സർക്കാരിന്റെ ജാഗ്രതാ നിർദേശം പൂർണമായി നടപ്പിലാക്കണം: സുന്നി നേതാക്കൾ

Posted on: March 21, 2020 12:56 pm | Last updated: March 21, 2020 at 12:56 pm


കാസർകോട് | ജില്ലയില്‍ കൊറോണ വൈറസ്‌ അനിയന്ത്രിതമായി പടരുന്നതില്‍ ആശങ്ക അറിയിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിർദേശങ്ങൾ പൂര്‍ണമായി അംഗീകരിച്ച് നടപ്പിലാക്കണമെന്നും ആളുകള്‍ സംഗമിക്കുന്ന പള്ളികളും മറ്റു പ്രാര്‍ഥനാലയങ്ങളും തത്കാലത്തേക്ക് അടച്ചിടണമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, താജുശ്ശരീഅ ആലിക്കുഞ്ഞി മുസ്‌ലിയാർ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ജില്ലാ പ്രസിഡണ്ട് സയ്യിദ് പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട, ജനറൽ സെക്രട്ടറി സുലൈമാൻ കരിവള്ളൂർ, മീഡിയ സെക്രട്ടറി സി എൽ ഹമീദ്, എസ് വൈ എസ് ജില്ല പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, ജനറൽ സെക്രട്ടറി ബഷീർ പുളിക്കൂർ, എസ് എം എ ജില്ലാ പ്റസിഡണ്ട് ഹുസൈൻ സഅദി,എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് മുനീറുൽ അഹ്ദൽ, ജനറൽ സെക്രട്ടറി ശക്കീർ എം ടി പി, എസ് ജെ എം ജില്ലാ പ്രസിഡണ്ട് അശ്രഫ് സഅദി ആരിക്കാടി, ജനറൽ സെക്രട്ടറി ജമാലുദ്ധീൻ സഖാഫി ആദൂർ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

സർക്കാർ നിർദേശങ്ങളെ ലാഘവത്തോടെ കണ്ട് പ്രവർത്തിച്ചതാണ് സർക്കാരിന് കർശന തീരുമാനങ്ങളെടുക്കേണ്ടി വന്നത്. പൊതുജനങ്ങളെ മൊത്തത്തില്‍ ബാധിക്കുന്ന വൈറസ് പരക്കുന്നത് തടയാന്‍ എടുക്കുന്ന മാനുഷിക തീരുമാനങ്ങളെ പൂര്‍ണമായും അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. വൈകാരികവും വിശ്വാസപരവുമായ നിലവിലുള്ള ആചാരങ്ങളെ ഒന്നും ഇത് ബാധിക്കുകയില്ലെന്നും മനസ്സില്ലാക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ മുസ്‌ലിം രാജ്യങ്ങളില്‍ ഇതിനോട് സമാനമായ തീരുമാനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. കൂടുതല്‍ ഊഹാപോഹങ്ങള്‍ക്ക് അവസരം നല്‍കരുതെന്നും രോഗം പടരുന്നത്‌ തടയാനും സഹജീവികള്‍ക്ക് സഹായങ്ങൾ നല്‍കാനും ജില്ലയിലെ മുഴുവന്‍ കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തകരും മുന്നോട്ട് വരണമെന്നും പ്രസ്താവനയിലൂടെ അഭ്യര്‍ഥിച്ചു.