Kerala
നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണം; പായിപ്പാട്ട് ആയിരത്തില്‍ പരം അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി

പായിപ്പാട് | കോട്ടയം ചങ്ങനാശ്ശേരിയിലെ പായിപ്പാട്ട്നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ ആയിരത്തില്‍ പരം പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും കേള്‍ക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശി തടിച്ചുകൂടിയവരെ ഓടിച്ചു. പിന്നീട് ജില്ലാ കലക്ടര്‍ പി കെ സുധീര്‍ബാബു ഉള്‍പ്പടെയുള്ള അധികൃതര്‍ അതിഥി തൊഴിലാളികളില്‍ ചിലരുമായി സംസാരിക്കുകയും അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി തിരിച്ചയക്കുകയും ചെയ്തു.
ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്ന ആരോപണം മാധ്യമ പ്രവര്‍ത്തകരോട് ചിലര്‍ ഉന്നയിച്ചു. എന്നാല്‍, അങ്ങനെയൊരു സാഹചര്യമില്ലെന്നും അതിഥി തൊഴിലാളികളാരും തന്നോടോ മറ്റു ജില്ലാ അധികൃതരോടോ ഭക്ഷണം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ടിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. സ്വന്തം നാട്ടിലേക്ക് പോകണമെന്നതാണ് അവരുടെ ആവശ്യമെന്നും അതിന് സൗകര്യം ചെയ്യാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഭക്ഷണത്തിനും താമസത്തിനും തൊഴിലാളികള്‍ക്ക് യാതൊരു പ്രയാസവുമുണ്ടാകില്ല. നാട്ടില്‍ പോകാനാകുമെന്ന് ആരോ ഇവരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതായി സംശയിക്കുന്നുവെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. കോട്ടയം എസ് പി. ജയദേവാണ് പോലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.
രാവിലെ പതിനൊന്നോടെയാണ് പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ പൊതുനിരത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. തിരുവല്ല എം എല്‍ എ. മാത്യു ടി തോമസും പിന്നീട് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.