Connect with us

National

90ഓളം വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ എക്‌സ്പ്രസിനോട് റിപ്പോര്‍ട്ട് തേടി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം

200 ഓളം ജീവനക്കാര്‍ കൂട്ട അവധി എടുത്തതോടെയാണ് സര്‍വീസുകള്‍ മുടങ്ങിയത്.

Published

|

Last Updated

ന്യൂഡല്‍ഹി |  കൂട്ടത്തോടെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതില്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. 200 ഓളം ജീവനക്കാര്‍ കൂട്ട അവധി എടുത്തതോടെയാണ് സര്‍വീസുകള്‍ മുടങ്ങിയത്. ഇന്നലെ രാത്രി മുതല്‍ ഇതുവരെ 90 ഓളം വിമാനങ്ങള്‍ ആണ് എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്.വിമാനങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് ഡിജിസിഎ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രശ്നങ്ങള്‍ ഉടനടി പരിഹരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

ഇതിന് പുറമെ ഡിജിസിഎ മാനദണ്ഡങ്ങള്‍ക്കനുസൃതമായി യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ എയര്‍ലൈനിനോട് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മുതിര്‍ന്ന കാബിന്‍ ക്രൂ അംഗങ്ങള്‍ കൂട്ട അവധിയെടുത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്നലെ മുതല്‍ 80-ലധികം അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങള്‍ റദ്ദാക്കി. റീഫണ്ടും മറ്റ് എയര്‍ലൈനുകളിലെ സര്‍വീസുകള്‍ വാഗ്ദാനം ചെയ്തിട്ടും യാത്രക്കാര്‍ തൃപ്തരല്ലായിരുന്നു

കൊച്ചി, കോഴിക്കോട്, ബാംഗ്ലൂര്‍ എന്നിവയുള്‍പ്പെടെ വിവിധ വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. ജീവനക്കാര്‍ക്കിടയിലെ അതൃപ്തിയാണ് കൂട്ടത്തോടെ അസുഖ അവധിയെടുക്കാന്‍ കാരണമെന്നാണ് അറിയുന്നത്. ഒരുമിച്ചുള്ള സിക്ക് ലീവ് എടുത്തതിന്റെ കാരണങ്ങള്‍ മനസിലാക്കാന്‍ ക്യാബിന്‍ ക്രൂ അംഗങ്ങളുമായി ചര്‍ച്ച നടത്തുകയാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.

 

Latest