പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സംസ്ഥാനം പുതിയ നിയമം നിര്‍മിക്കും

Posted on: March 25, 2020 4:39 pm | Last updated: March 26, 2020 at 9:16 am

തിരുവനന്തപുരം | പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന് പുതിയ നിയമം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിലെ വിവിധ വകുപ്പുകള്‍ക്ക് അധികാരം നല്‍കുന്നതിനാണ് നിയമം നിര്‍മിക്കുന്നത്. കേരള എപ്പിഡമിക് ഡീസീസസ് ആക്ട് എന്നാകും നിയമം അറിയപ്പെടുക.

പ്രതിരോധ പ്രവര്‍ത്തന നടപടികളില്‍ കലകടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിയമം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ആരോഗ്യ വകുപ്പാണ് നിയമ നിര്‍മാണത്തിന്റെ ആവശ്യം മുന്നോട്ടുവെച്ചത്. നിയമസഭ ചേരാത്ത സാഹചര്യത്തില്‍ ഓര്‍ഡിനന്‍സായി നിയമം കൊണ്ടുവരാന്‍ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന് നിലവിലെ നിയമം കാലഹരണപ്പെട്ടതാണെന്ന് മന്ത്രിസഭ വിലയിരുത്തി. സംസ്ഥാനത്ത് കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ നിയമം നിര്‍മിക്കുന്നത്.