മരുഭൂമിയില്‍ കൃഷിയില്‍ നൂറ് മേനി വിളയിച്ച് ഇസ്മായില്‍ റാവുത്തര്‍

Posted on: March 18, 2020 5:55 pm | Last updated: March 18, 2020 at 5:55 pm

അജ്മാന്‍ | മരുഭൂമിയില്‍ കൃഷിയില്‍ നൂറ് മേനി വിളവെടുത്ത് മലയാളി വ്യവസായി. പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്‌സ് മുന്‍ ഡയറക്ടറും ലോക കേരളസഭ അംഗവും ഫൈന്‍ ഫയര്‍ ഗ്രൂപ്പ് എം ഡി യുമായ ഇസ്മായില്‍ റാവുത്തറാണ് ബിസിനസ് തിരക്കിനിടയിലും തൊഴിലാളി ക്യാംപിനോടു ചേര്‍ന്നുള്ള സ്ഥലം വിലയ്ക്കു വാങ്ങി പച്ചക്കറികള്‍ ഉല്‍പാദിപ്പിച്ചു കൃഷിയെ നെഞ്ചോട് ചേര്‍ത്തത്.

മൂവാറ്റുപുഴ ആയവനയിലെ കര്‍ഷക കുടുംബത്തില്‍ കക്കുറുഞ്ഞിയില്‍ അബ്ദുല്‍ ഖാദറിന്റെ മകനായ ഇസ്മായില്‍ റാവുത്തര്‍ കടല്‍ കടന്നപ്പോഴും കൃഷിയെ കൂടെ കൂട്ടുകയായിരുന്നു. താമസ സ്ഥലത്ത് തക്കാളി മുതല്‍ ഈന്തപ്പഴം വരെ ഉല്‍പാദിപ്പിക്കുന്നതിന് പുറമേയാണ് കൃഷിക്കായി മാത്രം പ്രത്യേക സ്ഥലം വാങ്ങി പച്ചക്കറികളുണ്ടാക്കി അര്‍ഹതപ്പെട്ടവര്‍ക്കു ദാനം ചെയ്യുന്നത്. പരിസരത്തുള്ള തൊഴിലാളികള്‍ക്ക് കറിവയ്ക്കാനാവശ്യമായ പച്ചക്കറികള്‍ ഇവിടെ നിന്നു പറിച്ചെടുക്കാം.

നാലിനം തക്കാളി, 3 ഇനം വഴുതനങ്ങ, കാന്താരി, അഞ്ഞാടി മുളക്, ബജി മുളക്, ഉണ്ട മുളക് തുടങ്ങി 5 ഇനം പച്ചമുളക്, വെണ്ട, ചീര, കാബേജ്, കോളിഫ്‌ലവര്‍, മല്ലിച്ചപ്പ്, പുതിന, സവോള, കറിവേപ്പില, 4 ഇനം ഈന്തപ്പഴം, മുരിങ്ങ എന്നിവയ്ക്കു പുറമേ പനിക്കൂര്‍ക്ക, തുളസി എന്നീ ഔഷധ ചെടികളുമാണു നിലവിലുള്ളത്. അജ്മാനില്‍ വീട് നില്‍ക്കുന്ന 3 മീറ്റര്‍ വീതമുള്ള വശങ്ങളിലും പിറകിലും ഒരിഞ്ചു സ്ഥലം പോലും പാഴാക്കാതെ പച്ചക്കറികളും ചെടികളും പൂക്കളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സീസണ്‍ മാറുന്നതിന് അനുസരിച്ച് പച്ചക്കറികളും പൂക്കളും മാറി ഇവിടെ നട്ട് വളര്‍ത്തും. കൃഷിക്കായി വാങ്ങിയ ഭൂമിയില്‍ കൃഷി മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഇസ്മായില്‍ റാവുത്തര്‍ പറഞ്ഞു.

എന്‍ജിനീയറിങില്‍ ബിരുദവും എംബിഎയും നേടിയ ഇസ്മായില്‍ റാവുത്തര്‍ക്ക് അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്നും റീട്ടെയില്‍ മാനേജ്‌മെന്റില്‍ നിന്നും റീട്ടെയില്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവുമുണ്ട്. അന്യംനിന്നു പോകുന്ന ഔഷധച്ചെടികളെ സംരക്ഷിക്കാനും അവയെകുറിച്ചുള്ള അറിവുകള്‍ വരുംതലമുറയ്ക്കു പകര്‍ന്നു കൊടുക്കാനുമായി എറണാകുളം ജില്ലയിലെ മുവാറ്റുംപുഴ വാരപ്പെട്ടിയില്‍ 200 ഔഷധച്ചെടികള്‍ നട്ടുപിടിപ്പിച്ച് സജ്ജമാക്കിയും നാടിന്റെ പൈതൃകം കാത്തു സൂക്ഷിക്കുന്നതായി റാവുത്തര്‍ പറഞ്ഞു.

2011ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പൈനാപ്പിള്‍ ശ്രീ അവാര്‍ഡ്, ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, 2019ല്‍ വാരപ്പെട്ടി പഞ്ചായത്തിന്റെ ഹരിത കര്‍ഷകനുള്ള അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങളും റാവുത്തറെ തേടിയെത്തിയിട്ടുണ്ട്.