Connect with us

Kerala

റേഷൻ കടകളിലൂടെ മദ്യം: പോസ്റ്റിട്ട യൂത്ത് ലീഗ് നേതാവിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Published

|

Last Updated

ഗുലാം ഹസൻ ആലംഗീർ

പെരുവള്ളൂർ | റേഷൻ കടകളിലൂടെ മദ്യം വിതരണം ചെയ്യണമെന്ന് യൂത്ത് ലീഗ് നേതാവ്. മലപ്പുറം ജില്ലാ യൂത്ത് ലീഗ് ജോയിന്റ് സെക്രട്ടറിയായ പെരുവള്ളൂർ കൂമണ്ണ ചെനക്കൽ സ്വദേശി ഗുലാം ഹസ്സൻ ആലംഗീറാണ് ഈ ആവശ്യമുന്നയിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പോസ്റ്റ് വൈറലയാതിനെ തുടർന്ന് യൂത്ത് ലീഗ് നേതാവിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. സോഷ്യൽ മീഡിയ വഴി സംഘടനാ വിരുദ്ധ നിലപാട് പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നടപടിയയെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ബിവറേജ് ഔട്ട്‌ലെറ്റുകൾ അടച്ചിട്ടതോടെ മദ്യത്തിന്റെ ലഭ്യത സർക്കാർ അപ്പാടെ ഇല്ലാതാക്കിയെന്നും അതുവഴി ഉണ്ടാകാനിടയുള്ള എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്വം പ്രതിപക്ഷ കക്ഷികളുടെ മേൽ കെട്ടിവെക്കാനുള്ള കുത്സിത നീക്കമാണെന്നും ഗുലാം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. മദ്യപാനികൾ അടക്കമുള്ള ചെറുന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാനും അത് പരിഹരിക്കാനും സർക്കാറിന് ബാധ്യതയുണ്ടെന്നും റേഷൻ കടകൾ വഴിയോ മറ്റേതെങ്കിലും സർക്കാർ സംവിധാനങ്ങൾ വഴിയോ സ്ഥിരം മദ്യപാനികൾക്ക് സർക്കാർ മദ്യ ലഭ്യത ഉറപ്പുവരുത്തണമെന്നുമായിരുന്നു ഗുലാമിന്റെ ഫേസ്ബുക് പോസ്റ്റ്.

ബിവറേജ് ഔട്ട്‌ലെറ്റുകളടക്കം അടച്ചിടണമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് മദ്യം ലഭ്യമാക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് നേതാവ് രംഗത്തെത്തിയത്.
പാർട്ടിക്കുള്ളിൽ നിന്നടക്കം വിമർശനം ഉയർന്നതോടെ ഗുലാം ഹസൻ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. മദ്യത്തെ മഹത്വവത്കരിക്കുകയല്ല താൻ ചെയ്തതെന്നും പെട്ടെന്ന് മദ്യം നിർത്തുന്നത് കൊണ്ട് ഉണ്ടാകുന്ന സാമൂഹിക അരാജകത്വത്തെയും അതിലൂടെ പ്രതിപക്ഷത്തിന് മേൽ ആ കുറ്റം ചാർത്തിക്കൊടുക്കാൻ കാത്തിരിക്കുന്ന ഭരണപക്ഷത്തെയും ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പുതിയ പോസ്റ്റിൽ വിശദീകരിച്ചു.

Latest