Connect with us

Ongoing News

പോത്തന്‍കോട് സമൂഹവ്യാപനമില്ല, നിയന്ത്രണങ്ങള്‍ തുടരും: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് രണ്ടാമത്തെ കൊവിഡ് മരണം നടന്ന തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട്ട് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്ന് മന്ത്രി കടകംപള്ളി സുരന്ദ്രൻ. മരിച്ചയാൾക്ക് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് കണ്ടുപിടിക്കാനായിട്ടില്ല. എന്നാൽ, പോത്തൻകോട് സമൂഹ വ്യാപനത്തിന്റെ അവസ്ഥയില്ലെന്നും മന്ത്രി വ്യക്തമാക്കി. പോത്തൻകോട് പരിശോധന വ്യാപകമാക്കിയിട്ടുണ്ടെന്നും  നിലവിലെ നിയന്ത്രണങ്ങൾ ഒരാഴ്ച്ച തുടരുമെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയോ കർശനമാക്കുകയോ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് മരണത്തിന് ശേഷം പോത്തന്‍കോട് പ്രത്യേക ശ്രദ്ധ നല്‍കി വരുന്നതായി മന്ത്രി കടകംപള്ളി സുരന്ദ്രൻ പറഞ്ഞു.   പോത്തൻകോടിലെയും പരിസരപ്രദേശത്തേയും ആളുകൾ നിരീക്ഷണത്തിൽ കഴിയുന്നത് തുടരും.

ചൊവ്വാഴ്ചയാണ് പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ്  കൊവിഡ് ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന് വൈറസ് ബാധ ഉണ്ടായത് എവിടെ നിന്നാണെന്ന കാര്യത്തിൽ തീരുമാനം ആയിരുന്നില്ല. ഇയാൾ ഒട്ടേറെ ആളുകളുമായി സമ്പർക്കം പുലർത്തുക കൂടി ചെയ്തുവെന്നറിഞ്ഞതോടെ കടുത്ത നിയന്ത്രണങ്ങൾക്ക് സർക്കാർ ഉത്തരവിടുക്കയായിരുന്നു. എന്നാൽ, സമൂഹ വ്യാപനത്തിന്‍റെ സാഹചര്യം നിലവിൽ ഇല്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വിലയിരുത്തുകയും കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കൾക്ക് അടക്കം കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റുകൾ നെഗറ്റീവ് ആവുകയും ചെയ്തു. ഈ സാഹചര്യത്തിൽ പ്രദേശം പൂര്‍ണ്ണമായും അടച്ചുള്ള  കടുത്ത നിന്ത്രണത്തിൽ ഇളവ് വരുത്തി തിരുവനന്തപുരം ജില്ലാ കലക്ടർ ഉത്തരവിറക്കിയിരുന്നു.

അതേസമയം, ഇന്നലെ ഉച്ചക്ക് റേഷൻ കടകളടക്കം പ്രവർത്തിക്കേണ്ട എന്ന ഉത്തരവ് കലക്ടറുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. പിന്നീട് കലക്ടർ തന്നെ അത് പിൻവലിക്കുകയും ചെയ്തു. പോത്തൻകോട് നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവിൽ ആശയക്കുഴപ്പമുണ്ടായതായും മന്ത്രി പറഞ്ഞു. ഏകോപനമില്ലാത്തതാണ് ഉത്തരവിലെ അവ്യക്തതക്ക് കാരണമെന്നും കൂടിയാലോചിച്ച് മാത്രമേ ഉത്തരവുകളിറക്കാവൂ എന്ന് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

Latest