കൊവിഡ് പ്രതിരോധത്തിനായി ബാഴ്‌സയുടെ ധനസമാഹരണം; ഹോം ഗ്രൗണ്ടിന്‌റെ ടൈറ്റിൽ അവകാശം വില്‍ക്കും

Posted on: April 21, 2020 11:23 pm | Last updated: April 21, 2020 at 11:44 pm

ബാഴ്സലോണ | കൊവിഡ് പ്രതിരോധത്തിനായി ധനസമാഹരണത്തിനായി ബാഴ്‌സലോണ ഹോം ഗ്രൗണ്ടായ നൗക്യാമ്പിന്റെ ടൈറ്റില്‍ അവകാശം ഒരു വര്‍ഷത്തേക്ക് വില്‍ക്കുന്നു. ഇതിലൂടെ സമാഹരിക്കുന്ന മുഴുവന്‍ പണവും സംഭാവന ചെയ്യുമെന്ന് സ്പാനിഷ് ക്ലബ് എക്‌സിക്യൂട്ടീവ് ബോര്‍ഡ് അറിയിച്ചു.

കൊവിഡ് 19 മൂലം മത്സരങ്ങള്‍ മാറ്റിവെച്ചത് ബാഴ്സലോണയുടെ പ്രതീക്ഷിത വരുമാനത്തില്‍ വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. കളിക്കാരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ ക്ലബ്ബ് നിര്‍ബന്ധിതരായി. എന്നിട്ടും, ടൈറ്റില്‍ അവകാശം വില്‍ക്കുന്നതിലൂടെ കിട്ടുന്ന വരുമാനം ക്ലബ്ബിന് വേണ്ടി ഉപയോഗിക്കില്ലെന്ന് മാനേജര്‍ കാര്‍ഡോണര്‍ പറഞ്ഞു. സ്‌പോണ്‍സറെ കിട്ടിയാലും സ്റ്റേഡിയത്തിന്റെ പേര് നൗക്യാമ്പ് എന്നു തന്നെയായിരിക്കുമെന്നും ക്ലബ് അധികൃതര്‍ വ്യക്തമാക്കി.

99,000 സീറ്റുകളുള്ള യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് നൗക്യാമ്പ്. 1957 ല്‍ തുറന്നതിനുശേഷം ഒരു സ്‌പോണ്‍സറും സ്‌റ്റേഡിയത്തിനുണ്ടായിരുന്നില്ല. നിലവില്‍ ലാലീഗയില്‍ 58 പോയിന്റുമായി ബാഴ്‌സലോണ തന്നൊയാണ് ഒന്നാം സ്ഥാനത്ത്.