Connect with us

Covid19

രാജ്യത്തെ 12 സ്വകാര്യ ലാബ് ശൃംഖലകള്‍ക്ക് കൊവിഡ് 19 പരിശോധനക്ക് അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 12 സ്വകാര്യ ലബോറട്ടറികള്‍ക്ക് കൊവിഡ് 19 പരിശോധനക്ക് അനുമതി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് സ്വകാര്യ ലാബുകള്‍ക്ക് പരിശോധന നടത്തുന്നതിന് പച്ചക്കൊടി കാണിച്ചത്. ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വകാര്യ ലാബുകള്‍ക്കാണ് അനുമതി നല്‍കിയത്. ഈ 12 ലബോറട്ടറികള്‍ക്ക് രാജ്യത്തുടനീളമായി 15,000 ശാഖകളുണ്ട്. ഇവിടങ്ങളില്‍ എല്ലാം പരിശോധന നടത്താനാകും.

സ്വകാര്യ ലാബുകളില്‍ പരിശോധന നടത്തുന്നതിന് ഫീസ് ഈടാക്കും. ടെസ്റ്റ് നിരക്കുകള്‍ സുപ്രീം മെഡിക്കല്‍ റിസര്‍ച്ച് ബോഡി ഇതിനകം നിശ്ചയിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള പരമാവധി ചെലവ് 4,500 രൂപയാണ്. സാധ്യതയുള്ള കേസുകളില്‍ സ്‌ക്രീനിംഗ് ടെസ്റ്റിനായി 1,500 രൂപയും സ്ഥിരീകരണ പരിശോധനയ്ക്ക് 3,000 രൂപയും എന്ന കണക്കിലാണിത്.

ഡല്‍ഹിയിലെ ലാല്‍ പാത്ത് ലാബുകള്‍, ഗുജറാത്തില്‍ നിന്നുള്ള യൂണിപാത്ത് സ്‌പെഷ്യാലിറ്റി ലബോറട്ടറി, സ്ട്രാന്‍ഡ് ലൈഫ് സയന്‍സസ്, ഹരിയാനയില്‍ നിന്നുള്ള എസ്ആര്‍എല്‍ ലിമിറ്റഡ്, തമിഴ്നാട്ടിലെ സിഎംസി, അപ്പോളോ ഹോസ്പിറ്റലുകള്‍, മഹാരാഷ്ട്രയിലെ തൈറോകെയര്‍ ടെക്‌നോളജീസ് ലിമിറ്റഡ്, സബര്‍ബന്‍ ഡയഗ്‌നോസ്റ്റിക്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ഉള്‍പ്പെടുന്ന അഞ്ച് ലബോറട്ടറികള്‍, മെട്രോപോളിസ് ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ്, സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, മോളിക്യുലര്‍ മെഡിസിന്‍, റിലയന്‍സ് ലൈഫ് സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡ് ആന്‍ഡ് എസ് ആര്‍ എല്‍ ലിമിറ്റഡ് എന്നീ ലാബ് ശൃംഖലകള്‍ക്കാണ് പരിശോധനാ അനുമതി നല്‍കിയത്.

കൂടുതല്‍ സ്വകാര്യ ലബോറട്ടറികള്‍ക്ക് പരിശോധനക്ക് അനുമതി നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. കൊവിഡ് 19 ടെസ്റ്റിംഗ് കിറ്റുകള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നതിനുള്ള അനുമതിയും ഐസിഎംആര്‍ നല്‍കിയിട്ടുണ്ട്. രണ്ട് നിര്‍മ്മാതാക്കള്‍ക്കാണ് ഈ അനുമതി ലഭിച്ചതെന്നും ഡോ. ഭാര്‍ഗവ പറഞ്ഞു.