തമിഴ്‌നാട് കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടക്കുന്നു; അതീവ ജാഗ്രത

Posted on: March 20, 2020 4:20 pm | Last updated: March 20, 2020 at 9:00 pm
ഫയൽ ചിത്രം

പാലക്കാട് | തമിഴ്‌നാട്ടില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദേശം. കേരളത്തിലേക്കുള്ള അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ അടച്ചിടാന്‍ തമിഴ്‌നാട് തീരുമാനിച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ കോയമ്പത്തൂര്‍ അതിര്‍ത്തിയിലെ ഒന്‍പത് ചെക്ക് പോസ്റ്റുകള്‍ അടക്കുവാനാണ് തീരുമാനം. വാളയാര്‍ വഴി അത്യാവശ വാഹനങ്ങള്‍ മാത്രം കടത്തിവിടുമെന്ന് തമിഴ്‌നാട് അധികൃതര്‍ അറിയിച്ചു.

അതിര്‍ത്തിയില്‍ തമിഴ്‌നാട് ശക്തമായ പരിശോധന നടത്തുന്നുണ്ട്. വിശദമായ വിവരങ്ങള്‍ ശേഖരിച്ചാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. വാഹനങ്ങളില്‍ അണുനാശിനി തളിക്കുന്നുമുണ്ട്. ഇത് അതിര്‍ത്തിയില്‍ വന്‍ ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്. ഡോക്ടര്‍മാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്.

കോയമ്പത്തൂര്‍ കളക്ടറാണ് ചെക്കുപോസ്റ്റുകള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. റവന്യൂ, പോലീസ്, ട്രാന്‍സ്‌പോര്‍ട്ട് വിഭാഗങ്ങള്‍ സംയുക്തമായി പരിശോധന നടത്തി വാഹനങ്ങളെ തിരിച്ചയക്കണമെന്ന് കലക്ടര്‍ ഉത്തരവില്‍ പറയുന്നു. കോയമ്പത്തൂരില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. കേരളത്തില്‍ നിന്ന് കൊറോണ ബാധിതര്‍ ഇവിടെ എത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നത്.

ആര്യങ്കാവ് ചെക്ക്‌പോസ്റ്റിലും തമിഴ്‌നാട് കര്‍ശന പരിശോധന നടത്തുന്നുണ്ട്.