Connect with us

Covid19

കൊവിഡ് പ്രതിരോധം; ആശാ വര്‍ക്കര്‍മാര്‍ക്ക് പരിശീലനവും ഉപകരണങ്ങളും ലഭ്യമാക്കണമെന്ന് യൂണിയനുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള അക്രെഡിറ്റഡ് സാമൂഹികാരോഗ്യ പ്രവര്‍ത്തകര്‍ക്ക് (ആശ) ആവശ്യമായ പരിശീലനവും ഉപകരണങ്ങളും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആശയുമായി ബന്ധപ്പെട്ട മൂന്ന് അസോസിയേഷനുകള്‍ ആവശ്യപ്പെട്ടു. അതത് പ്രദേശങ്ങളിലെ കുടുംബങ്ങളുമായി സംസാരിക്കാനും രോഗലക്ഷണങ്ങള്‍ പരിശോധിക്കാനും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് അവരെ ബോധവത്ക്കരിക്കാനും സംസ്ഥാനങ്ങളിലെ ആശ, അങ്കണ്‍വാടി/പ്രാദേശിക ശിശു പരിചരണ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വ്യക്തിസുരക്ഷക്കുള്ള സംവിധാനങ്ങളോ ആവശ്യമായ പരിശീലനമോ ഇവര്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.

“ഹാന്‍ഡ് സാനിറ്റൈസറുകളും മാസ്‌കുകളും വാങ്ങാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍, മാസം 2000 രൂപ മാത്രം വരുമാനമുള്ളവരാണ് ഇവര്‍. മാത്രമല്ല, സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് ഭൂരിഭാഗം പേര്‍ക്കും അറിവില്ലെന്നതും യാഥാര്‍ഥ്യമാണ്. ഇത് ഒരു തരത്തിലും അഭിലഷണീയമല്ല.”- ഓള്‍ ഇന്ത്യ ആശ വര്‍ക്കേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് രഞ്ജന നിരൂല പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഞ്ചു ലക്ഷം വര്‍ക്കര്‍മാരെ പ്രതിനിധീകരിക്കുന്ന തന്റെ സംഘടന കേന്ദ്ര സര്‍ക്കാറിന് കത്തെഴുതിയിട്ടുണ്ടെന്ന് നിരൂല വ്യക്തമാക്കി. വര്‍ക്കര്‍മാര്‍ ജോലിക്ക് ഹാജരാകുന്ന സമയത്ത് മാസ്‌ക്, ഗ്ലൗസ്, ശരീരം പൂര്‍ണമായി മറയ്ക്കുന്ന സ്യൂട്ടുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍, സോപ്പുകള്‍ എന്നിവ നല്‍കേണ്ടത് അനിവാര്യമാണ്. സര്‍വേക്കായി നിയോഗിക്കപ്പെടുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് കൃത്യമായ പരിശീലനവും ലഭ്യമാക്കണം. ഇവര്‍ക്ക് തുച്ഛമായ വേതനം മാത്രമാണ് ലഭിക്കുന്നതെന്നതിനാല്‍ പ്രത്യേക അലവന്‍സ് നല്‍കാനും സര്‍ക്കാര്‍ തയാറാകണം- നിരൂല കൂട്ടിച്ചേര്‍ത്തു.

തന്റെ പ്രദേശത്ത് ദുബൈയില്‍ നിന്ന് അധികൃതരെ വിവരങ്ങള്‍ ധരിപ്പിക്കാതെ ഒരു വ്യക്തി എത്തിയിരുന്നുവെന്നും ഇയാള്‍ക്ക് കോള്‍ഡ് ബാധിച്ചതായി വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും ഗോരഖ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ അധ്യക്ഷ ചന്ദ യാദവ് പറഞ്ഞു. തന്റെ സംഘടനയെ പ്രതിനിധീകരിക്കുന്ന 25000 ആശാ വര്‍ക്കര്‍മാരോട് ഗ്രാമാടിസ്ഥാനത്തില്‍ സര്‍വേകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. ആളുകളെ പരിശോധിക്കുമ്പോള്‍ ഒരു മീറ്റര്‍ വിട്ടുനില്‍ക്കണമെന്നതാണ് അധികൃതരില്‍ നിന്ന് തനിക്ക് കിട്ടിയ ഒരേയൊരു ഉപദേശമെന്നും ചന്ദ പറഞ്ഞു.

നാഷണല്‍ ഫെഡറേഷന്‍ ഓഫ് ആശാ വര്‍ക്കേഴ്‌സ ജനറല്‍ സെക്രട്ടറി ബി വി വിജയലക്ഷ്മിക്കും പറയാനുള്ളത് ഇതേ കാര്യങ്ങളാണ്. പരിശീലനം, അടിസ്ഥാന ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവയെല്ലാം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരുലക്ഷം പേരെ പ്രതിനിധീകരിക്കുന്ന തന്റെ യൂണിയന്‍ കേന്ദ്രത്തിന് എഴുതിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
വ്യക്തി സുരക്ഷക്കുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ അഭാവമാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. സമൂഹത്തെയും പൊതുജനാരോഗ്യ സംവിധാനത്തെയും തമ്മില്‍ ബന്ധപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഒമ്പതു ലക്ഷത്തില്‍ പരം ആശാ വര്‍ക്കര്‍മാരാണ് രാജ്യത്തുള്ളത്. അങ്കണ്‍വാടി വര്‍ക്കര്‍മാരുടെ എണ്ണം 35 ലക്ഷത്തിലധികം വരും
.

---- facebook comment plugin here -----

Latest