ഒറ്റുകാരനെന്ന് ചരിത്രം പറയും

പരമോന്നത നീതിപീഠത്തിലെ മുഖ്യ ന്യായാധിപന്‍ ക്ഷണനേരംകൊണ്ട് എക്സിക്യൂട്ടീവിന്റെ ഭാഗമായി നില്‍ക്കുന്നതിലെ അപകടം ചെറുതല്ല. അധികാരവിഭജനം ഭരണഘടനയുടെ ഭാഗമാകയാല്‍ പ്രസ്തുത വിഭജനത്തെ അപ്രസക്തമാക്കുന്ന വിധം ഗോഗോയിയുടെ രാജ്യസഭാംഗത്വം ഭരണഘടനയെ അപഹസിക്കുന്നതിന് തുല്യമാണ്.
Posted on: March 24, 2020 11:22 am | Last updated: March 24, 2020 at 11:22 am


ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ സവിശേഷമായി അടയാളപ്പെടുത്തിയ സംഭവമാണ് ഹേബിയസ് കോര്‍പസ് കേസ്. അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂട അഭീഷ്ടത്തിന് വിരുദ്ധമായ ന്യൂനപക്ഷ വിധി എഴുതിയ ഉന്നതശീര്‍ഷനായ ന്യായാധിപന്‍ എച്ച് ആര്‍ ഖന്നയാണ് ഹേബിയസ് കോര്‍പസ് കേസിനെ വേറിട്ട ഓര്‍മയാക്കി മാറ്റിയത്. അര്‍ഹിച്ച ചീഫ് ജസ്റ്റിസ് പദവി ബലികൊടുത്ത് പൗര സ്വാതന്ത്ര്യത്തിന്റെ പടവാളായി അധികാരഗര്‍വിനോട് ഏറ്റുമുട്ടിയ എച്ച് ആര്‍ ഖന്ന കൂടുതലായി ഒന്നും ചെയ്തിട്ടില്ല. ഏത് ഭീഷണമായ ഘട്ടത്തിലും ഒരു ന്യായാധിപന്‍ ഭരണഘടനയോടും രാജ്യത്തോടും ഉത്തരവാദപ്പെട്ടിരിക്കുന്നു എന്ന് കാണിക്കുക മാത്രമാണ് ചെയ്തത്. ജുഡീഷ്യറിയുടെ പരമാധികാരവും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിച്ച് ജനവിശ്വാസം കാത്തുസൂക്ഷിക്കുകയായിരുന്നു അദ്ദേഹം.
ഭരണകൂട അജന്‍ഡക്കൊപ്പം നില്‍ക്കാതെയും നീതിപീഠത്തെ സംശയ നിഴലില്‍ കൊണ്ടുവരാതെയും ന്യായാധിപവൃത്തിയുടെ പൊരുളറിഞ്ഞ് പ്രവര്‍ത്തിച്ചവര്‍ വേറെയുമുണ്ട്. 