Connect with us

Kerala

സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി; പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം: ഐ എ എം ഇ

Published

|

Last Updated

മലപ്പുറം | കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ സ്‌കൂള്‍ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സ്വകാര്യ സ്‌കൂളുകളുടെ കൂട്ടായ്മയായ ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജ്യുക്കേഷന്‍(ഐ എ എം ഇ) സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാറിനോടാവശ്യപ്പെട്ടു.

സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഭീമമായ ഫീസ് കുടിശ്ശിക പിരിച്ചെടുക്കല്‍ നിര്‍ത്തിവെച്ചതും പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ഇനി ഒരറിയിപ്പുണ്ടാക്കുന്നത് വരെ നീട്ടി വെച്ചതുമാണ് ഈ മേഖലയെ തകര്‍ച്ചയിലെത്തിച്ചിരിക്കുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പുതിയ അഡ്മിഷനുകളാണ് സ്വകാര്യ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയെ പിടിച്ചുനിര്‍ത്തുന്നത്. ഈ സമയത്ത് സര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഓണ്‍ലൈന്‍ പ്രവേശന നടപടി ക്രമങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ ടി സി, പ്രോഗ്രസ്സ് കാര്‍ഡ് എന്നിവ തടഞ്ഞു വെക്കാന്‍ പാടില്ല എന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചതിനാല്‍ ഫീസ് കുടിശ്ശിക പിരിച്ചെടുക്കാനും കഴിയുന്നില്ല. ഇതിന് പുറമെ അടുത്ത ഒരു മാസത്തേക്ക് ഫീസ് കുടിശ്ശിക പിരിച്ചെടുക്കുന്നത് പൂര്‍ണമായും നിര്‍ത്തിവെക്കണമെന്നും നിര്‍ദേശിച്ചത് ഈ മേഖലക്ക് ഇരുട്ടടിയായിരിക്കുകയാണ്.

പതിനായിരക്കണക്കിന് അധ്യാപക അനധ്യാപക ജീവനക്കാരാണ് സ്വകാര്യ സ്‌കൂള്‍ വിദ്യാഭ്യാസമേഖലയെ ആശ്രയിച്ച് ജീവിതം പുലര്‍ത്തുന്നത്. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ വഴിയാണ് ഏപ്രില്‍, മെയ് മാസങ്ങളിലെ അവധിക്കാല ശമ്പളം നല്‍കിയിരുന്നത്. അഡ്മിഷന്‍ നിര്‍ത്തിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അവരുടെ അവധിക്കല ശമ്പളത്തെ സാരമായി ബാധിക്കും. കൂടാതെ ഈ മേഖലയില്‍ തുടരുന്ന അനിശ്ചിതത്വം അവരുടെ ജോലി ഭദ്രതയെ കൂടി അസാധാരണമായി ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സ്വകാര്യ സ്‌കൂള്‍ വിദ്യാഭ്യാസമേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ഇതു സംബന്ധിയായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഐ എ എം ഇ പ്രസിഡന്റ് പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ്, ജന:സെക്രെട്ടറി എന്‍ മുഹമ്മദ് അലി,ട്രെഷറര്‍ അഫ്‌സല്‍ കൊളാരി സെക്രെട്ടറിയേറ്റ് അംഗങ്ങളായ നൗഫല്‍ കോഡൂര്‍, കെ എം അബ്ദുല്‍ ഖാദര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി പി എം ഇസ്ഹാഖ് എന്നിവര്‍ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest