Connect with us

Covid19

കൊവിഡ്: രാജ്യത്ത് ഇന്ന് മൂന്ന് മരണം; മരണസംഖ്യ ഏഴായി

Published

|

Last Updated

പട്‌ന | കൊവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ഒരാൾകൂടി മരിച്ചു. ഗുജറാത്തിലെ സൂറത്തില്‍ 69 വയസ്സുള്ള ആളാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച്  ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. ഇന്ന് മാത്രം മൂന്ന് രോഗബാധിതരാണ് മരിച്ചത്.

മഹാരാഷ്ട്രയിലെ മുംബൈയിലും ബിഹാറിലെ പട്‌നയിലും ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തതിരുന്നു. മുംബൈയില്‍ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയിലായിരുന്ന 56കാരനാണ് മരിച്ചത്. മാര്‍ച്ച് 21നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. നിലവില്‍ മഹാരാഷ്ട്ര സംസ്ഥാനത്ത് 84 പേര്‍ക്ക് കൊവിഡ് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ബിഹാറില്‍ 38 വയസുള്ള യുവാവാണ് മരിച്ചത്. ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ പട്‌ന എയിംസില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരണം സംഭവിച്ചതെങ്കിലും പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചത് ഞായറാഴ്ചയാണ്‌.

അതിനിടെ, രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 332 ആയി. അസുഖം ബാധിച്ചവരില്‍ 39 പേര്‍ വിദേശികളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77 പേരില്‍ രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിലാണ് രാജ്യത്തെ 40 ശതമാനം കേസുകളും സ്ഥിരീകരിച്ചത്. ഇതില്‍ മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ കേസുകള്‍ കണ്ടെത്തിയത്. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും വൈറസ് ബാധിതരുടെ എണ്ണം ഉയരുകയാണ്. പുതിയതായി 13 സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിച്ചു. വിദേശത്തുള്ള 276 ഇന്ത്യക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന 65 വയസ്സുള്ള സ്ത്രീ വഡോദര ആശുപത്രിയില്‍ മരിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും  കൊവിഡ് പരിശോധനാ ഫലം ലഭിച്ചിട്ടില്ലാത്തതിനാല്‍ മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല.

 

Latest