2017 ജനുവരി നാലിന് ചീഫ് ജസ്റ്റിസായി വിരമിച്ചതാണ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍. ആ വര്‍ഷം തന്നെ ആം ആദ്മി പാര്‍ട്ടി അദ്ദേഹത്തിന് രാജ്യസഭയിലേക്ക് ടിക്കറ്റ് നല്‍കിയെങ്കിലും അദ്ദേഹം നിരസിക്കുകയാണുണ്ടായത്. സി ബി ഐ ഡയറക്ടറായിരുന്ന അലോക് വര്‍മയെ പുറത്താക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള മൂന്നംഗ സമിതിയില്‍ ജസ്റ്റിസ് എ കെ സിക്രി പുറത്താക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. സമിതിയിലെ മറ്റൊരംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അലോക് വര്‍മയെ പിരിച്ചുവിടുന്നതിനെതിരെയായിരുന്നു വോട്ട് ചെയ്തത്. ഏറെ വൈകാതെ തന്നെ വിരമിച്ച ശേഷം എ കെ സിക്രിയെ ഒരു അന്താരാഷ്ട്ര ട്രൈബ്യൂണലിലേക്ക് നോമിനേറ്റ് ചെയ്തുകൊണ്ടുള്ള സുവിശേഷമെത്തി. പക്ഷേ, അത് സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ഭരണഘടനാ കോടതികളില്‍ എത്തുന്ന മിക്കവാറും നിയമ വ്യവഹാരങ്ങളില്‍ ഒരു കക്ഷി കേന്ദ്ര സര്‍ക്കാറായിരിക്കും. പലപ്പോഴും ഭരണകൂടത്തിന് അനുകൂലമായ വിധി സമ്പാദിക്കാന്‍ വേണ്ടി അവര്‍ സ്വാധീനം ചെലുത്തുകയും ചെയ്യും. അത്തരം സ്വാധീന ശ്രമങ്ങള്‍ക്ക് ന്യായാധിപര്‍ അരികു ചേര്‍ന്നു നിന്നാല്‍ ഭരണഘടനയും രാജ്യവുമാണ് അപകടത്തിലാകുന്നത്. അക്കാര്യം മുഖവിലക്കെടുക്കാതെ ഭരണകൂട ഇംഗിതം നടപ്പാക്കാന്‍ സഹായകമായ വിധികള്‍ ചുട്ടെടുക്കുന്നവര്‍ക്ക് വിരമിച്ചതിന് ശേഷം പുതിയ അധികാര ചഷകങ്ങള്‍ കാഴ്ചവെക്കപ്പെടാറുണ്ട്. അങ്ങനെയൊന്ന് ലഭിച്ച സന്തോഷാതിരേകത്താല്‍ രാജ്യസഭയുടെ പടികയറിയതായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി. പക്ഷേ, ഭരണഘടനയുടെ രക്ഷാകര്‍തൃത്വത്തില്‍ നിന്ന് വഞ്ചകന്റെ റോളിലേക്ക് ചുവടുമാറ്റിയ ന്യായാധിപനെ ഒരാളും ഗൗനിക്കാതെ വന്നതിന്റെ അപമാന ഭാരത്താല്‍ അദ്ദേഹത്തിന്റെ മുഖം വിളറി വെളുക്കുന്നത് കാണാനായതില്‍ നമ്മളൊക്കെ അൽപ്പം സന്തോഷിക്കുന്നുണ്ട്.

