Connect with us

Covid19

കാസര്‍കോട് കര്‍ശന പരിശോധന ; തുറന്ന കടകള്‍ കലക്ടറെത്തി അടപ്പിച്ചു

Published

|

Last Updated

കാസര്‍കോട് | ആറ് പേര്‍ക്ക് കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഉത്തരവ് ലംഘിച്ച് ഇന്ന് രാവിലെ തുറന്ന കടകള്‍ പോലീസ് എത്തി അടപ്പിച്ചു. ജില്ലാ കലക്ടര്‍ നേരിട്ടെത്തിയാണ് പോലീസിന് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ജില്ലയില്‍ പരിശോധന തുടരുകയാണ്. വെള്ളിയാഴ്ച അര്‍ധരാത്രി മുതലാണ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്. പകര്‍ച്ചവ്യാധികള്‍ തടയാനുള്ള പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ 2(1) പ്രകാരം ശക്തമായ നടപടികള്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കാസര്‍കോട് കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും അധികാരം നല്‍കിയിട്ടുണ്ട്.

ഉത്തരവ് പ്രകാരം കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും മറ്റു പൊതുസ്വകാര്യ സ്ഥാപനങ്ങളും ഒരാഴ്ച അടച്ചിടും. അവശ്യവസ്തുകള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. അല്ലാത്ത മുഴുവന്‍ സ്ഥാപനങ്ങളും അടച്ചിടണം. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. ക്ലബ്ബുകളും സിനിമാശാലകളും രണ്ടാഴ്ച പ്രവര്‍ത്തിക്കില്ല.

പൊതുസ്ഥലങ്ങളായ പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയവയില്‍ കൂട്ടംകൂടുന്നതിന് അനുവദിക്കില്ല. ഓഫീസുകള്‍ അവധിയാണെങ്കിലും ജീവനക്കാര്‍ ജില്ലയില്‍ തന്നെ തുടരണം

Latest