ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു; ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയില്‍

Posted on: March 27, 2020 8:42 am | Last updated: March 27, 2020 at 12:22 pm

വാഷിങ്ടണ്‍ | ചൈനയേയും ഇറ്റലിയേയും മറികടന്ന് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ഒന്നാമതായി.നിലവില്‍ 81,378 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 16,000 ത്തിലധികം പേര്‍ക്കാണ് ഒറ്റദിവസം അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്.അതേ സമയം ചൈനയിലും ഇറ്റലിയിലും രോഗികളുടെ എണ്ണം യഥാക്രമം 81,285, 80,539 എന്നിങ്ങനെയാണ്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞതോടെ അമേരിക്കന്‍ ജനത ഏറെ ആശങ്കയിലാണ്. വൈറസ്ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ രോഗവ്യാപനനിരക്ക് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേ സമയം ലോകത്താകമാനം രോഗബാധിതതരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞു.

കൊറോണബാധ യുഎസിന്റെ സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പത്തുലക്ഷത്തിലധികം പേര്‍ക്ക് തൊഴിലവസരം നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനയ്ക്കും ഇറ്റലിക്കും ശേഷം കൊറോണവൈറസിന്റെ പ്രഭവകേന്ദ്രം യുഎസ് ആയിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ന്യൂയോര്‍ക്കിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളത്. രോഗികളെ ചികിത്സിക്കുന്നതിന് മതിയായ സൗകര്യമൊരുക്കുന്നില്ലെന്നും തുടക്കത്തില്‍ കാണിച്ച പാളിച്ചയാണ് പ്രശ്‌നങ്ങള്‍ ഇത്രത്തോളം വഷളാക്കിയതെന്നും ജനങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ചികിത്സാസൗകര്യമൊരുക്കാനും വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ക്കുമായി രണ്ട് ട്രില്യണ്‍ ഡോളര്‍ സര്‍ക്കാര്‍ അടിയന്തരസാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.