Connect with us

Kerala

അല്‍പം അയഞ്ഞ് കര്‍ണാടക; വയനാട്, കണ്ണൂര്‍ അതിര്‍ത്തികളിലെ റോഡുകള്‍ മാത്രം തുറക്കാം

Published

|

Last Updated

കൊച്ചി | ലോക്ക് ഡൗണിന്റെ പേരില്‍ അടച്ച അതിര്‍ത്തികള്‍ തുറക്കുന്നതില്‍ അല്‍പം അയഞ്ഞ് കര്‍ണാടക. വയനാട്, കണ്ണൂര്‍ അതിര്‍ത്തികളിലെ റോഡുകള്‍ മാത്രം തുറക്കാമെന്ന നിലപാട് കര്‍ണാടക ഹൈക്കോടതിയില്‍ അറിയിച്ചു. അതേസമയം, കാസര്‍കോട് അതിര്‍ത്തി തുറക്കാന്‍ കഴിയില്ലെന്നും തങ്ങളുടെ സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്ക മനസ്സിലാക്കണമെന്നും കര്‍ണാടക വ്യക്തമാക്കി. മംഗലാപുരത്തെ ആശുപത്രിയിലെത്തുന്നതിന് രോഗികളെയും വഹിച്ച് അതിര്‍ത്തിയിലെത്തിയ ആംബുലന്‍സുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മരണങ്ങള്‍ സംഭവിച്ചിരുന്നു. ഇതോടെ കര്‍ണാടകയുടെ നിലപാട് കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കുകയും വിഷയം കോടതി കയറുകയുമായിരുന്നു.

കാസര്‍കോട് അതിര്‍ത്തിയിലെ റോഡ് ആശുപത്രി ആവശ്യത്തിനായി തുറന്നു നല്‍കണമെന്ന് ഹൈക്കോടതി ജഡ്ജിമാര്‍ തന്നെ കര്‍ണാടക എ ജിയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഇരിട്ടി-കൂര്‍ഗ്-വിരാജ്‌പേട്ട് റോഡ് തുറക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോടുള്ള തീരുമാനം ബുധനാഴ്ച അറിയിക്കാമെന്ന് കര്‍ണാടകം കോടതിയില്‍ വ്യക്തമാക്കി. കര്‍ണാടക എ ജിയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹൈക്കോടതിയെ നിലപാട് അറിയിച്ചത്.

Latest