Connect with us

Covid19

കൊറോണ പ്രതിരോധം: ഇന്ത്യയുമായി അനുഭവങ്ങള്‍ പങ്കിടുമെന്ന് ചൈന

Published

|

Last Updated

ബീജിംഗ് | കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യയുമായി അനുഭവങ്ങള്‍ പങ്കിടുമെന്ന് ചൈന. ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ കോവിഡ് 19 ന്റെ വ്യാപനത്തെ പ്രതിരോധിക്കാന്‍ സാധ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് ചൈന വ്യക്തമാക്കി. ചൈനീസ് വിദേശകാര്യ സെക്രട്ടറി ജെംഗ് ഷൂവാംഗാണ്  പത്രകുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനയിലെ വുഹാന്‍ സിറ്റിയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ചൈനക്ക് ഇന്ത്യ സഹായം നല്‍കിയിരുന്നു. ചൈനീസ് വിദേശകാര്യ സെക്രട്ടറി ഇതിന് ഇന്ത്യയെ മുക്തകണ്ഠം അഭിനന്ദിക്കുകയും ചെയ്തു. 15 ടണ്ണോളം മാസ്‌ക് ,ഗ്ലൊവ്‌സ് ,മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് ഇന്ത്യ ചൈനക്ക് കൈമാറിയത്.

ഫെബ്രുവരി 26ന് മിലിട്ടറി വിമാനത്തിലായിരുന്നു ഇന്ത്യ ചൈനയിലേക്ക് സഹായങ്ങള്‍ എത്തിച്ചത്. കൂടാതെ, ചൈനയിലുണ്ടായിരുന്ന 112 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുകയും ചെയ്തു. കൊറോണ വൈറസ് ഭീതി പടര്‍ത്തിയ ആദ്യനാളുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയച്ചിരുന്നതായും സെക്രട്ടറി ഓര്‍മിച്ചു. ദുരന്ത നാളുകളില്‍ 19 ഓളം രാജ്യങ്ങളും ചൈനയെ സഹായിച്ചിരുന്നു.

യുറേഷ്യയിലെയും സൗത്ത് ഏഷ്യയിലെയും രാജ്യങ്ങളുമായി ചൈനീസ് അധികൃതര്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തിയതായും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. മഹാമാരിയെ ചൈന പ്രതിരോധിച്ച രീതികളും നിയന്ത്രണങ്ങളും ചികിത്സാരീതികളും വീഡിയോ കോണ്‍ഫറന്‍സില്‍ ചൈനീസ് അധികൃതര്‍ പങ്കുവെച്ചു.
നാല് മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്തു.

ഇന്ത്യ ,ശ്രീലങ്ക ,ഭൂട്ടാന്‍ ,നേപ്പാള്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, മാല്‍ഡിവ്‌സ് തുടങ്ങി രാജ്യങ്ങളിലെ ഉന്നതപ്രതിനിധികള്‍ വീഡിയോ കോണ്‍ഗ്രസ്സില്‍ പങ്കെടുത്തു. കൊറോണ സംഹാര താണ്ഡവമാടിയ ചൈനയില്‍ 3,270 ആളുകള്‍ ഇതിനകം മരിച്ചിരുന്നു.

Latest