Connect with us

Covid19

കോവിഡ് 19: മാധ്യമങ്ങള്‍ക്ക് തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കോവിഡ് 19ന്റെ സാഹചര്യത്തില്‍ കേരളത്തില്‍ മാധ്യമങ്ങള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ മാധ്യമ മേധാവികളുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും മുന്നറിയിപ്പും ജാഗ്രതപ്പെടുത്തലും കൃത്യമായി ജനങ്ങളിലെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നത്. രോഗത്തെക്കുറിച്ചും ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന് മാധ്യമങ്ങളോളം ശക്തിയുള്ള മറ്റൊരു സംവിധാനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ ഘട്ടത്തില്‍ മാധ്യമങ്ങള്‍ പോസിറ്റീവ് വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കണം. ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടേണ്ട സമയമല്ല ഇത്. അടിസ്ഥാനരഹിത കാര്യങ്ങളും വ്യാജ വാര്‍ത്തകളും പടരാതിരിക്കാന്‍ മാധ്യമങ്ങള്‍ വലിയ ശ്രദ്ധ പുലര്‍ത്തണം. അവശ്യ സര്‍വീസ് എന്ന നിലയ്ക്കാണ് മാധ്യമങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത്. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന ചിന്ത പൊതുജനങ്ങള്‍ക്ക് ഉണ്ടാകാന്‍ പാടില്ല. ചാനലുകള്‍ മൈക്കുകള്‍ അണുവിമുക്തമാണെന്ന് ഉറപ്പാക്കണം. റിപ്പോര്‍ട്ടിംഗിന് പോകുമ്പോള്‍ വലിയ സംഘത്തെ ഒഴിവാക്കുക. പത്രവിതരണത്തിലും ശ്രദ്ധിക്കണം. പത്രങ്ങളില്‍ പരസ്യ നോട്ടീസുകള്‍ വച്ചു വിതരണം ചെയ്യുന്നത് ഈ ഘട്ടത്തില്‍ കര്‍ശനമായി ഒഴിവാക്കണം. ഏജന്റുമാര്‍ പത്രങ്ങളുടെ മടക്ക് നിവര്‍ത്തി കൈകാര്യം ചെയ്യാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിക്കണം.

മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കും ഡി എസ് എന്‍ ജികള്‍ക്കും തടസ്സമുണ്ടാകാതെ ശ്രദ്ധിക്കും. മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് മുടക്കമില്ലാതെ വൈദ്യുതി ലഭിക്കുന്നതിന് നടപടിയെടുക്കും. സുഗമമായ പ്രവര്‍ത്തനത്തിന് തടസമുണ്ടായാല്‍ അത് തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പെടുത്തണം. രോഗം പടരാതിരിക്കാനുള്ള നിര്‍ദ്ദേശം ജനങ്ങളിലെത്തിക്കുക പ്രധാനമാണ്. മാധ്യമങ്ങള്‍ക്ക് ഇതില്‍ വലിയ പങ്ക് വഹിക്കാനാവും. കോവിഡ് 19നെ നേരിടാന്‍ വലിയ സഹകരണമാണ് മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകള്‍ മികച്ച ഏകോപനത്തിലാണ് ഈ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാന വകുപ്പുകളുടെ തലവന്‍മാര്‍ ഒന്നിച്ചിരുന്നാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. രോഗത്തെ നേരിടുന്നതിന് ആവശ്യമായ ഡോക്ടര്‍മാര്‍, വെന്റിലേറ്ററുകള്‍, കിടക്കകള്‍, ഐ. സി. യു എന്നിവയെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് 19നെ നേരിടുന്ന കാര്യത്തില്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത മാധ്യമ മേധാവികള്‍ അറിയിച്ചു. വിവിധ നിര്‍ദ്ദേശങ്ങളും അവര്‍ മുന്നോട്ടു വെച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് മാധ്യമ മേധാവികള്‍ക്കായി വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഒരുക്കിയിരുന്നത്. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി എസ് സെന്തില്‍ പങ്കെടുത്തു.

Latest