ചീഫ് ജസ്റ്റിസ് മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ ആണ്. അഥവാ തുല്യരില്‍ ഒന്നാമന്‍. സുപ്രീം കോടതിയിലെത്തുന്ന കേസുകള്‍ ബഞ്ചുകള്‍ക്ക് നിര്‍ണയിച്ചു കൊടുക്കുന്നത് ചീഫ് ജസ്റ്റിസാണ്. ഏതൊക്കെ കേസ് ഏതേത് ബഞ്ചാണ് കേള്‍ക്കേണ്ടത് എന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

രാജ്യത്തെ കോടിക്കണക്കായ സാധാരണ പൗരന്‍മാരെ പല രീതിയില്‍ അവഗണിച്ചു കൊണ്ടാണ് മോദി സര്‍ക്കാര്‍ ഭരണരഥമുരുട്ടിക്കൊണ്ടിരിക്കുന്നത്. പൗരാവകാശങ്ങളെ മാനിക്കാത്തതും ഭരണഘടനക്ക് നിരക്കാത്തതുമായ ഒട്ടേറെ നടപടികളും നിയമ നിര്‍മാണങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുകയുണ്ടായി. എന്നാല്‍ ഭരണകൂട നടപടികളെ ചോദ്യം ചെയ്ത് പരമോന്നത നീതിപീഠത്തിലെത്തുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്ന വേതാളനായി കാത്തിരിക്കുകയായിരുന്നു രഞ്ജന്‍ ഗോഗോയി എന്ന് പറഞ്ഞാല്‍ അപരാധമാകില്ല. ഏറ്റവും നിര്‍ണായകവും നീതിന്യായ പ്രമാണങ്ങളിലുരച്ചുനോക്കി ശരിയായ വിധിതീര്‍പ്പ് നടത്തേണ്ടതുമായ വിഷയങ്ങളെ തന്റെ ബഞ്ചിലേക്ക് അടുപ്പിക്കുകയായിരുന്നു രഞ്ജന്‍ ഗോഗോയി ചെയ്തത്. ഒടുവില്‍ അത്തരം പ്രസക്ത വ്യവഹാരങ്ങളിലൊക്കെയും ഭരണകൂട ഹിതം വകവെച്ചു കൊടുക്കുന്ന വിധിയും നല്‍കി. ബാബരി, റാഫേല്‍, സി ബി ഐ ഡയറക്ടര്‍ അലോക് വര്‍മയെ പിരിച്ചുവിടല്‍ തുടങ്ങിയ കേസുകളില്‍ കേന്ദ്ര സര്‍ക്കാറിന് മുമ്പില്‍ അച്ചടക്കമുള്ള കുട്ടിയായി നിന്നതിന്റെ പാരിതോഷികമാണ് വിരമിച്ച് അധികം താമസിയാതെ അദ്ദേഹത്തെ തേടിയെത്തിയത്.
ജനങ്ങള്‍ക്കിടയില്‍ നീതിപീഠത്തിന്റെ വിശ്വാസ്യത പാടെ ഇല്ലാതാകാന്‍ നിമിത്തമാകുന്ന നടപടിയാണ് രഞ്ജന്‍ ഗോഗോയിയുടെ രാജ്യസഭാ പ്രവേശനം. സമൂഹ ദൃഷ്ടിയില്‍ നീതിക്കും ധാര്‍മികതക്കും ചേരാത്തതാണത്. ചീഫ് ജസ്റ്റിസായി റിട്ടയര്‍ ചെയ്ത് നാല് മാസം കഴിയുമ്പോഴേക്കും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുകയും നീരസമേതുമില്ലാതെ അത് സ്വീകരിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന ആദര്‍ശത്തിനും സന്ദേശത്തിനും വിരുദ്ധമാണ് തന്നെ.

ജുഡീഷ്യറിയെ എക്‌സിക്യൂട്ടീവ് പതിയെപ്പതിയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന പ്രവണത പ്രകടമാണ് സമീപകാല ഇന്ത്യയില്‍. ജുഡീഷ്യറിയില്‍ അക്ഷന്തവ്യമായ കൈകടത്തലുകള്‍ നടത്തി അതിനെ വരിഞ്ഞു മുറുക്കിയും ഭരണഘടനാ ദത്തമായ അധികാര വിഭജന(Separation of power) സീമകളെ നേര്‍ത്ത രേഖകളാക്കി മായ്ച്ചുതീര്‍ക്കാനുമുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പരമോന്നത നീതിപീഠത്തിലെ മുഖ്യ ന്യായാധിപന്‍ ക്ഷണനേരംകൊണ്ട് എക്‌സിക്യൂട്ടീവിന്റെ ഭാഗമായി നില്‍ക്കുന്നതിലെ അപകടം ചെറുതല്ല. അധികാര വിഭജനം ഭരണഘടനയുടെ മൗലിക ഘടനയുടെ ഭാഗമാകയാല്‍ പ്രസ്തുത വിഭജനത്തെ അപ്രസക്തമാക്കുന്ന വിധം രഞ്ജന്‍ ഗോഗോയിയുടെ രാജ്യസഭാംഗത്വം ഭരണഘടനയെ അപഹസിക്കുന്നതിന് തുല്യമാണ്.

