Connect with us

Ongoing News

കൊവിഡ് 19: പ്രവാസികൾക്ക് കൈത്താങ്ങായി കർമ്മസമിതി വിപുലീകരിച്ചു

Published

|

Last Updated

ദുബൈ | പ്രവാസികൾക്കു ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ വേണ്ടി വിവിധ രാജ്യങ്ങളിലെ പ്രധാന സംഘടനാ നേതൃത്വങ്ങളെയും കേരളത്തിലെ പ്രതിനിധികളെയും ഉൾപ്പെടുത്തി പ്രത്യേക കർമ്മസമിതി നിലവിൽ വന്നു. ജി  സി സി രാഷ്ട്രങ്ങളിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സജീവമായി പ്രവർത്തിക്കുകയും പ്രവാസികൾക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്ന ഐ സി എഫ് (ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ), ആർ എസ് സി (രിസാല സ്റ്റഡി സർക്കിൾ)   പ്രതിനിധികളാണ് അംഗങ്ങൾ.

കർമ്മ സമിതി അംഗങ്ങളുമായി കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്  കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. യു എ ഇ, സഊദി അറേബ്യ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ സന്നദ്ധ സേവനങ്ങൾക്ക് നേതൃത്വം നൽകുന്നവർ സംബന്ധിച്ചു.

കൊവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഓരോ രാഷ്ട്രങ്ങളും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കാനും,  ഗവണ്മെന്റ് നിർദേശങ്ങൾ നടപ്പിലാക്കാൻ മുന്നിട്ടറങ്ങാനും കാന്തപുരം പറഞ്ഞു. ഐ.സി.എഫിന്റെ നേതൃത്വത്തിൽ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണം.

ഗൾഫ് പ്രവാസം ആരംഭിച്ചത് മുതൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയാണ് ഇത്. സഹായം ആവശ്യമുള്ളവർക്ക് കൈത്താങ്ങു നൽകണം. പ്രവാസികളെ നാട്ടിലെത്തിക്കാൻ സർക്കാർ അനുമതി നൽകുന്ന മുറക്ക്, കേരളത്തിലെ മുന്നൂറിലധികം സുന്നി സ്ഥാപനങ്ങളിൽ ക്വാറന്റൈൻ ചെയ്യാൻ ഒരുക്കമാണ്. ഓരോ രാജ്യങ്ങളിലെയും വ്യത്യസ്ത പ്രശ്നനങ്ങൾ മനസ്സിലാക്കുകയും കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാൻ മുന്നോട്ടുവരികയും ചെയ്യുന്ന സുന്നി സംഘടനാ പ്രവർത്തനം മാതൃകയാണ്. കൂടുതൽ സന്നദ്ധ സേവകരെ വരും ദിവസങ്ങളിൽ രംഗത്തിറക്കും: കാന്തപുരം പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ കോവിഡ് പ്രവർത്തനവുമായി ബന്ധപ്പെട്ട നേരത്തെയും മുസ്‌ലിം ജമാഅതിന്റെ നേതൃത്വത്തിൽ ആവശ്യമായ ഇടപെടലുകൾ നേരത്തെയും നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി കുടുംബങ്ങൾക്കായി നാട്ടിൽ എസ് വൈ എസ് സാന്ത്വനം കമ്മറ്റികൾ മുഖേന ചെയ്യുന്ന  ഭക്ഷണം -മരുന്ന് വിതരണം, ആശുപത്രി സഹായങ്ങൾ എന്നിവ കോൺഫറൻസിൽ വിലയിരുത്തി.

കർമ്മസമിതി അംഗങ്ങൾ:
നിസാർ സഖാഫി, ഹമീദ് ചാവക്കാട് (ഒമാൻ), കരീം ഹാജി, ബഷീർ പുത്തുപ്പാടം (ഖത്തർ), അസീസ് സഖാഫി മമ്പാട്,  ശരീഫ് കാരശ്ശേരി, അബ്ദു സലാം സഖാഫി എരഞ്ഞിമാവ്,  മുസ്തഫ ദാരിമി (യു എ ഇ), അഡ്വ. തൻവീർ, തെഞ്ചേരി അലവി സഖാഫി(കുവൈത്ത്), സയ്യിദ് ഹബീബ് തങ്ങൾ, ബഷീർ എറണാകുളം (സഊദി അറേബ്യ),  എം സി അബ്ദുൽ കരീം, വി കെ അബൂബക്കർ ഹാജി(ബഹ്‌റൈൻ), സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി,  വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി,  സയ്യിദ് ത്വാഹാ തങ്ങൾ, മജീദ് കക്കാട്, സി.പി സൈതലവി ചങ്ങര, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, യഅ്ഖൂബ് ഫൈസി, സി കെ റാശിദ് ബുഖാരി. പുറമെ, ഓരോ രാജ്യങ്ങളിലെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക കമ്മറ്റികൾക്കും രൂപം നൽകി.

Latest