Connect with us

Covid19

കൊവിഡ്: നബാര്‍ഡിനോട് വായ്പ ആവശ്യപ്പെട്ട് മുഖ്യമന്ത്രി; 2000 കോടിയുടെ വായ്പയുള്‍പ്പെടെ പുനരുദ്ധാരണ പാക്കേജ് വേണം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19 വൈറസ് ബാധ സംസ്ഥാനത്തിനാകെ ആഘാതമേല്‍പ്പിച്ച സാഹചര്യത്തില്‍ നബാര്‍ഡിനോട് വായ്പ ആവശ്യപ്പെട്ട് മുഖ്യമന്ത്രി. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയില്‍ നിന്ന് (ആര്‍ ഐ ഡി എഫ്) 2,000 കോടി രൂപയുടെ പ്രത്യേക വായ്പ അടക്കമുള്ള പുനരുദ്ധാരണ പാക്കേജ് നടപ്പാക്കണമെന്ന് നബാര്‍ഡ് ചെയര്‍മാന്‍ ഡോ. ഹര്‍ഷ്‌കുമാര്‍ ബന്‍വാലക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രണ്ട് ശതമാനം പലിശയില്‍ വായ്പ അനുവദിക്കണം. 3.9 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. ഗ്രാമീണ സമ്പദ്ഘടനക്ക് ഉണര്‍വേകാന്‍ ബേങ്കുകള്‍ക്ക് വര്‍ധിച്ച പുനര്‍വായ്പ ലഭ്യമാക്കണം. സഹകരണ ബേങ്കുകള്‍, ഗ്രാമീണ ബേങ്കുകള്‍, കൊമേഴ്‌സ്യല്‍ ബേങ്കുകള്‍ തുടങ്ങിയവക്ക് നല്‍കുന്ന പുനര്‍ വായ്പയുടെ പലിശ നിരക്ക് 4.5 ശതമാനത്തില്‍ നിന്നും രണ്ടു ശതമാനമായി കുറയ്ക്കണം.
ചെറുകിട സംരംഭങ്ങള്‍ക്കും കൈത്തൊഴിലിനും മറ്റും നബാര്‍ഡ് ലഭ്യമാക്കുന്ന പുനര്‍ വായ്പയുടെ പലിശ നിരക്ക് 8.4 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഇടക്കാല-ദീര്‍ഘകാല നിക്ഷേപ വായ്പകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സഹകരണ ബേങ്കിന് ലോംഗ് ടേം റൂറല്‍ ക്രഡിറ്റ് ഫണ്ടിന്റെ പുനര്‍ വായ്പ മൂന്നു ശതമാനം നിരക്കില്‍ ലഭ്യമാക്കണം. നബാര്‍ഡ്, ആര്‍ ബി ഐ എന്നിവ സ്ഥാപിച്ച ക്രെഡിറ്റ് കൗണ്‍സലിംഗ് സെന്ററുകളെ സഹായിക്കുന്നതിന് കോപ്പറേറ്റീവ് ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്നും ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ഫണ്ടില്‍ നിന്നും അധിക ഗ്രാന്റ്് അനുവദിക്കണം. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന 100 ശതമാനം പുനര്‍വായ്പ കൊവിഡ് ബാധയുള്ള കേരളത്തിനും അനുവദിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.