ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന് 13 രൂപ: വിജ്ഞാപനമായി

Posted on: March 18, 2020 7:13 pm | Last updated: March 18, 2020 at 8:56 pm

തിരുവനന്തപുരം | സംസ്ഥാനത്ത് ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന്റെ പരമാവധി റീട്ടയില്‍ വില 13 രൂപയായി നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് 17 മുതല്‍ ഉത്തരവിന് പ്രാബല്യമുണ്ട്. പരമാവധി വിലയില്‍ കൂടുതല്‍ വിലയ്ക്ക് കുപ്പിവെള്ളം വില്‍ക്കാന്‍ പാടില്ല.

ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാരെയും താലൂക്ക് സപ്ലൈ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

കുപ്പി വെള്ളത്തെ കേരള അവശ്യസാധന നിയന്ത്രണ നിയമം 1986 പ്രകാരം അവശ്യസാധനമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം സര്‍ക്കാരാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.