യു എ ഇ വിസകളുടെ കാലാവധി ഡിസംബര്‍ വരെ നീട്ടി

Posted on: April 13, 2020 9:09 pm | Last updated: April 14, 2020 at 9:30 am

അബൂദബി | യു എ യില്‍ സന്ദര്‍ശകരുടെയും താമസക്കാരുടെയും വിസകള്‍, പ്രവേശന പെര്‍മിറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയുടെ കാലാവധി 2020 ഡിസംബര്‍ വരെ നീട്ടി. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണിത്. മാര്‍ച്ച് ഒന്നിന് ശേഷം വിസ കാലാവധി അവസാനിച്ചവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് ഫെഡറല്‍ അതോറ്റി (ഐ സി എ) വക്താവ് കേണല്‍ ഖമീസ് ആല്‍ കഅബി പറഞ്ഞു. രാജ്യത്തിന് പുറത്തുള്ള റെസിഡന്‍സി വിസക്കാരുടെ കാലാവധിയും മാര്‍ച്ച് ഒന്നിന് ശേഷം അവസാനിക്കുകയാണെങ്കില്‍ ഡിസംബര്‍ വരെ നീട്ടിനല്‍കും. വിര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെ മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലെ സാഹചര്യത്തില്‍ തങ്ങളുടെ കുടുംബത്തെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സ്വദേശികളും സന്ദര്‍ശകരുമായ നിരവധി പേരാണ് അപേക്ഷ നല്‍കിയിട്ടുള്ളതെന്ന് കേണല്‍ പറഞ്ഞു. പൗരന്മാര്‍, താമസക്കാര്‍, സന്ദര്‍ശകര്‍ തുടങ്ങി സമൂഹത്തിന്റെ സമസ്ത മേഖലകളിലുള്ളവരെയും സഹായിക്കാന്‍ ഐ സി എ പ്രതിജ്ഞാബദ്ധമാണ്. അതോറിറ്റിയുടെ ഔദ്യോഗിക വെബ്്‌സൈറ്റില്‍ പ്രഖ്യാപിച്ച ആശയ വിനിമയ ചാനലുകളിലൂടെ ലഭിക്കുന്ന മുഴുവന്‍ അന്വേഷണങ്ങളെയും അനുഭാവപൂര്‍വം കാണുമെന്ന് ഉറപ്പിച്ചു പറയുന്നതായും കേണല്‍ ഖമീസ് ആല്‍ കഅബി കൂട്ടിച്ചേര്‍ത്തു.