രാജ്യത്തെ നീതിന്യായ സംവിധാനത്തിലുള്ള ജനവിശ്വാസം തകര്‍ക്കുകയും ജനങ്ങള്‍ക്കിടയില്‍ ചീഫ് ജസ്റ്റിസ് പദവിക്കുള്ള ബഹുമാനത്തിന് കളങ്കം വരുത്തുകയും ചെയ്യുക വഴി രഞ്ജന്‍ ഗോഗോയി കോടതിയലക്ഷ്യ നടപടി നേരിടാന്‍ അര്‍ഹനാണ്. പൗരന്‍മാര്‍ക്ക് നീതിയുടെ അവസാന അഭയ കേന്ദ്രമാണ് സുപ്രീം കോടതി. അതിനെയാണ് രഞ്ജന്‍ ഗോഗോയി തന്റെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്കു വേണ്ടി പണയം വെച്ചിരിക്കുന്നത്.

നീതിപീഠത്തിന് അവമതിപ്പുണ്ടാക്കി ഭരണകൂട ഔദാര്യം പറ്റിയ ആദ്യത്തെ ന്യായാധിപനല്ല രഞ്ജന്‍ ഗോഗോയി. മുന്‍ ചീഫ് ജസ്റ്റിസ് രംഗനാഥ് മിശ്ര, ജസ്റ്റിസ് പി സദാശിവം, ബഹറുല്‍ ഇസ്‌ലാം തുടങ്ങിയ മുന്‍ഗാമികളുണ്ടെങ്കിലും രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്ന ഉത്കണ്ഠ നിറഞ്ഞ സ്ഥിതിവിശേഷവും കേന്ദ്ര സര്‍ക്കാറിന് രക്ഷാകവചമൊരുക്കിയ നിയമ വ്യവഹാരങ്ങളുടെ പ്രാധാന്യവും കണക്കിലെടുക്കുമ്പോള്‍ ഒരുപക്ഷേ ഭരണഘടനയുടെ ഒറ്റുകാരനെന്ന് ചരിത്രം ഗോഗോയിയെ വിശേഷിപ്പിച്ചേക്കാം. അതിനുമാത്രം പക്ഷപാതിത്വം നിറഞ്ഞതും നീതിദീക്ഷയില്ലാത്തതുമായ സമീപനമായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് കൈകാര്യം ചെയ്ത കേസുകളില്‍ നടന്നത്.
ജുഡീഷ്യറിയെ വെയിലത്ത് നിര്‍ത്തി ഭരണഘടനക്ക് അള്ള് വെക്കുന്ന ഏര്‍പ്പാടിന് തടയിടാന്‍ ചീഫ് ജസ്റ്റിസും മറ്റു ന്യായാധിപരും ചില ഗുണകരമായ നടപടികള്‍ക്ക് തുടക്കം കുറിക്കണം. ഭരണഘടനയുടെ 142ാം അനുഛേദമനുസരിച്ച് സുപ്രീം കോടതിക്ക് അതിന്റെ അസാധാരണ നിയമാധികാരം (Extra ordinary jurisdiction) ഉപയോഗപ്പെടുത്തി മുന്‍ ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് മുമ്പ് നടത്തിയ വിധിപ്രസ്താവങ്ങള്‍ സ്വമേധയാ പരിശോധിക്കാനുള്ള അധികാരമുണ്ട്. അത്തരമൊരു നീക്കം വിദൂര സാധ്യതയാണെങ്കിലും അതുവഴി ഗോഗോയിയുടെ പാതയില്‍ സഞ്ചരിക്കുന്നവര്‍ക്ക് ശക്തമായ സന്ദേശം നല്‍കാനും ന്യായാസനത്തെ പ്രതി പൗരസമൂഹത്തിന്റെ തെറ്റിദ്ധാരണ നീക്കാനും സാധിക്കും. അതാണ് ഇവ്വിഷയികമായി സുപ്രീം കോടതിക്ക് ചെയ്യാനുള്ള ധര്‍മം.

അഡ്വ. അഷ്‌റഫ് തെച്യാട്
[email protected]