Connect with us

Covid19

സംസ്ഥാനത്ത് 39 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു; സ്ഥിതി അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്കു കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സ്ഥിതി കൂടുതല്‍ ഗൗരവതരമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച ദിവസമാണ് ഇന്ന്. നിലവിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നതാണ് ഇതു കാണിക്കുന്നതെന്നും ഏതു സാഹചര്യത്തെയും നേരിടാന്‍ നാം ഒരുങ്ങേണ്ടതുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഇന്ന് ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയവരില്‍ 34 പേരും കാസര്‍കോട്ടാണ്. ഇതോടെ കൊവിഡ് ബാധിച്ച് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 164 ആയി. കണ്ണൂര്‍ രണ്ട്, തൃശൂര്‍, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒന്നു വീതവുമാണ് മറ്റിടങ്ങളിലെ കണക്ക്. കൊല്ലത്ത് ഇതാദ്യമായാണ് കൊവിഡ് കണ്ടെത്തുന്നത്. 112 പേരെയാണ് ഇന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയത്. ആകെ 1,10,299 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 1,09,683 പേര്‍ വീട്ടിലും 616 പേര്‍ ആശുപത്രിയിലുമാണ്. 5679 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 4448 എണ്ണം നെഗറ്റീവാണ്. കൊല്ലത്തു കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ 14 എല്ലാ ജില്ലകളിലും വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളുള്ള സംസ്ഥാനമായി കേരളം മാറുകയും ചെയ്തു.

കാസര്‍കോട്ടാണ് ഏറ്റവും ഗുരുതരമായ അവസ്ഥയുള്ളത്. കാസര്‍കോട്ട് ആകെ 80 കേസുകളാണ് ഇപ്പോള്‍ സ്ഥിരീകരിച്ചു കഴിഞ്ഞിരിക്കുന്നത്. പ്രതികൂലമായ സ്ഥിതി കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും.
പുതുതായി കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയവരില്‍ ചിലര്‍ നിരവധി പേരെ ബന്ധപ്പെടുകയും നിരവധി സ്ഥലങ്ങളില്‍ പോവുകയും ചെയ്തിട്ടുണ്ട്. ഇവരുടെയൊക്കെ പേരുവിവരം പരസ്യമായി പറയേണ്ടി വരും. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ അസുഖം സ്ഥിരീകരിച്ച പൊതു പ്രവര്‍ത്തകന്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയും മൂന്നാര്‍ മുതല്‍ ഷോളയാര്‍ വരെയും സഞ്ചരിച്ചു. ഇതിനു പുറമെ, നിയമസഭാ മന്ദിരം ഉള്‍പ്പെടെയുള്ള പൊതു സ്ഥാപനങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരുമടക്കമുള്ളവര്‍ ഇയാളുമായി അടുത്തിടപഴകിയിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കേണ്ട സമയത്ത് ഒരു പൊതു പ്രവര്‍ത്തകന്‍ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

കൊവിഡിനെതിരെ ജാഗ്രത പ്രഖ്യാപിച്ച കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിതമായ സമരങ്ങള്‍ നടത്തിയവരുണ്ട്. ഇതൊന്നും സംസ്‌ക്കാരസമ്പന്നമായ നമ്മുടെ നാടിനു ചേര്‍ന്ന പ്രവൃത്തിയല്ല.

Latest