വജീവിത ഭാഗമാകുമ്പോഴേ സമര്‍പ്പിത സമൂഹമായി പ്രവര്‍ത്തകരെ മാറ്റിയെടുക്കാനാകൂ. “ടീം ഒലീവ്” രൂപവത്കരിക്കപ്പെടുന്നത് അങ്ങനെയാണ്. നിരന്തരവും കഠിനവുമായ പരിശീലനം വഴി, എന്തിനും പാകപ്പെട്ട മനസ്സിനുടമകളാണ് എസ് വൈ എസ് “ടീം ഒലീവ്”. സംഘടനാ പ്രവര്‍ത്തനത്തില്‍ തുല്യതയില്ലാത്ത അടയാളപ്പെടുത്തലായി “ടീം ഒലീവ്” ഉയര്‍ന്ന് കൊണ്ടിരിക്കുന്നു.
പ്രൊഫഷനല്‍ രംഗത്തുള്ളവര്‍ നാടിന്റെ വിശേഷ സമ്പത്താണ്. സമൂഹ സൃഷ്ടിയില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് ശക്തിയുള്ളവര്‍, അടിസ്ഥാന സൗകര്യ നിര്‍മിതിയിലും ആരോഗ്യ പരിപാലനത്തിലുമൊക്കെ മുഖ്യപങ്കാളിത്തം വഹിക്കേണ്ടവര്‍… അവരെയും പാകപ്പെടുത്തി സംഘടിപ്പിച്ച് നിര്‍ത്തേണ്ടതുണ്ടെന്ന തിരിച്ചറിവും എസ് വൈ എസിനുണ്ട്. ഈ അജന്‍ഡയുടെ പൂര്‍ത്തീകരണമാണ് “ഇന്റഗ്രേറ്റഡ് പ്രൊ ഫഷനല്‍ ഫോറം” (ഐ പി എഫ്). നാട്ടിലെ വ്യത്യസ്ത തുറകളിലെ പ്രൊഫഷനലുകളെ ഒരേ ചരടില്‍ കോര്‍ത്തിണക്കി ആദര്‍ശത്തിലൂന്നിയ ചിന്താധാരയില്‍ ഒരുമിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുകയാണ് ലക്ഷ്യം. ഇന്ന് വ്യത്യസ്തമായ കര്‍മ പദ്ധതികളുമായി ഐ പി എഫ് എന്ന പ്രൊഫഷനല്‍ സംഘടന എസ് വൈ എസിന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്നു.

അഭിമാനാര്‍ഹമായ മികച്ച വഴിയിലൂടെയാണ് എസ് വൈ എസ് ചലിച്ചുകൊണ്ടിരിക്കുന്നത്. ഏറെ സന്തോഷം തോന്നുന്നു. എത്തിപ്പിടിക്കാന്‍ ഇനിയുമേറെയുണ്ടെന്ന തിരിച്ചറിവാണ് മുന്നോട്ടുള്ള പ്രയാണത്തിന്റെ കരുത്ത്. അണിചേരുന്നതിന് സമരോത്സുക യൗവനം തയ്യാറാണെന്നതിന്റെ സാക്ഷ്യമാണ് ഓരോ വര്‍ഷവും അംഗത്വമെടുക്കുന്നവരുടെ എണ്ണത്തിലെ വര്‍ധന. ഓരോ അംഗത്വ കാലഘട്ടത്തിലും ഇരുപതിനും മുപ്പതിനുമിടയില്‍ ശതമാനം അംഗസംഖ്യ വര്‍ധിക്കുന്നത് പ്രതീക്ഷാര്‍ഹമാണ്. സംഘടനയുടെ കരുത്തും അതാണ്. ശരിയായ വഴിയിലൂടെത്തന്നെയാണ് പ്രയാണമെന്നതിന് ഇതില്‍പരം സാക്ഷ്യം വേറെ വേണ്ടതന്നെ.
66 വര്‍ഷത്തെ പൂര്‍ത്തീകരണം വലിയൊരു ദൗത്യനിര്‍വഹണം സാധിപ്പിച്ചിട്ടുണ്ട്. നേതൃത്വം വഹിച്ചവരെയും അണിചേര്‍ന്നവരെയും സ്മരിക്കുന്നു. മണ്‍മറഞ്ഞുപോയ നേതൃത്വത്തെ ഓര്‍ത്തും അവര്‍ക്കായി പ്രാര്‍ഥിച്ചും എസ് വൈ എസിന്റെ അറുപത്തിയേഴാം സ്ഥാപക ദിനത്തെ സഹര്‍ഷം, സാഭിമാനം നെഞ്ചോട് ചേര്‍ത്ത് വെക്കുന്നു.