Editorial
മാന്യമാകട്ടെ വിദേശികളോടുള്ള പെരുമാറ്റം

കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ വിദേശികളോട് കൊറോണ വൈറസ് രോഗബാധയുടെ പേരില്‍ മോശമായി പെരുമാറരുതെന്ന് മുഖ്യമന്ത്രിയുള്‍പ്പെടെ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെ, മോശം പെരുമാറ്റങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. ഫ്രാന്‍സില്‍ നിന്നും ഇറ്റലിയില്‍ നിന്നും വന്ന രണ്ട് വിദേശികള്‍ വടക്കന്‍ കേരളത്തില്‍ താമസിക്കാന്‍ സ്ഥലവും ഭക്ഷണവും ലഭിക്കാതെ രണ്ട് ദിവസം ഏറെ പ്രയാസമനുഭവിക്കുകയുണ്ടായി. സംസ്ഥാനത്തിന്റെ മറ്റു പല ഭാഗത്തും ഇതു പോലെ വിദേശികള്‍ക്ക് ഭക്ഷണവും താമസവും നിഷേധിക്കുകയുണ്ടായി. മാനന്തവാടിയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന വിദേശികളായ ദമ്പതികളെ കെ എസ് ആര്‍ ടി സി ബസില്‍ തടഞ്ഞുവെച്ചു. ബസില്‍ കയറിയ വിദേശികളെ കണ്ടതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് ഇവരെ സ്‌റ്റേഷനില്‍ എത്തിച്ച് ഒരു മണിക്കൂറോളം തടഞ്ഞുവെക്കുകയായിരുന്നു. മൈസൂരില്‍ നിന്ന് മാനന്തവാടി വഴി കണ്ണൂരിലേക്ക് പോകാനെത്തിയ ഫ്രഞ്ച് സ്വദേശികളായിരുന്നു ഇവര്‍. കൊച്ചിയിലെ ഒരു റസ്റ്റോറന്റില്‍ നിന്ന് രണ്ട് വിദേശികളെ ജീവനക്കാര്‍ ഇറക്കിവിടുകയുണ്ടായി. മറ്റൊരു വിദേശ യുവതിക്കും കുഞ്ഞിനും ഭക്ഷണം കിട്ടാതെ അലയേണ്ടിവന്നു. പാലക്കാട് ജില്ലയിലെ ഒരു പഞ്ചായത്ത് പ്രസിഡന്റ് വിദേശികള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് ഹോട്ടലുടമകള്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ ഒരു വിദേശിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണ് കേരളീയര്‍ വിദേശ സഞ്ചാരികളെ ഭീതിയോടെ നോക്കാനും ബഹിഷ്‌കരണം നടപ്പാക്കാനും തുടങ്ങിയത്. മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത് പോലെ ഇത് നമ്മുടെ നാടിനും സംസ്‌കാരത്തിനും ചേരുന്ന പണിയല്ല. കേരളത്തെക്കുറിച്ച് മോശം അഭിപ്രായം സൃഷ്ടിക്കാനും സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കാനും ഇതു വഴിവെക്കും. കൊറോണ ഭീതിയെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടഞ്ഞു കിടപ്പാണ്. വിമാന, ട്രെയിന്‍ ടിക്കറ്റുകളെല്ലാം കൂട്ടത്തോടെ റദ്ദാക്കപ്പെടുന്നു. ഇതോടൊപ്പം വിനോദ സഞ്ചാരികളോട് മനുഷ്യത്വപരമല്ലാത്ത പെരുമാറ്റം കൂടിയായാല്‍ മേലില്‍ അവര്‍ കേരളത്തിലേക്ക് വരാന്‍ സന്നദ്ധരാകുമോ?
വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ കേരളം പിന്നിലാണ്. കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം തയ്യാറാക്കിയ, ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നില്‍ ഏഴാമത് മാത്രമാണ് കേരളം. ടൂറിസ്റ്റുകളില്‍ 67 ശതമാനവും ഏറ്റവും ഇഷ്ടപ്പെടുന്നത് മേല്‍ പറഞ്ഞ അഞ്ച് സംസ്ഥാനങ്ങളെയാണ്. അത് സഞ്ചാരികള്‍ക്ക് ലഭിക്കുന്ന പരിചരണത്തിന്റെയും സേവനത്തിന്റെയും മെച്ചം കൊണ്ട് കൂടിയാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. 2019ല്‍ കേരളത്തിലെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം 11.89 ലക്ഷം മാത്രമായിരുന്നു.
