Connect with us

Covid19

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 718; സമൂഹവ്യാപന ഘട്ടത്തിലെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി  |രാജ്യത്ത് കൊവിഡ്19 ബാധിതരുടെ എണ്ണം 718 ആയി.ഇന്നലെ മാത്രം 88 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര ,രാജസ്ഥാന്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.അതേ സമയം 45 പേര്‍ ഇതുവരെ രോഗവിമുക്തരായി.

ലോക് ഡൗണിനോട് പൂര്‍ണ്ണമായി സഹകരിക്കണമെന്നും രോഗത്തെ ചെറുക്കാന്‍ മറ്റ് വഴികളില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ രോഗം സമൂഹ വ്യാപന ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് ഉന്നത തല യോഗം ചേരും.

രാജ്യത്ത് ഇതുവരെ 16 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്രത്തിന്റെ കണക്ക്.

മഹാരാഷ്ട്രയില്‍ മാത്രം ഇത് വരെ 5 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 124 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കര്‍ണ്ണാടകത്തിലും തെലങ്കാനയിലും തമിഴ്‌നാട്ടിലുമെല്ലാം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്‍ഡില്‍ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 24ന് ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗം ആന്‍ഡമാനില്‍ എത്തിയ വ്യക്തിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.