Connect with us

Covid19

പ്രാര്‍ഥനാ ചടങ്ങില്‍ പങ്കെടുത്തത് രണ്ടായിരത്തോളം പേര്‍; നിസാമുദ്ദീനില്‍ സ്ഥിതി സങ്കീര്‍ണം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് ബാധിച്ച് ആറ് തെലങ്കാന സ്വദേശികള്‍ മരിച്ച ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ പരിഭ്രാന്തി പടരുന്നു. സാമൂഹിക വ്യാപനത്തിന്റെ സൂചനകളില്ലെന്ന് കേന്ദ്ര അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴും ഇവിടെ ശക്തമായ നിരീക്ഷണവും നടപടികളും നടന്നുവരികയാണ്. ഡല്‍ഹിയില്‍ ഹസ്‌റത് നിസാമുദ്ദീനിലെ ബംഗ്ലെ വാലി മസ്ജിദില്‍ വച്ച് മാര്‍ച്ച് 13 നും 15 നും ഇടയില്‍ നടന്ന തബ്‌ലീഹ് ജമാഅത്തില്‍ പങ്കെടുത്തവരാണ് മരിച്ച തെലങ്കാന സ്വദേശികള്‍.

തായ്‌ലന്‍ഡ്, ഫിലിപ്പൈന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിച്ചതോടെ നിസാമുദ്ദീനില്‍ ആളുകളെ കൂട്ടത്തോടെ പരിശോധനക്കു വിധേയരാക്കുകയാണ്. പലരെയും ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. പരിശോധനക്കായി ഇവിടെ നീണ്ട വരികള്‍ രൂപപ്പെട്ടിട്ടുണ്ട്. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 400 ഓളം പേര്‍ ഇപ്പോഴും മര്‍കസില്‍ കഴിയുന്നുണ്ട്. ഇവരുടെയെല്ലാം പേരുവിവരങ്ങള്‍ രേഖപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഇതുവരെ 860 ഓളം പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇവരില്‍ 170 പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെന്നുമാണ് വിവരം. ഇനിയും മുന്നൂറോളം പേരെ മാറ്റാന്‍ ബാക്കിയാണ്. നിസ്സാമുദ്ദീനു സമീപത്തെ ഓള്‍ഡ് ദില്ലിയിലെ ലോക്‌നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയാണ് നിലവില്‍ നിരീക്ഷണകേന്ദ്രമാക്കിയിട്ടുള്ളത്. കൂടുതല്‍ പേരെ നിരീക്ഷണത്തിലാക്കേണ്ട സ്ഥിതിയുള്ളതിനാല്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം കൂടി നിരീക്ഷണ കേന്ദ്രമാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിസാമുദ്ദീന്‍, കേരളത്തിലെ കാസര്‍കോട്, പത്തനംതിട്ട എന്നിവയുള്‍പ്പെടെ രാജ്യത്തെ പത്ത് സ്ഥലങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട മേഖലകളായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

തെലങ്കാനയിലെ പന്ത്രണ്ട് ജില്ലകളില്‍ നിന്നുള്ളവര്‍ നിസാമുദ്ദീനിലെ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. 380 പേരെ ഇതുവരെ തിരിച്ചറിഞ്ഞതായി സര്‍ക്കാര്‍ വെളിപ്പെടുത്തി. തമിഴ്നാട്ടില്‍ നിന്ന് പങ്കെടുത്തത് 1500 ല്‍ പരം പേരാണെന്നത് സ്ഥിതി അതീവ ഗുരുതരമാക്കുന്നു. തമിഴ്‌നാട്ടില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 16 പേര്‍ ചടങ്ങില്‍ പങ്കെടുത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കോയമ്പത്തൂരില്‍ ആറു പേരെയും സേലത്ത് നാലു പേരെയും തിരിച്ചറിഞ്ഞു. ഇവരെല്ലാം ഡല്‍ഹിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് മടങ്ങിയത് ട്രെയിന്‍ മാര്‍ഗമാണെന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. നിസാമുദ്ദീനിലെ ചടങ്ങില്‍ പങ്കെടുത്തവര്‍ ആരോഗ്യ വകുപ്പുമായി ഉടന്‍ ബന്ധപ്പെടണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിസാമുദ്ദീനിലെ ചടങ്ങില്‍ പങ്കെടുത്ത വിദേശികള്‍ തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്.

കോയമ്പത്തൂരിലെ റെയില്‍വേയിലുള്ള മലയാളി ഡോക്ടര്‍ പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുത്തിരുന്നു. നിസാമുദ്ദീനിലെ ചടങ്ങില്‍ പങ്കെടുത്ത തായ്‌ലന്‍ഡ് സ്വദേശികള്‍ ഈറോഡിലും മലേഷ്യന്‍ സ്വദേശികള്‍ ചെന്നൈയിലും പ്രാര്‍ഥനാ ചടങ്ങ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുത്തവരെയെല്ലാം നിരീക്ഷണത്തിലാക്കുമെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. തമിഴ്‌നാട് ഈറോഡ് പെരുന്തുറയിലെ ഒമ്പത് തെരുവുകള്‍ ബഫര്‍ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

ഫിലിപ്പൈന്‍സില്‍ നിന്നെത്തി നിസാമുദ്ദീനിലെ ചടങ്ങില്‍ പങ്കെടുത്ത പത്തംഗ സംഘത്തില്‍ ഉള്‍പ്പെട്ട 65 വയസ്സുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. സംഘത്തില്‍ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നവി മുംബൈയില്‍ ഇവര്‍ തങ്ങിയ ഒരു പള്ളിയുടെ മേധാവിയും കൊവിഡ് പോസിറ്റീവാണ്. ഇദ്ദേഹത്തിന്റെ മകനും പേരമകനും വീട്ടിലെ വേലക്കാരിക്കും വൈറസ് ബാധിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest