ചികിത്സ വീട്ടിൽ; ആശുപത്രികൾ ടെലി മെഡിസിൻ സംവിധാനത്തിലേക്ക്

Posted on: March 23, 2020 4:29 pm | Last updated: March 23, 2020 at 4:29 pm

കോഴിക്കോട് | കോവിഡ് 19നെ തുടർന്ന് രോഗികൾ കുറഞ്ഞ സാഹചര്യത്തിൽ ആശുപത്രികൾ ടെലിമെഡിസിൻ സംവിധാനത്തിലേക്ക് നീങ്ങുന്നു. വൻകിട ആശുപത്രികളിൽ പോലും എത്തുന്ന രോഗികളുടെ എണ്ണം പകുതിയിലും താഴെ കുറഞ്ഞതിനെ തുടർന്നാണിത്. കൊവിഡ് ഭയന്ന് ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ ഓരോ ദിവസവും വലിയ തോതിലുള്ള കുറവാണ് അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്റർനെറ്റ്, മൊബൈൽ ഫോൺ പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി രോഗികളെ ഓൺലൈനായിശുശ്രൂഷിക്കുന്ന സംവിധാനം ആരംഭിച്ചിരിക്കുന്നത്.

നിലവിൽ ഡോക്്ടർമാരും വീട്ടിലുള്ള രോഗികളുമായി സംവദിക്കുന്ന ടെലിമെഡിസിൻ സംവിധാനം സ്ഥിരമായി എവിടെയും പ്രാവർത്തികമായിട്ടില്ല. കോഴിക്കോടുൾപ്പെടെ സംസ്ഥാനത്തെ ചില മെഡിക്കൽ കോളജുകളിൽ ഈ സംവിധാനം പ്രാവർത്തികമാക്കുന്നതിനെ കുറിച്ച് മുമ്പ് ആലോചനകൾ നടന്നെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല. വിവിധ സ്ഥലങ്ങളിൽ നിന്ന് ചെറിയ അസുഖങ്ങൾക്ക് പോലും മെഡിക്കൽ കോളജിലെത്തുന്ന രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലായിരുന്നു ഇത്. അതീവ ഗുരുതര രോഗികൾക്ക് ഇത്തരത്തിലുള്ള സേവനങ്ങൾ പര്യാപ്തമാകില്ലെന്നതായിരുന്നു മെഡിക്കൽ കോളജുകളിൽ ഇതുമായി മുന്നോട്ട് പോകുന്നതിന് പ്രതിബന്ധമായി ചൂണ്ടിക്കാട്ടിയത്.

ജില്ലാ ആശുപത്രികളിലെ ഡോക്്ടർമാർക്ക് മെഡിക്കൽ കോളജുകളിലെ ഡോക്്ടർമാരുമായി രോഗിയുടെ വിവരങ്ങൾ കൈമാറുന്നതിനുള്ള ടെലിമെഡിസിൻ സംവിധാനം നിലവിലുണ്ട്. എന്നാൽ വീട്ടിലിരിക്കുന്ന രോഗികൾക്ക് ഡോക്്ടർമാരുമായി മുഖാമുഖം സംസാരിക്കുന്ന സംവിധാനമില്ല. ഇതാണ് പല സ്വകാര്യ ആശുപത്രികളും ഇപ്പോൾ പരീക്ഷിക്കാനൊരുങ്ങുന്നത്.
രോഗികളുടെ സൗകര്യത്തിനനുസരിച്ച് ബുക്ക് ചെയ്ത് ഡോക്്ടർമാരുമായി സംസാരിക്കാം. ആവശ്യമായ മരുന്നുകൾ ഡോക്്ടർമാരുടെ ഉപദേശത്തിനനുസരിച്ച് വാങ്ങിക്കഴിക്കാം. സ്ഥിരമായി ഡോക്്ടറെ കാണിക്കുന്ന രോഗികൾക്ക് ആ ഡോക്്ടറുമായി രോഗവിവരങ്ങൾ പങ്കുവെക്കാം. ഡോക്്ടർമാരുടെ മുന്നിലിരിക്കുന്ന സാഹചര്യം സാങ്കേതിക വിദ്യകളിലൂടെ ആവിഷ്‌കരിച്ച് കൊണ്ടാണ് ഇത് നടപ്പാക്കുക. അലർജികൾ, ആർത്രൈറ്റിസ്, ആസ്ത്മ,
ബ്രോങ്കൈറ്റിസ്, പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ത്വക്ക് രോഗങ്ങൾ, ഛർദി, ഗർഭാശയ സംബന്ധമായ അസുഖങ്ങൾ തുടങ്ങി ഗുരുതരമല്ലാത്ത അസുഖങ്ങൾക്കാണ് പ്രധാനമായും ടെലിമെഡിസിൻ സംവിധാനം വിവിധ രാജ്യങ്ങളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

അത്യാസന്ന രോഗികളെ ആശുപത്രിയിലെത്തിച്ച് തന്നെ ചികിത്സ നൽകേണ്ടതുണ്ട്. സർജറി കഴിഞ്ഞ് വീട്ടിലുള്ള രോഗിയെ കുറിച്ച് ടെലിമെഡിസിനിലൂടെ ഡോക്്ടർക്ക് വിവരങ്ങൾ ചോദിച്ചറിയാനും ആവശ്യമായ നിർദേശങ്ങൾ നൽകാനും കഴിയും. രോഗികൾ ആവശ്യപ്പെടുന്ന പക്ഷം ഡോക്്ടർമാർ വീട്ടിലെത്തി ശുശ്രൂഷിക്കാനും സന്നദ്ധരാകും. സേവനങ്ങൾക്ക് ആവശ്യമായ ഫീസ് ഈടാക്കും. കേരളത്തിനകത്തും പുറത്തും നിരവധി ശാഖകളുള്ള പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ടെലിമെഡിസിൻ സംവിധാനം കഴിഞ്ഞ ദിവസം ആരംഭിച്ചു. മറ്റ് പല സ്വകാര്യ ആശുപത്രികളും ഈ രീതിയിലേക്ക് ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. നിപ്പാ കാലത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ തീരെ രോഗികളില്ലാത്ത സാഹചര്യമുണ്ടായിരുന്നു. അതിന് സമാനമായ സാഹചര്യത്തിലേക്കാണ് സ്വകാര്യ ആശുപത്രികൾ ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്.