Connect with us

Kerala

സാലറി ചാലഞ്ചിന് ബദല്‍ മാര്‍ഗവുമായി സര്‍ക്കാര്‍; അഞ്ച് മാസംകൊണ്ട് ഒരു മാസത്തെ ശമ്പളം പിടിക്കും

Published

|

Last Updated

തിരുവനന്തപുരം |  സാലറി ചാലഞ്ചിന് പകരം പുതിയ മാതൃകയുമായി സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം അഞ്ച് മാസംകൊണ്ട് പിടിക്കാന്‍ സംസ്ഥാന മന്ത്രിസഭായ യോഗം തീരുമാനിച്ചു. ഇതുപ്രകാരം ഒരു മാസത്തില്‍ ആറ് ദിവസത്തെ ശമ്പളം പിടിക്കാനാണ് തീരുമാനം. മെയ് മുതല്‍ സെപ്റ്റംബര്‍ വരെയായിരിക്കും ഇത്തരത്തില്‍ ശമ്പളം പിടിക്കുക. സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ ഇത്തരത്തില്‍ പിടിച്ച തുക തിരികെ നല്‍കാനാണ് തീരുമാനം.

പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം കൊവിഡിനെതിരെ പോരാടുന്നവരുടെ ശമ്പളം ഇത്തരത്തില്‍ പിരിക്കരുതെന്ന് മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി മറികടക്കണമെങ്കില്‍ എല്ലാ ജീവനക്കാരുടേയും പിന്തുണ അനിവാര്യമാണെന്ന വിലയിരുത്തലാണുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാവരുടേയും ശമ്പളം പിടിക്കാന്‍ തീരുമാനിക്കുകയായിരുന്നു.2000ത്തില്‍ കുറച്ച ശമ്പളം വാങ്ങുന്നവര്‍ ഇത്തരത്തില്‍ ശമ്പളം നല്‍കണമെന്ന് നിര്‍ബന്ധമില്ല. അവര്‍ക്ക് വേണമെങ്കില്‍ നല്‍ാകം.

മന്ത്രിമാരുടേയും എം എല്‍ എമാരുടേയും ശമ്പളം 30 ശതമാനം വെട്ടിക്കുറക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബോര്‍ഡ്, കോര്‍പറേഷന്‍ ചെയര്‍മാന്‍മാരുടേയും ശമ്പളത്തില്‍ സമാന കുറവുണ്ടാകും. ഒരു വര്‍ഷത്തേക്കാണ് ഇത്തരത്തില്‍ ശമ്പളം വെട്ടിക്കുറക്കുന്നത്.

ഒരു മാസത്തെ ശമ്പളം എല്ലാ ജീവനക്കാരില്‍ നിന്നും പിരിക്കുക എന്ന ലക്ഷ്യവമുായി സാലറി ചാലഞ്ച് നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ, അധ്യാപ, ജീവനക്കാരുടെ സംഘടനകള്‍ ഇതിനോട് എതിര്‍പ്പ് അറിയിച്ചു. സാലറി ചാലഞ്ചിനെ എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. ചിലര്‍ സാലറി ചാലഞ്ചില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഈ സാഹചര്യത്തില്‍ ഒരു വിഭാഗം ജീവനക്കാരില്‍ നിന്ന് മാത്രം സാലറി ചാലഞ്ച് നടപ്പാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

 

Latest