Connect with us

Covid19

കൊവിഡ് 19 അടിയന്തര പ്രതികരണ പാക്കേജിന് കേന്ദ്രത്തിന്റെ അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കൊവിഡ് 19 അടിയന്തര പ്രതികരണ തയാറെടുപ്പു പാക്കേജിന് കേന്ദ്രം അംഗീകാരം നല്‍കി. ദേശീയ, സംസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിക്കൂടിയുള്ളതാണ് പദ്ധതി. ഇത് നടപ്പാക്കുന്നതിനായുള്ള ഫണ്ട് പൂര്‍ണമായും കേന്ദ്രത്തിന്റെതായിരിക്കും. 2020 ജനുവരി മുതല്‍ 2024 മാര്‍ച്ച് വരെ മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ വന്ദന ഗുര്‍നാനി ഒപ്പിട്ട സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍/ കമ്മീഷണര്‍മാര്‍ (ആരോഗ്യം) എന്നിവര്‍ക്ക് സര്‍ക്കുലറിന്റെ പകര്‍പ്പ് അയച്ചുകൊടുത്തിട്ടുണ്ട്. ദേശീയ, സംസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, അവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്ന് എന്നിവയുടെ സംഭരണം, ലാബോറട്ടറികളുടെ സ്ഥാപനം, ബയോ-സെക്യൂരിറ്റി തയ്യാറാക്കല്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒന്നാം ഘട്ടം നടപ്പാക്കുന്നതിനുളള പണം അനുവദിച്ചതായി സര്‍ക്കുലറില്‍ പറയുന്നു.

ജനുവരി 2020 മുതല്‍ ജൂണ്‍ 2020 വരെയാണ് പദ്ധതിയുടെ ആദ്യ ഘ്ട്ടം കൊവിഡ്ആശുപത്രികളുടെയും മറ്റ് ആശുപത്രികളുടെയും വികസനമാണ് ഈ ഘട്ടത്തിള്‍ ഉള്‍പ്പെടുന്നത്. ഐസൊലേഷന്‍ ബ്ലോക്കുകള്‍, വെന്റിലേറ്ററുകളുള്ള ഐ സി യു, ആശുപത്രികളിലെ ഓക്സിജന്‍ വിതരണം, ആശുപത്രികളിലെ ലാബോറട്ടറികള്‍ ശക്തിപ്പെടുത്തല്‍, ആവശ്യമെങ്കില്‍ പുതിയ നിയമനം, ജീവനക്കാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് വളണ്ടിയര്‍മാര്‍ എന്നിവര്‍ക്കുള്ള ഇന്‍സെന്റീവ് എന്നിവയെല്ലാം ആദ്യ ഘട്ടത്തില്‍ പെട്ടതാണ്. പി പി ഇ കിറ്റുകള്‍, എന്‍ 95 മാസ്‌കുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ വാങ്ങുന്നതിനും ഈ പണം വിനിയോഗിക്കാം. രണ്ടാം ഘട്ടം 2020 ജൂലൈ മുതല്‍ 2021 മാര്‍ച്ച് വരെയുമാണ്. 2021 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെയാണ് മൂന്നാം ഘട്ടം.

Latest