Connect with us

Editorial

മദ്യം പകര്‍ന്ന്‌ മദ്യാസക്തരെ ചികിത്സിക്കരുത്

Published

|

Last Updated

കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍, കേരളത്തില്‍ ഭരണാധികാരികളെയടക്കം പലരെയും അസ്വസ്ഥമാക്കിയത് മദ്യലഭ്യതയെ ഇത് ബാധിക്കുമോ എന്ന ആശങ്കയായിരുന്നു. ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ മറ്റെല്ലാ മേഖലകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ആളുകള്‍ കൂട്ടംകൂടുന്നത് കര്‍ശനമായി നിരോധിക്കുകയും ചെയ്തപ്പോള്‍ ബിവറേജ് ഔട്ട്‌ലെറ്റുകളെ ഈ നിയന്ത്രണത്തില്‍ നിന്നൊഴിവാക്കി സര്‍ക്കാര്‍. അവിടെ കുടിയന്മാര്‍ മദ്യം വാങ്ങാനായി തിക്കും തിരക്കും കൂട്ടുന്നതിന്റെ ഫോട്ടോകള്‍ മാധ്യമങ്ങളില്‍ നിരന്തരം വന്നിട്ടും അധികാരികള്‍ ആദ്യമൊന്നും അത് കണ്ടില്ലെന്നു നടിച്ചു. ഇതിനെതിരെ വിമര്‍ശനം രൂക്ഷമാകുകയും സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ഉയരുകയും ചെയ്തപ്പോഴാണ് ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

എങ്കിലും ഓണ്‍ലൈന്‍ വഴിയോ റേഷന്‍ ഷാപ്പ് വഴിയോ മദ്യം എത്തിച്ച് മദ്യപരുടെ മദ്യപാനശീലം നിലനിര്‍ത്തുന്നതിനെക്കുറിച്ച് ഭരണതലത്തില്‍ പിന്നെയും ആലോചനകള്‍ മുറുകി. ഇതിന്റെ ഭാഗമാണ് മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മദ്യം വിതരണം ചെയ്യാനുള്ള നീക്കം. മദ്യം കിട്ടാത്തത് മൂലം നാലോ അഞ്ചോ പേര്‍ ആത്മഹത്യ ചെയ്തതായുള്ള വാര്‍ത്ത ഉയര്‍ത്തിക്കാണിച്ചാണ് ഈ പദ്ധതി ആസൂത്രണം ചെയ്തത്. മദ്യവിതരണം പാടേ നിലച്ചാല്‍ ഇനിയും ആത്മഹത്യ കൂടുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മദ്യപാനി ഡോക്ടറില്‍ നിന്ന് കുറിപ്പടി വാങ്ങി എക്‌സൈസ് ഓഫീസില്‍ നല്‍കുക. എക്‌സൈസ് അധികൃതര്‍ ഇത് ബിവറേജസിനു കൈമാറും. അവര്‍ മദ്യം ആവശ്യക്കാരന്റെ വീട്ടിലെത്തിച്ചു കൊടുക്കും. ഇതാണ് സര്‍ക്കാര്‍ തയ്യാറാക്കിയ കരടു നിര്‍ദേശം. ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ മദ്യം നല്‍കാമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടുമുണ്ട്.

എന്നാല്‍ ഡോക്ടര്‍മാരെ ആയുധമാക്കി കൊറോണക്കാലത്തും മദ്യക്കച്ചവടം നിലനിര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തോട് ഡോക്ടര്‍മാരുടെ സംഘടനകള്‍ തന്നെ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ തീരുമാനം അധാര്‍മികവും ചികിത്സാ പ്രോട്ടോകോളിന് എതിരുമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐ എം എ) കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും (കെ ജി എം ഒ എ) വ്യക്തമാക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തില്‍ എവിടെയും മദ്യാസക്തി രോഗമുള്ളവര്‍ക്ക് മദ്യം മരുന്നായി ഉപയോഗിക്കുന്ന സമ്പ്രദായമില്ല. ഇതിന് ശാസ്ത്രീയ ചികിത്സയാണ് വൈദ്യശാസ്ത്രം നിര്‍ദേശിക്കുന്നത്. അതിനുള്ള മരുന്നുകളും ലഭ്യമാണ്. മദ്യത്തിന് അടിപ്പെട്ടവര്‍ക്ക് മദ്യം നല്‍കുക എന്നത് അശാസ്ത്രീയമാണ്. അത്തരക്കാരെ വീടുകളില്‍ വെച്ചോ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്‌തോ മരുന്നുകള്‍ നല്‍കി ചികിത്സിക്കണം. സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതു പോലെ ഡോക്ടര്‍മാര്‍ മദ്യ കുറിപ്പടി എഴുതിയാല്‍ അവരുടെ ചികിത്സാ ലൈസന്‍സ് റദ്ദാക്കപ്പെടുന്ന നടപടിയില്‍ വരെ എത്താനിടയാക്കിയേക്കുമെന്നും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ഐ എം എ ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി.

