കൊവിഡ്: കാസര്‍കോട് ജില്ലയില്‍ സാമൂഹിക വ്യാപനത്തിന് സാധ്യതയില്ലെന്ന് ജില്ലാ ഭരണകൂടം

Posted on: March 25, 2020 1:03 pm | Last updated: March 25, 2020 at 2:03 pm

കാസര്‍കോട് | കാസര്‍കോട് ജില്ലയില്‍ കൊവിഡ് സംശയിക്കുന്ന 77 പേരുടെ സാമ്പിള്‍ പരിശോധനക്കയച്ചതില്‍ പോസറ്റീവ് ആകുന്നവരുടെ എണ്ണം ഇന്ന് ലഭിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയെ സംബന്ധിച്ചിടത്തോടെ ഇന്നത്തെ ദിവസം വളരെ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ജില്ലയില്‍ സാമൂഹിക വ്യാപനത്തിനുള്ള സാധ്യത കുറവാണ്. സാമ്പിള്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ആരും വരേണ്ടതില്ല. ആവശ്യമുള്ളവരുടെ പരിശോധന ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് നടത്തും. ജില്ലയില്‍ ആരും സന്നദ്ധന പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്തിറങ്ങരുതെന്നും അത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു

ജില്ലയില്‍ ഇതേവരെ 45 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍നിന്നെത്തിയ ആള്‍ മാത്രമാണ് നാല് ടെസ്റ്റിലും നെഗറ്റീവ് ആയി പൂര്‍ണമായും രോഗ മുക്തി നേടിയതെന്ന് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് പറഞ്ഞു. മറ്റു 44 പേരും ഇപ്പോഴും കോവിഡ് ബാധിതരാണ്. അവരുടെ അടുത്ത മൂന്ന് ടെസ്റ്റുകളും നെഗറ്റീവ് ആയാല്‍ മാത്രമേ രോഗമുക്തരാണെന്ന് ഉറപ്പിക്കാന്‍ സാധിക്കൂ.
രോഗലക്ഷണം കാണിച്ചവരുടെ ഒരു സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ് ആയാലും അവര്‍ പൂര്‍ണമായി രോഗമുക്തി നേടിയെന്ന് പറയാനാവില്ല. അവരും 14 ദിവസം നിര്‍ബന്ധമായും റൂം ക്വാറന്റൈനിലായിരിക്കണം. അടുത്ത പരിശോധനയിലും ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ രോഗവിമുക്തി നേടിയെന്ന് പറയാനാകൂ എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി