Connect with us

Covid19

കൊവിഡിന് പ്രവേശനമില്ല; പ്രതിരോധം തീര്‍ത്ത് നിലകൊള്ളുകയാണ് ഈ കൊച്ചു രാഷ്ട്രങ്ങള്‍

Published

|

Last Updated

പലാവു | കൊവിഡ് വൈറസ് ലോകവ്യാപകമായി മാരകമായ തോതില്‍ പിടിമുറുക്കുകയും അഞ്ചു ലക്ഷത്തിലധികം പേരെ ബാധിക്കുകയും ചെയ്തപ്പോഴും ഇതില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു വിദൂര മേഖലകളിലുള്ള ചില രാഷ്ട്രങ്ങള്‍. ഉത്തര പസിഫിക്കിനോടു ചേര്‍ന്നു കിടക്കുന്ന പലാവു ദ്വീപ് അവയിലൊന്നാണ്. 18,000 പേര്‍ അധിവസിക്കുന്ന ഇവിടെ ഇതുവരെ ഒരാള്‍ക്കും കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടില്ല. പസിഫിക്കിനാല്‍ ചുറ്റപ്പെട്ട്‌
സമുദ്രത്തിലെ ഒരു പൊട്ടു പോലെ കാണപ്പെടുന്ന ഈ രാജ്യത്തിന്റെ ഏറ്റവുമടുത്ത അയല്‍ മേഖലകള്‍ പോലും നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെയാണ്. കൊവിഡ് വിരുദ്ധ മേഖലയായി ഈ കൊച്ചു രാജ്യം അടയാളപ്പെട്ടു കഴിഞ്ഞു.

കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതു കാരണം വൈറസിനെ തടഞ്ഞുനിര്‍ത്തിയ മറ്റു ചില രാഷ്ട്രങ്ങളും മേഖലയിലുണ്ട്. ടോംഗ, സോളമന്‍ ദ്വീപുകള്‍, മാര്‍ഷല്‍ ദ്വീപുകള്‍, മിക്രോണേഷ്യ തുടങ്ങിയവ അതില്‍ പെട്ടതാണ്. സമോവ, തുര്‍ക്‌മെനിസ്ഥാന്‍, ഉത്തര കൊറിയ, അന്റാര്‍ട്ടിക്കന്‍ ഭൂഖണ്ഡത്തിലെ തണുത്തുറഞ്ഞ ചില ഭാഗങ്ങള്‍ എന്നിവയും പ്രതിരോധം തീര്‍ത്ത് നില്‍ക്കുന്നു.
എന്നാല്‍ ഉള്‍പ്രദേശമായതു കൊണ്ട് മാത്രം പുതിയ വൈറസിനെ തടഞ്ഞു നിര്‍ത്താനാകുമെന്ന് ഇത് അര്‍ഥമാക്കുന്നില്ല. പലാവുവിന് വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഉത്തര മരിയാന ദ്വീപുകള്‍ ഇതിന് ഉദാഹരണമാണ്. കഴിഞ്ഞാഴ്ചയോടെ തന്നെ ഇവിടെ കൊവിഡ് കേസുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച ഒരു മരണവും ഇവിടെ സംഭവിച്ചു.

പലാവുവിലും ആശങ്കക്കിടയാക്കി കൊവിഡ് എന്ന് സംശയിക്കുന്ന ഒരു കേസ് കണ്ടെത്തിയിട്ടുണ്ട്. വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ഇയാളെ നിരീക്ഷണത്തിലാക്കുകയും സ്രവം പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

Latest