Connect with us

Kozhikode

ഐസൊലേഷൻ വാർഡുകളിൽ നഴ്‌സുമാർക്ക് 12 മണിക്കൂർ ജോലി

Published

|

Last Updated

കോഴിക്കോട് | മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് 19 ഐസൊലേഷൻ വാർഡുകളിൽ ചികിത്സയിൽ കഴിയുന്ന കൊറോണ രോഗികൾക്ക് അന്നവും മരുന്നും നൽകി പരിചരിക്കുന്ന നഴ്‌സുമാർ രാത്രി ഷിഫ്റ്റിൽ 12 മണിക്കൂർ ജോലിയെടുക്കണമെന്ന നിബന്ധനയിൽ പ്രതിഷേധം പുകയുന്നു. പി പി കിറ്റും മറ്റും ധരിച്ച് ഇത്രയും സമയം ജോലിയെടുക്കാനാകില്ലെന്ന് നഴ്‌സുമാർ മേലധികാരികളെ അറിയിച്ചിട്ടുണ്ട്.

ഐസൊലേഷൻ വാർഡുകളിൽ മൂന്ന് ഷിഫ്റ്റുകളായിട്ടാണ് നഴ്‌സുമാർക്ക് ജോലി നൽകിയിരിക്കുന്നത്. രാവിലെ 7.30 മുതൽ ഉച്ചക്ക് 1.30, 1.30 മുതൽ വൈകുന്നേരം 7.30, വൈകുന്നേരം 7.30 മുതൽ രാവിലെ 7. 30 എന്നിങ്ങനെയാണിത്. ഐസൊലേഷൻ വാർഡുകൾ, ഐ സി യു, ഹെൽപ് ഡെസ്‌ക്ക് എന്നീ മൂന്ന് സംവിധാനങ്ങളിലേക്കായി പത്ത് പേരെയാണ് നിയോഗിച്ചിരിക്കുന്നത്. പേഴ്‌സണൽ പ്രൊട്ടക്ഷൻ കിറ്റും എൻ 95 മാസ്‌കും ധരിച്ചാണ് ജോലിയെടുക്കേണ്ടത്.

സ്വാഭാവികമായും ഈ കിറ്റ് ധരിക്കുന്ന ആൾക്ക് അത്രയും സമയം വെള്ളം കുടിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും വലിയ പ്രയാസമാണ്. അത്രയും അത്യാവശ്യമെങ്കിൽ കിറ്റ് അഴിച്ച് കുളിച്ച ശേഷം വെള്ളം കുടിക്കുകയോ മറ്റോ ചെയ്യാം. സാധാരണ ഗതിയിൽ ഡ്യൂട്ടി കഴിഞ്ഞ് പി പി കിറ്റ് അഴിച്ചുവെച്ച ശേഷമാണ് നഴ്‌സുമാരും മറ്റും പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കുക. ആറ് മണിക്കൂർ ജോലിയെടുക്കുന്ന ആൾക്ക് ഇതിന് വലിയ പ്രയാസം ഉണ്ടാകില്ല. എന്നാൽ, ജോലി 12 മണിക്കൂർ ആകുന്നതോടെ ജോലിയെടുക്കുന്ന നഴ്‌സ് വലിയ പ്രതിസന്ധിയിലാകുമെന്നുറപ്പാണ്.

നിപാ ബാധിത സമയത്ത് ഒരു നഴ്‌സിന് ഒമ്പത് ദിവസം ആറ് മണിക്കൂർ വീതമായിരുന്നു ഡ്യൂട്ടി നൽകിയിരുന്നത്. ഒമ്പത് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം പതിനാല് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയും. എന്നാൽ, പുതിയ സാഹചര്യത്തിൽ രാത്രിയിലെ ഡ്യൂട്ടി സമയം ക്രമീകരിക്കാത്തത് സംബന്ധിച്ച് നഴ്‌സുമാർക്കിടയിൽ അസ്വസ്ഥത പുകയുകയാണ്.

 

ആയിരം പി പി കിറ്റ് എത്തി

കോഴിക്കോട് | മെഡിക്കൽ കോളജിലേക്ക് ആയിരം പേഴ്‌സണൽ പ്രൊട്ടക്ഷൻ കിറ്റ് (പി പി കിറ്റ്) കൂടി എത്തി. കൊറോണ ബാധിതരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടേയും എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പി പി കിറ്റ് കൂടുതൽ എത്തിച്ചത്. പി പി കിറ്റ് ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന പരാതി ഉണ്ടായിരുന്നു.
ഒരു കിറ്റിന് 800 രൂപയോളം വില വരും. പി പി കിറ്റ് ഒരു തവണ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീടത് നശിപ്പിക്കുകയാണ് പതിവ്.