അതേസയം, ബ്രിട്ടീഷ് ട്രാവല്‍ ഏജന്‍സീസ് അസോസിയേഷന്‍ തയ്യാറാക്കിയ ലോക ടൂറിസ്റ്റ് ഭൂപടത്തിലെ തിരഞ്ഞെടുത്ത 12 സ്ഥലങ്ങളില്‍ എട്ടാം സ്ഥാനം അലങ്കരിക്കുന്നുണ്ട് കേരളം. ഇന്ത്യയില്‍ നിന്ന് അവര്‍ പരിഗണിച്ച ഏക സ്ഥലവും കേരളമാണ്. എന്നിട്ടും ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികള്‍ കേരളത്തോട് അത്ര പ്രതിപത്തി കാണിക്കുന്നില്ലെങ്കില്‍ അതിന്റെ കാരണത്തെക്കുറിച്ച് ആഴത്തില്‍ പഠനം ആവശ്യമാണ്.
ടൂറിസത്തില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ വരുമാനം ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ പത്ത് ശതമാനമാണ് ടൂറിസത്തില്‍ നിന്നുള്ള വരുമാനം. ഇത് 20 ശതമാനമാക്കുകയെന്ന ലക്ഷ്യത്തോടെ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. ഇത് മേഖലക്ക് പുതിയ ഉണര്‍വു നല്‍കിയിട്ടുണ്ടെന്നാണ് കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് വരുമാനം ബോധ്യപ്പെടുത്തുന്നത്. രണ്ടര പതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടുതല്‍ വളര്‍ച്ചാ നിരക്കാണ് ടൂറിസത്തില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനം കൈവരിച്ചത്. 10,271 കോടി രൂപ ഈയിനത്തില്‍ സംസ്ഥാനത്തിന്റെ പൊതുഖജനാവിലേക്ക് എത്തുകയും ചെയ്തു. ഈ നേട്ടം നിലനിര്‍ത്തണമെങ്കില്‍ വിനോദ സഞ്ചാരികളോടുള്ള നമ്മുടെ സമൂഹത്തിന്റെ സമീപനം കൂടി ആകര്‍ഷണീയമായിരിക്കണം.
കൊറോണയെക്കുറിച്ചുള്ള ഭീതിയില്‍ എല്ലാ വിദേശ സഞ്ചാരികളെയും സംശയത്തോടെയും രോഗബാധിതരാണെന്ന മട്ടിലും കാണുന്നത് ശരിയല്ല. രോഗബാധിതരോടും നിരീക്ഷണത്തില്‍ കഴിയുന്നവരോടും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ച നിയന്ത്രണങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണെങ്കിലും അതിന്റെ പേരില്‍ മനുഷ്യത്വത്തെ ഹനിക്കുന്ന പെരുമാറ്റം ഉണ്ടായിക്കൂടാ. രോഗ പ്രതിരോധത്തിനായി ആരും നിയമം കൈയിലെടുക്കുകയും അരുത്. ഭക്ഷണം ലഭിക്കാതെയും താമസത്തിനു ഇടം ലഭിക്കാതെയും വിദേശ സഞ്ചാരികള്‍ അലഞ്ഞു നടക്കാന്‍ ഇടവരുന്നത് നമ്മുടെ നാടിന് അപമാനമാണ്. നമ്മില്‍ പലരും വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ്. അവിടെ വെച്ച് ഇത്തരം ഒരു പെരുമാറ്റം അനുഭവപ്പെട്ടാല്‍ എന്തായിരിക്കും ആ നാടിനെക്കുറിച്ചുള്ള നമ്മുടെ വിലയിരുത്തല്‍? വിദേശികള്‍ സന്ദര്‍ശന സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത് സുരക്ഷാ റാങ്കിംഗിനാണ്. ഈ നാടും നാട്ടുകാരും തങ്ങള്‍ക്ക് മതിയായ സുരക്ഷയും സുഖയാത്രയും നല്‍കുമെന്ന പ്രതീക്ഷയിലാണ് അവര്‍ എത്തുന്നത്. ഓരോ രാജ്യത്തെയും ടൂറിസം അതോറിറ്റി തങ്ങളുടെ പൗരന്മാര്‍ക്ക് സന്ദര്‍ശനത്തിന് അനുമതി നല്‍കുന്നതും ഈ മാനദണ്ഡം വെച്ചാണ്. അവരുടെ നല്ല വിശ്വാസത്തെ ഹനിക്കുന്ന സമീപനവും പെരുമാറ്റവും നമ്മുടെ സമൂഹത്തില്‍ നിന്നുണ്ടായാല്‍ പിന്നീട് വിദേശ ടൂറിസം വകുപ്പുകള്‍ ഇവിടേക്കുള്ള യാത്രയെ പ്രോത്സാഹിപ്പിക്കുകയില്ല. നമ്മെ സംബന്ധിച്ച് ഒരു മോശം അഭിപ്രായം വന്നു കഴിഞ്ഞാല്‍ അത് തിരുത്തുക അത്ര എളുപ്പവുമല്ല. നടേപറഞ്ഞതു പോലുള്ള അനുഭവങ്ങള്‍ ഇനിയും വിനോദ സഞ്ചാരികള്‍ക്ക് അനുഭവപ്പെടാതിരിക്കാന്‍ അധികൃതരും സമൂഹവും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.