Covid19
ലോക്ഡൗണ്‍: വീട്ടിലിരിക്കുമ്പോള്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ കൗണ്‍സിലിംഗ്

തിരുവനന്തപുരം | ലോക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങാതെ വീട്ടില്‍ കഴിയേണ്ടി വരുമ്പോള്‍ ഉണ്ടാകാനിടയുള്ള മാനസികവിഷമങ്ങള്‍ പരിഹരിക്കാന്‍ ഓണ്‍ലൈന്‍ കൗണ്‍സിലിങ് സംവിധാനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീട്ടിലിരിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പലര്‍ക്കും തുടര്‍ച്ചയായി വീട്ടില്‍ ഇരിക്കുന്നത് മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടാകാം. വീട്ടിലിരിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായൊക്കെ ഉള്ളുതുറന്ന് സംസാരിക്കുന്നത് ഗുണം ചെയും. ഏതെങ്കിലും തരത്തിലുള്ള ഉത്കണ്ഠകളുണ്ടെങ്കില്‍ തുറന്ന് സംസാരിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. വായനക്കായി സമയം ചെലവഴിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
വാര്‍ത്താ സമ്മേളനത്തിലെ മറ്റു പ്രധാന കാര്യങ്ങള്‍
- ആശുപത്രികളിലേക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മിക്കും. റെസ്പിരേറ്റര്‍, വെന്റിലേറ്റര്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷാ കവചങ്ങള്‍, എന്‍ 95 മാസ്‌ക്, ഓക്‌സിജന്‍ സിലിണ്ടര്‍, ബയോ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിന് നടപടികള്‍ ആരംഭിച്ചു.
- ആവശ്യമായ ഉപകരണങ്ങളെല്ലാം യുദ്ധകാല അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്നതിന് കഞ്ചിക്കോട്ട് വ്യവസായ സംരംഭകരുടെ ക്ലസ്റ്റര്‍ രൂപീകരിക്കും.
- സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യ വ്യാപനമുണ്ടോ എന്നറിയാന്‍ റാപ്പിഡ് ടെസ്റ്റ് നടത്തും.
- ആളുകള്‍ എല്ലാവരും വീടുകളില്‍ കഴിയുന്നതുകൊണ്ട് ടോയ്‌ലറ്റ് ടാങ്കുകള്‍ നിറഞ്ഞുകവിയുന്ന പ്രശ്‌നം ഉണ്ടാകുന്നുണ്ട്. കുടിവെള്ളത്തെ പോലും ദോഷകരമായി ഇത് ബാധിക്കും. ശാസ്ത്രീയമായ രീതിയില്‍ മാലിന്യ നിര്‍മാര്‍ജന രീതികള്‍ സ്വീകരിക്കണം. ഇക്കാര്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.
- എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യവും പലവ്യഞ്ജനകിറ്റും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ആവശ്യമില്ലാത്ത ആളുകള്‍ അത് അറിയിക്കണം. എന്നാല്‍ ആ കിറ്റ് അര്‍ഹതയുളള ആളുകള്‍ക്ക് എത്തിക്കാം. അക്കാര്യം അറിയിക്കാനായി ഒരു കേന്ദ്രീകൃത സംവിധാനം ഉണ്ടായിരിക്കും.
- ചില റെസിഡന്‍സ് അസോസിയേഷനുകള്‍ പത്രവിതരണം തടസ്സപ്പെടുത്തിയതായി ശ്രദ്ധയില്‍പെട്ടു. പത്രം അവശ്യ സര്‍വീസാണ്. അത് തടസ്സപ്പെടുത്തരുത്.
- സംസ്ഥാനത്ത് 1059 കമ്മ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങിയിട്ടുണ്ട്. കമ്മ്യൂണിറ്റി കിച്ചണ്‍ ആള്‍ക്കൂട്ടമാകാതെ ശ്രദ്ധിക്കണം
- രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് കരുതി ആശ്വസിക്കാറായിട്ടില്ല. മുന്‍കരുതലില്‍ ഒരുതരത്തിലുള്ള അലംഭാവവും അരുത്.