Covid19
കേരളമടക്കം നാല് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ കൊവിഡ് വൈറസ് കണ്ടെത്തി: ഐ സി എം ആര്
ന്യൂഡല്‍ഹി | കേരളമുള്‍പ്പെടെ രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ഐ സി എം ആര്. കേരളം, ഹിമാചല്‍പ്രദേശ്, പുതുച്ചേരി, തമിഴ്നാട് സംസ്ഥാനങ്ങളിലെ വവ്വാലുകളിലാണ് വൈറസ് കണ്ടെത്തിയത്. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളില്‍ 2018-19 വര്‍ഷങ്ങളില്‍ ശേഖരിച്ച സാംപിളുകളില്‍ നിന്നാണ് വൈറസ് കണ്ടെത്തിയത്.
കേരളം, കര്‍ണാടകം, ഗുജറാത്ത്, ഒഡിഷ, പഞ്ചാബ്, തെലങ്കാന, ഹിമാചല്‍പ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ചണ്ഡീഗഢ്, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമുള്ള വവ്വാലുകളുടെ സാംപിളുകളാണ് പരിശോധിച്ചത്. തൊണ്ടയില്‍നിന്നും മലാശയത്തില്‍നിന്നുമാണ് സാംപിളുകളാണ് പരിശോധിച്ചത്.
കേരളത്തിലെ പെറ്ററോപസ് വവ്വാലുകളുടെ മലാശയത്തില്‍നിന്നുള്ള 217 സ്രവ സാംപിളുകള്‍ പരിശോധിച്ചതില്‍ 12ഉം റൂസെറ്റസ് വവ്വാലുകളുടെ മലാശയത്തില്‍നിന്നുള്ള 42 സ്രവ സാംപിളുകളില്‍ നാലും പോസിറ്റീവായിരുന്നു. എന്നാല്‍, രണ്ടിനം വവ്വാലുകളുടെയും തൊണ്ടയില്‍നിന്നുള്ള 25 സ്രവ സാംപിളുകള്‍ പരിശോധിച്ചതില്‍ ഫലം നെഗറ്റീവായി.
ഹിമാചലില്‍നിന്നു ശേഖരിച്ച രണ്ടും പുതുച്ചേരിയില്‍നിന്നുള്ള ആറും തമിഴ്നാട്ടില്‍നിന്നുള്ള ഒന്നും സാംപിളുകള്‍ പോസിറ്റീവായിരുന്നു. ആര് ടി പി സി ആര് (റിവേഴ്സ് ട്രാന്‍സ്ക്രിപ്ഷന്‍പോളിമെറെയ്സ് ചെയിന്‍ റിയാക്ഷന്) പരിശോധനയില്‍ വവ്വാലുകളില്‍ നേരത്തേ നിപ വൈറസ് കണ്ടെത്തിയിരുന്നു.
വവ്വാലുകളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ ഈയിനത്തില്‍പ്പെട്ട സസ്തനികളെ കൂടുതല്‍ നിരീക്ഷണവിധേയമാക്കണമെന്ന് പഠനം നിര്‍ദേശിക്കുന്നു. വൈറസ് കണ്ടെത്തിയ മേഖലകളില്‍ മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലും ആന്റിബോഡി സര്‍വേകള്‍ നടത്തണം. പശ്ചിമഘട്ട മേഖലകള്‍ പ്രത്യേകിച്ച് കേരളം വിവിധ ഇനങ്ങളില്‍പ്പെട്ട വവ്വാലുകളുടെ ആവാസകേന്ദ്രമാണ്. അതിനാല്‍ കേരളം കൂടുതല്‍ ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വന്യമൃഗസംരക്ഷണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, പൗള്‍ട്രി വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവ സഹകരിച്ച് വൈറസ് കണ്ടെത്താനുള്ള നവീന സംവിധാനങ്ങള്‍ ആവിഷ്കരിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.