Connect with us

Covid19

കൊവിഡ് 19: 1,70,000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം. ദുരിതബാധിതര്‍ക്ക് 1,70000 കോടി രൂപയുടെ പാക്കേജാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. നിര്‍ധനര്‍ക്കും ദിവസവേതനക്കാര്‍ക്കും പ്രത്യേക പാക്കേജുണ്ടാകും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശാവര്‍ക്കര്‍മാരും ഇതിന്റെ ഭാഗമാകും.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. 80 കോടിവരുന്ന നിര്‍ധനര്‍ക്കും പാവപ്പെട്ടവര്‍ക്കും ഭക്ഷണ ലഭ്യത ഉറപ്പുവരുത്തും. ആരും പട്ടിണി കിടക്കാനിടയാകരുത്. നിര്‍ധനര്‍ക്ക് അഞ്ചു കിലോ വീതം മൂന്നുമാസമെന്ന തോതില്‍ 15 കിലോ ധാന്യം സൗജന്യമായി നല്‍കും. ഗോതമ്പോ അരിയോ ഏതുവേണമെന്ന് ഉപഭോക്താവിന് തിരഞ്ഞെടുക്കാം. നേരത്തെ, 70,000 കോടിയുടെ പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത് പര്യാപ്തമല്ലെന്ന് നിരവധി കോണുകളില്‍ നിന്ന് പ്രതികരണമുയര്‍ന്നതോടെയാണ് പുതിയ പാക്കേജുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. സാമ്പത്തിക, കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പാക്കേജിലെ മറ്റ് ആനുകൂല്യങ്ങള്‍

  • 8.69 കോടി കര്‍ഷകര്‍ക്ക് 2000 രൂപ ബേങ്ക് അക്കൗണ്ട് വഴി നേരിട്ടു നല്‍കും.
  • പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി വഴി 80 കോടി പേര്‍ക്ക് ഭക്ഷ്യധാന്യം.
  • വിധവകള്‍, ഭിന്നശേഷിക്കാര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് 1000 രൂപ.
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് 1000 രൂപ അധിക സഹായം.
  • തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടി.
  • സ്വയം സഹായ സംഘങ്ങളുടെ ഈടുരഹിത വായ്പാ തുകയും വര്‍ധിപ്പിച്ചു.
  • 20 കോടി വനിത ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് 500 രൂപ അടുത്ത മൂന്നുമാസം നല്‍കും.
  • ബി പി എല്‍ കുടുംബങ്ങള്‍ക്ക് ഉജ്ജ്വ സ്‌കീം വഴി സൗജന്യ ഗ്യാസ് സിലിന്‍ഡര്‍.
  • ചെറുകിട സ്ഥാപനങ്ങളുടെ മൂന്നുമാസത്തെ പി എഫ് തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കും.
  • ഇ പി എഫ് നിക്ഷേപ മാര്‍ഗ നിര്‍ദേശങ്ങളിലും മാറ്റം.
  • പി എഫില്‍ നിന്ന്  തിരിച്ചടവില്ലാത്ത അടിയന്തര വായ്പ ലഭിക്കാന്‍ നിയമ ഭേദഗതി.

Latest