Connect with us

Covid19

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മൂന്ന് ഘട്ടമായി പിന്‍വലിക്കണമെന്ന് കര്‍മസമതി

Published

|

Last Updated

തിരുവനന്തപുരം |ലോക്ക്ഡൗണ്‍ മൂന്ന് ഘട്ടമായി പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച കര്‍മ സമതി.ഏപ്രില്‍ 15 മുതല്‍ മൂന്ന് ഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്നാണ് കര്‍മസമതി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരിക്കുന്നത്. അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച കേന്ദ്രത്തെ അറിയിക്കും. ആദ്യഘട്ടത്തില്‍ ഒരു വീട്ടില്‍നിന്ന് ഒരാളെ മാത്രമേ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാവൂ എന്നും മൂന്നുമണിക്കൂറിനകം തിരിച്ചുവരണമെന്നും ശുപാര്‍ശയില്‍ പറയുന്നു. മുഖാവരണവും തിരിച്ചറിയല്‍ രേഖയും പുറത്തിറങ്ങുന്നവര്‍ കരുതണം.

ഒന്നാംഘട്ടത്തില്‍ ഏപ്രില്‍ ഏഴുമുതല്‍ 13 വരെയുള്ള വിലയിരുത്തല്‍ കാലത്ത് ഒരു പുതിയ രോഗിപോലും ആ ജില്ലയിലുണ്ടാകരുത്. ഈ കാലത്ത് ജില്ലയില്‍ വീട്ടില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം പത്തുശതമാനത്തില്‍ കൂടരുത്. ജില്ലയില്‍ ഒരിടത്തും ഹോട്ടസ്‌പോട്ടുകള്‍ ഉണ്ടാകരുത്.

ഒന്നാംഘട്ടത്തില്‍ വീടിനു പുറത്തേക്ക് ഇറങ്ങുന്നതിന് ആളുകള്‍ക്ക് തടസ്സമില്ല. എന്നാല്‍ മാസ്‌ക് നിര്‍ബന്ധമായി ധരിച്ചിരിക്കണം. തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം. ഒരു വീട്ടില്‍നിന്ന് ഒരാള്‍ക്കേ പുറത്തിറങ്ങാനാകൂ. മൂന്നുമണിക്കൂറേ ഇവര്‍ക്ക് വീടിനു പുറത്ത് ചിലവഴിക്കാനാകൂ. സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തണം.

ആരോഗ്യപ്രവര്‍ത്തകരെയും മറ്റും കൊണ്ടുപോകുന്ന ബസുകളില്‍ ആളുകളെ നിര്‍ത്തിക്കൊണ്ടുപോകരുത്. സീറ്റിങ് കപ്പാസിറ്റി അനുസരിച്ചേ കൊണ്ടുപോകാവൂ. 65വയസ്സിനു മുകളില്‍ പ്രായമുള്ള കാന്‍സര്‍, പ്രമേഹം,രക്താതിസമ്മര്‍ദ രോഗികളെ പുറത്തുവിടരുതെന്ന് നിര്‍ദേശമുണ്ട്. ഒറ്റഇരട്ട അക്കങ്ങള്‍ അനുസരിച്ച് സ്വകാര്യവാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നിരത്തിലിറക്കാം.എന്നാല്‍ ആരാധനാലയങ്ങള്‍ അടച്ചിടണം. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കണം. മരണാനന്തര ചടങ്ങുകളില്‍ ആളുകള്‍ കൂടരുത്. റെയില്‍വ്യോമ മാര്‍ഗത്തില്‍ സംസ്ഥാനത്തേക്ക് ജനങ്ങളെ അനുവദിക്കരുത്. എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ജൂവലറി എന്നിവ തുറന്നുപ്രവര്‍ത്തിക്കരുത്.

രണ്ടാംഘട്ടത്തില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കു വരെ പങ്കെടുക്കാം. അന്തര്‍ജില്ലാ ബസുകള്‍ക്ക് സര്‍വീസ് നടത്താം. ഓട്ടോയ്ക്കും ടാക്‌സികള്‍ക്കും നിബന്ധനകളോടെ സര്‍വീസ് നടത്താം.

മൂന്നാംഘട്ടത്തില്‍, ആ ജില്ലയില്‍ ഒരു രോഗിപോലും വിലയിരുത്തല്‍ കാലഘട്ടത്തില്‍ ഉണ്ടാകാന്‍ പാടില്ല. അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ ആരംഭിക്കാം. ആഭ്യന്തരവിമാന സര്‍വീസുകള്‍ ആരംഭിക്കാം. വിദേശത്തുനിന്ന് മലയാളികളെ കൊണ്ടുവരാം. മറ്റ് യാത്രികരെ ഒഴിവാക്കാം. മാളുകളും ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകള്‍ക്കുംനിയന്ത്രണങ്ങളോടെ പ്രവര്‍ത്തിപ്പിക്കാം. വിവാഹത്തിനും മരണാന്തര ചടങ്ങുകള്‍ക്കും മൂന്നാംഘട്ടത്തിലും നിയന്ത്രണങ്ങള്‍ ഉണ്ടാകും.

Latest