Connect with us

Kerala

ജാഗ്രതക്ക് വഴികാട്ടിയായി നിപ്പാ കാലത്തെ ഖബറടക്കം

Published

|

Last Updated

കോഴിക്കോട് | കൊവിഡ് 19 പിടിപെട്ട് മലയാളി ഇന്നലെ മരണത്തിന് കീഴടങ്ങിയപ്പോൾ രണ്ടു വർഷം മുമ്പ് കേരളത്തെ പിടിച്ചു കുലുക്കിയ നിപ്പാ മരണങ്ങൾ ഓർത്തെടുക്കുകയാണ് ചില അനുഭവസ്ഥർ. അന്ന് നമ്മൾ കാട്ടിയ ജാഗ്രതയും മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിൽ സ്വീകരിച്ച കരുതലുകളുമെല്ലാം പുതിയ സംഭവങ്ങളിൽ വഴികാട്ടി കൂടിയാണ്.
കോഴിക്കോട്ടെ പുരാതനമായ കണ്ണംപറമ്പ് ജുമുഅത്ത് പള്ളിയുടെ ജനറൽ സെക്രട്ടറിയാണ് എം പി സക്കീർ ഹുസൈൻ. നിപ്പാ വൈറസ് ബാധയേറ്റ് മരണമടഞ്ഞയാളുടെ മയ്യിത്ത് ആശങ്കകളേതുമില്ലാതെ തന്റെ ഭാരവാഹിത്വത്തിലുള്ള ഖബർസ്ഥാനിൽ സംസ്‌കരിക്കാമെന്ന് ഏറ്റെടുത്ത പൊതുപ്രവർത്തകരിൽ ഒരാൾ.

2018 മെയ് 24 വ്യാഴം രാവിലെ 11 മണി. കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന യു വി ജോസിന്റെ ഫോൺ കോൾ. നിപ്പാ ബാധിച്ച് പേരാമ്പ്ര പന്തീരിക്കര സൂപ്പിക്കടയിലെ വളച്ചുകെട്ടിയിൽ മൂസ മുസ്‌ലിയാർ മരണപ്പെട്ട വിവരം അറിയില്ലേയെന്ന് ചോദ്യം. അതേയെന്ന മറുപടിക്ക് പിന്നാലെ യു വി ജോസ് ഒരു കാര്യം പറഞ്ഞുവെച്ചു.
മൂസ മുസ്‌ലിയാരുടെ മയ്യിത്ത് മറവ് ചെയ്യാൻ കണ്ണംപറമ്പിൽ സൗകര്യമൊരുക്കാനാവുമോ? അല്ലെങ്കിൽ ദഹിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് തങ്ങൾക്ക് ആലോചിക്കേണ്ടി വരും. എന്നാൽ, അതിന്റെ ആവശ്യമില്ലെന്നും ഇത്തരമൊരു കാര്യമായതുകൊണ്ട് തന്റെ സഹഭാരവാഹികളോട് കൂടി ആലോചിക്കണമെന്നും പറഞ്ഞ് ഫോൺ വെച്ചു.

ഉടൻ തന്നെ പ്രസിഡന്റ് എ പി അഹ്്മദ് കോയ, ട്രഷറർ ടി പി കുഞ്ഞാതു എന്നിവരടക്കമുള്ള ഭാരവാഹികളെയും പ്രദേശത്തെ രാഷ്ട്രീയ പാർട്ടി ഭാരവാഹികളെയും കൂട്ടിയിരുത്തി ചർച്ച ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ കലക്ടറെ വിവരമറിയിച്ചു. ഞങ്ങൾ റെഡിയാണ്. മയ്യിത്ത് കണ്ണംപറമ്പ് ശ്മശാനത്തിൽ ഖബറടക്കാം. ഉടൻ തന്നെ കോഴിക്കോട് നഗരം വില്ലേജ് ഓഫീസർ സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തി. ശ്മശാന ഭൂമിയുടെ ഏകദേശം നടുവിലായി ഖബറിന് വേണ്ടി പത്തടി താഴ്ചയിൽ കുഴിയെടുക്കാനായിരുന്നു നിർദേശം.

വൈകുന്നേരം അഞ്ച് മണിയോടെ തഹസിൽദാർ അനിതകുമാരിയുടെ നേതൃത്വത്തിൽ മയ്യിത്ത് ഖബർസ്ഥാനരികെ എത്തിച്ചു. പള്ളി ഭാരവാഹികളടക്കമുള്ളവരെ പതിനഞ്ച് മീറ്ററോളം അകലെ നിൽക്കാനേ അനുവദിച്ചുള്ളൂ. ഹെൽത്ത് ഓഫീസർ ആർ എസ് ഗോപകുമാർ, ഒരു വനിതാ ഡോക്ടർ, മരിച്ച മൂസ മുസ്‌ലിയാരുടെ നാട്ടിൽ നിന്നുള്ള നാലു യുവാക്കൾ എന്നിവർ ചേർന്നാണ് മയ്യിത്ത് ആംബുലൻസിൽ നിന്നെടുത്ത് ഖബർസ്ഥാനിലെത്തിച്ചത്. ഇവർ പേഴ്‌സണൽ പ്രൊട്ടക്ഷൻ കിറ്റ് ധരിച്ചായിരുന്നു നടപടികളിൽ പങ്കാളികളായത്.
തുടർന്ന് മകൻ മുത്വലിബ് കൂടി പങ്കെടുത്ത് ആറ് മീറ്റർ അകലെ വെച്ച് മയ്യിത്ത് നിസ്‌കരിച്ചു. ശേഷം മയ്യിത്ത് ഖബറടക്കി. നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചയാളുടെ മയ്യിത്ത് ഖബറടക്കിയത് സംബന്ധിച്ച് മഹല്ലിലെ ജനങ്ങൾക്കിടയിൽ ചില ആശങ്കകളൊക്കെ ഉണ്ടായിരുന്നുവെന്നും അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തുവെന്നുംസക്കീർ ഹുസൈൻ അനുസ്മരിച്ചു.

പേരാമ്പ്ര ചങ്ങരോത്തിനടുത്തുള്ള സൂപ്പിക്കടയിലെ ഒരു കുടുംബത്തിലുണ്ടായ തുടർമരണങ്ങളിലൂടെയാണ് നിപ്പാ എന്ന മഹാമാരിയെ മലയാളി അറിയുന്നത്. 2018 മെയ് അഞ്ചിന് മരിച്ച മുഹമ്മദ് സാബിത്ത് എന്നയാൾക്കാണ് കേരളത്തിൽ ആദ്യമായി നിപ്പാ പിടിപെട്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

രണ്ട് ആഴ്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും പിതാവായ മൂസ മുസ്‌ലിയാരും ഇതേ ലക്ഷണങ്ങളോടെ മരണമടഞ്ഞു. തുടർന്ന് ഇവരെ ചികിത്സിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സിസ്റ്റർ ലിനി അടക്കം ആകെ 17 പേർ മരണത്തിന് കീഴടങ്ങുകയുണ്ടായി.