പ്രമുഖ അമേരിക്കന്‍ കാര്‍ നിര്‍മാണ കമ്പനികള്‍ വെന്റിലേറ്റര്‍ നിര്‍മിക്കുന്നു

Posted on: March 26, 2020 8:54 pm | Last updated: March 27, 2020 at 8:58 am

ന്യൂയോര്‍ക്ക് | കൊവിഡ് 19 മൂലം അമേരിക്ക കണ്ണീരണിയുമ്പോള്‍ വെന്റിലേറ്റര്‍ നിര്‍മിക്കാനൊരുങ്ങി പ്രമുഖ വാഹന നിര്‍മാണ കമ്പനികള്‍. അമേരിക്കയിലെ പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ലയാണ് ആദ്യം ഇത്തരം നീക്കം തുടങ്ങിയത്. പിന്നാലെ ഫോര്‍ഡും ജനറല്‍ മോട്ടോഴ്‌സും രംഗത്തുവരുകയാണ്.
ടെസ്‌ലയുടെ ന്യൂയോര്‍ക്കിലുള്ള പൂട്ടിയിട്ട ജിഗാ ഫാക്ടറി തുറന്ന് ഇവിടെ വെന്റിലേറ്റര്‍ നിര്‍മിക്കാനാണ് പദ്ധതി. അമേരിക്കന്‍ ജനതയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ടെസ്‌ല സി ഇ ഒ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു.

ടെസ്‌ലയുടെ പിന്നാലെ ഫോര്‍ഡും ജനറല്‍ മോട്ടോഴ്‌സും ഇത് ഏറ്റ് പിടിക്കുകയായിരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ തയ്യാറാണെന്ന് ഇവരും അധികൃതരെ അറിയിച്ച കഴിഞ്ഞു. ജി ഇ ഹെല്‍ത്ത് കെയറിന്റെ സഹായത്തോടെയായിരിക്കും ഫോര്‍ഡ് വെന്റിലേറ്ററുകള്‍ നിര്‍മിക്കുക. ഒപ്പം ബ്രിട്ടീഷ് സര്‍ക്കാറിന്റെ സഹായത്തോടെ കൂടുതല്‍ രാജ്യങ്ങളിലേക്കുള്ള വെന്റിലേറ്റര്‍ നിര്‍മാണത്തിനും ഫോര്‍ഡ് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ വെന്റാക്കുമായി ചേര്‍ന്നാണ് ജനറല്‍ മോട്ടോഴ്‌സ് വെന്റിലേറ്റര്‍ നിര്‍മിക്കുന്നത്. ജനറല്‍ മോട്ടോഴ്‌സിന്റെ ഇന്‍ഡ്യാനയിലെ കൊക്കോമോ പ്ലാന്റിലായിരിക്കും നിര്‍മാണം. രണ്ടുലക്ഷത്തോളം വെന്റിലേറ്ററുകലാണ് ഇരു കമ്പനികളും നിര്‍മിക്കുയെന്നാണ് അറിയുന്നത്.