Connect with us

Covid19

ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല, ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും വിലക്ക്; ഇളവുകളില്‍ തിരുത്തലുമായി കേരളം

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന്, നേരത്തെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകളില്‍ തിരുത്തല്‍ വരുത്തി കേരളം. ഇതനുസരിച്ച് ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനുള്ള അനുമതി പിന്‍വലിച്ചു. ബാര്‍ബര്‍മാര്‍ക്ക് വീടുകളിലെത്തി മുടി വെട്ടാം. ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഉത്തരവും പിന്‍വലിച്ചു. അതേസമയം, ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനുള്ള സമയം രാത്രി ഒമ്പതു വരെയാക്കി ദീര്‍ഘിപ്പിച്ചു. ബൈക്കില്‍ പിന്‍സീറ്റില്‍ ഒരാള്‍ക്കും കാറില്‍ ഡ്രൈവര്‍ കൂടാതെ രണ്ടുപേര്‍ക്കും യാത്ര ചെയ്യാന്‍ കേന്ദ്രത്തോട് അനുമതി തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ, ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയതു സംബന്ധിച്ച് കേന്ദ്രം കേരളത്തോട് വിശദീകരണമൊന്നും ചോദിച്ചിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. പരസ്പരമുള്ള കൂടിയാലോചനകള്‍ നടന്നുവരികയാണ്. വിഷയത്തില്‍ പത്തു മിനുട്ട് ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കൊവിഡിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതാണ് കേരളത്തിന്റെ നടപടിയെന്നും ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടും സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് കത്തയച്ചത്. ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ഇളവുകള്‍ പ്രഖ്യാപിച്ചത് കേരളം തിരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

വര്‍ക് ഷോപ്പുകള്‍ക്കും, ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ഹോട്ടലുകള്‍ക്കും ബുക്ക് സ്റ്റാളുകള്‍ക്കും മറ്റും ഇളവ് അനുവദിച്ചതാണ് കേന്ദ്ര ഇടപെടലിന് കാരണം.

---- facebook comment plugin here -----

Latest