Connect with us

Covid19

എല്ലാവർക്കും ഭയം: ആശ്വാസത്തിന്റെ പുഞ്ചിരിയുമായി അവരുണ്ട് ഒപ്പം...

Published

|

Last Updated

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കൊറോണ വാർഡിൽ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർ രോഗലക്ഷണവുമായി എത്തിയയാളെ പ്രത്യേക ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുന്നു

പത്തനംതിട്ട | കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ജീവന് തങ്ങളുടെ ജീവനേക്കാൾ വില കൽപ്പിക്കുന്ന ഒരു കൂട്ടം മനുഷ്യർ. കഴിഞ്ഞ ഏഴിന് രാത്രി ഇറ്റലിയിൽ നിന്നെത്തിയവരുടെ കൊവിഡ് 19 പരിശോധനാഫലം പോസിറ്റീവായതോടെ ആരംഭിച്ച കൊറോണ വാർഡുകളിൽ ഡ്യൂട്ടി ഏറ്റെടുത്തിരിക്കുന്ന ഡോക്ടർമാരുടെയും ജീവനക്കാരുടെയും കാര്യമാണ് പറയുന്നത്.
ഇവരിൽ കൊറോണ വാർഡ് ഡ്യൂട്ടിയിലെ ഡോക്ടർമാർ, നഴ്‌സുമാർ, അനുബന്ധ ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ എന്നിവരെല്ലാം ഉൾപ്പെടും. രാവും പകലും ഇല്ലാതെയുള്ള പരിചരണവും സാന്ത്വനവുമാണ് ഐസൊലേഷനിലുള്ളവർക്ക് ഇവർ നൽകുന്നത്.
പത്തനംതിട്ട ജില്ലയിൽ ഡോക്ടർമാരടക്കം 17 ആരോഗ്യ പ്രവർത്തകരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഐസോലേഷൻ വാർഡുകൾ തുറന്ന ആശുപത്രികളോട് കഴിഞ്ഞ ഒരാഴ്ചയായി ആളുകൾക്ക് അൽപ്പം അകലമുണ്ട്.

ഇത്തരം ആശുപത്രികളിലെ ഒ പിയിലേക്ക് ആളുകളെത്തുന്നതേയില്ല. രോഗികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മാത്രമേ കൊവിഡ് 19 വൈറസ് പകരുകയുള്ളൂവെന്ന് പ്രചാരണം നടത്തിയെങ്കിലും എല്ലാവർക്കും ഭയം ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയുമാണ്. കൊറോണ വാർഡിൽ ജോലി നോക്കിയവരാണോ തങ്ങളെ പരിശോധിക്കുകയെന്ന ആശങ്ക മറ്റു ചികിത്സകൾക്കെത്തുന്നവർക്കുമുണ്ട്. ആശുപത്രി ഐ പി വിഭാഗത്തിൽ കഴിഞ്ഞവർ ഡിസ്ചാർജ് വാങ്ങിപ്പോകാനും കാരണമായത് ഇതാണ്. എന്നാൽ കൊറോണ വാർഡിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ അവിടെ മാത്രമേ ജോലി ചെയ്യാറുള്ളൂ. എല്ലാ സുരക്ഷാ സംവിധാനങ്ങളോടെയുമാണ് അവർ ജോലി നോക്കുന്നത്. പുറത്തിറങ്ങുമ്പോൾ ശുചിത്വവും ഉറപ്പാക്കിയിരിക്കും. അസഹനീയമായ അന്തരീക്ഷ താപനിലയിൽ പ്രത്യേക വസ്ത്രങ്ങളണിഞ്ഞ് ജോലിയെടുക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഇവർ പങ്കുവെക്കുന്നു. വീട്ടുകാരിൽ നിന്നുള്ള എതിർപ്പ് മറികടന്ന് ജോലി ചെയ്യുന്നവരുമുണ്ട്.

ജില്ലയിൽ ഏറ്റവും കൂടുതൽ പേർ ഐസൊലേഷനിൽ കഴിയുന്ന ജനറൽ ആശുപത്രിയിൽ രണ്ട് വാർഡുകളിലായി 12 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ പരിചരണത്തിനായി 17 നഴ്‌സുമാർ നാല് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്നു. ആശുപത്രിയിലുള്ളവർക്ക് ഫോണിലൂടെ ആശയവിനിമയം നടത്തുന്നതിനോ ഓൺലൈനായി ജോലി ചെയ്യുന്നതിനോ തടസ്സങ്ങളില്ല.

ആശുപത്രി നിരീക്ഷണത്തിൽ നിന്ന് അവസാന രോഗബാധിതനും വീട്ടിലേക്ക് മടങ്ങുന്നതുവരെ കൊറോണ വാർഡിലെ മെഡിക്കൽ സംഘം ആശ്വാസത്തിന്റെയും കരുതലിന്റെയും പുഞ്ചിരിയുമായി അവർക്കൊപ്പമുണ്ടാകും. ഇവരെ നയിക്കാൻ ആർ എം ഒ. ഡോ. ആശിഷ് മോഹൻ കുമാറിന്റെ നേതൃത്വത്തിലുള്ള പരിചയസമ്പന്നരായ ഡോക്ടർമാരും. ഇവർക്ക് എല്ലാവിധ മാനസിക പിന്തുണയും പരിചരണവും നൽകാൻ ജില്ലാ കലക്ടർ പി ബി നൂഹ്, ഡി എം ഒ. ഡോ.എ എൽ ഷീജ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സേവന സന്നദ്ധരായി എപ്പോഴുമുണ്ട്.

 

ഐസൊലേഷനിൽ നിന്ന് രോഗം പടരാതിരിക്കാൻ

ഐസൊലേഷനിൽ കഴിയുന്നവരെ പരിചരിക്കാൻ കയറുന്ന ഡോക്ടർമാരും നഴ്‌സുമാരും പ്രത്യേകതരം പാന്റ്‌സ്, കവറിംഗ് ഷൂ, കൈയുറ, കണ്ണട, എൻ 95 മാസ്‌ക് എന്നിവ ധരിച്ച് സ്വയംപ്രതിരോധം സൃഷ്ടിക്കുന്നു. രോഗം പടരാതിരിക്കാൻ ഐസൊലേഷൻ വാർഡിൽ നിന്നിറങ്ങുമ്പോൾ തന്നെ ഇവ നശിപ്പിച്ചുകളയുന്നു. രോഗബാധിതരുടെ വസ്ത്രങ്ങൾ, ബെഡ്ഷീറ്റ്, മുഖാവരണം എന്നിവയും ദിവസേന മാറ്റുന്നുണ്ട്. പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന “ഇമേജ്” ആണ് ഉപയോഗിച്ച കിറ്റുകൾ സുരക്ഷിതമായി പ്രത്യേക സഞ്ചികളിലാക്കി നശിപ്പിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കരുതെന്ന കർശന നിർദേശമുള്ളതിനാൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ആരെങ്കിലും രോഗലക്ഷണം പ്രകടിപ്പിച്ചതായി റിപ്പോർട്ട് ലഭിച്ചാൽ അവരെ പ്രത്യേക ആംബുലൻസിൽ തന്നെ ആശുപത്രിയിലെത്തിക്കും.

---- facebook comment plugin here -----

Latest