മദ്യാസക്തി സദാചാര പ്രശ്‌നമെന്നതിനൊപ്പം ഗുരുതരമായ ആരോഗ്യ പ്രശ്‌നവുമാണ്. ഓരോ വര്‍ഷവും ലോകത്ത് മൂന്ന് മില്യന്‍ ആളുകള്‍ മദ്യപാനം മൂലം മരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്യാന്‍സര്‍, കരള്‍ രോഗം തുടങ്ങി ഇരുനൂറിലധികം അസുഖങ്ങളാണ് മദ്യപാനം സൃഷ്ടിക്കുന്നത്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2013ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ പ്രതിമാസം 450 പേരുടെ ജീവന്‍ കവരുന്നുണ്ട് മദ്യം. 2014നു ശേഷം മദ്യപാനം മൂലം മരിക്കുന്നവരുടെ എണ്ണം ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിടാറില്ല. അന്നത്തേക്കാള്‍ മദ്യപാനികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ ഇതുമൂലമുള്ള മരണസംഖ്യയിലും ആനുപാതികമായ വര്‍ധനവ് സംഭവിച്ചിരിക്കും. പുതിയ തലമുറയില്‍ നിത്യോപയോഗ വസ്തുക്കളുടെ ഭാഗമായി മാറിയിട്ടുണ്ട് മദ്യം.
വളരെ വലുതാണ് മദ്യപാനത്തിന്റെ സാമൂഹിക ദുരന്തങ്ങള്‍. ലൈംഗികാതിക്രമം, കൊലപാതകം, മോഷണം, പിടിച്ചുപറി, ഗാര്‍ഹിക പീഡനം, കുടുംബ ശൈഥില്യം തുടങ്ങിയ കുറ്റകൃത്യങ്ങളുടെയും സാമൂഹിക ജീര്‍ണതകളുടെയും വര്‍ധനവിന്റെ പ്രധാന ഘടകം മദ്യപാനമാണെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മദ്യപാനത്തെ തുടര്‍ന്നുള്ള ആത്മഹത്യകളും കുറവല്ല. മദ്യവിതരണം നിലച്ചത് മൂലം നടന്നതായി പറയപ്പെടുന്ന നാലോ അഞ്ചോ ആത്മഹത്യകളെക്കുറിച്ചു വേവലാതി കൊള്ളുന്നവര്‍ മദ്യപാനം മൂലം സംഭവിക്കുന്ന നൂറുകണക്കിന് ആത്മഹത്യകള്‍ കണ്ടില്ലെന്നു നടിക്കുകയാണ്.

മദ്യാസക്തിയുള്ളവര്‍ മദ്യം പൊടുന്നനെ കിട്ടാതാകുമ്പോള്‍ ചില അസ്വസ്ഥതകളും ചേഷ്ടകളും കാണിച്ചെന്നു വരാം. അത് ചികിത്സയിലൂടെയും ബന്ധുക്കളുടെ പരിചരണത്തിലൂടെയും ക്രമേണ കുറച്ചുകൊണ്ട് വരാവുന്നതേയുള്ളൂ. ഏതാനും ദിവസങ്ങള്‍ കഴിയുന്നതോടെ അവര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയ്യും. അതേസമയം മദ്യപാനം സൃഷ്ടിക്കുന്ന മാനസിക അസ്വസ്ഥതകളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം മദ്യം ലഭ്യമാകുന്ന കാലത്തോളം ഇല്ലാതാക്കാനോ കുറക്കാനോ സാധിക്കില്ല.
ജനനന്മ ആഗ്രഹിക്കുന്ന ഭരണകൂടം മദ്യാസക്തര്‍ക്ക് മദ്യം എത്തിച്ചു കൊടുത്ത് അവരുടെ മദ്യപാന ശീലം നിലനിര്‍ത്തുന്നതിനു പകരം മദ്യപന്മാരെ ആ ദുശ്ശീലത്തില്‍ നിന്ന് പൂര്‍ണമായും മോചിപ്പിക്കാനുള്ള അവസരമായി ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അതുവഴി മദ്യമുക്ത കേരളമെന്ന പതിറ്റാണ്ടുകളായുള്ള നമ്മുടെ സ്വപ്‌നം പൂവണിയട്ടെ. സര്‍ക്കാര്‍ വരുമാനത്തില്‍ അത് അല്‍പ്പം കുറവ് വരുത്തിയേക്കാം. എന്നാല്‍ കുടുംബ, സാമൂഹിക ജീവിതത്തില്‍ അതുണ്ടാക്കുന്ന ഗുണകരമായ മാറ്റങ്ങള്‍ക്കാണ് ഇതിനേക്കാളും പ്രാമുഖ്യം നല്‍കേണ്ടത്. സാംസ്‌കാരിക കേരളത്തിന്റെ മുഖച്ഛായ തന്നെ അത് മാറ്റിമറിക്കും. മാത്രമല്ല, മദ്യപാനം ഇല്ലാതാകുന്നതു വഴി കുറ്റകൃത്യങ്ങളുടെയും വാഹനാപകടങ്ങളുടെയും തോതില്‍ ഗണ്യമായ കുറവുവരും. അതുവഴി ഈയിനത്തില്‍ സംസ്ഥാന ഖജനാവിനുണ്ടാകുന്ന വന്‍ സാമ്പത്തിക ബാധ്യത ഇല്ലാതാകുകയും ചെയ്യും.