Connect with us

Covid19

കൈയടി നേടി ഐസൊലേഷൻ മെനു

Published

|

Last Updated

കൊച്ചി | പുഴുങ്ങിയ മുട്ട, സൂപ്പ്, ഓറഞ്ച്, ടോസ്റ്റഡ് ബ്രഡ്, ചീസ്….ഐസൊലേഷൻ വാർഡിലുള്ളവർക്കേർപ്പെടുത്തിയ ഭക്ഷണത്തിന്റെ പട്ടിക ഇങ്ങനെ നീളും. ഒരു സർക്കാർ ആശുപത്രിയിൽ ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ ആരോഗ്യകരമായ ഭക്ഷണത്തിന്റെ പട്ടിക ഇതിനകം വെറലായിക്കഴിഞ്ഞു. സ്വദേശിക്കും വിദേശിക്കും ഒരേ പരിഗണന നൽകി ആശുപത്രിയിലെത്തിയവരെ അതിഥിയെപ്പോലെ ഊട്ടുന്ന കേരള മാതൃകയാണ് ഇതിനകം ശ്രദ്ധേയമായത്. കൊവിഡ് നിരീക്ഷണവുമായി ബന്ധപ്പെട്ടാണ് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നവർക്ക് സർക്കാർ വക സമൃദ്ധമായ ഭക്ഷണം ഏർപ്പെടുത്തിയത്. ഉണർന്ന് കഴിയുമ്പോൾ ഒഴിവാക്കാനാവാത്ത ചായ മുതൽ മലയാളിയുടെ പ്രിയപ്പെട്ട മീൻ പൊരിച്ചതും ദോശയും സാമ്പാറും ചൂടിൽ തണുപ്പിക്കാൻ ജ്യൂസും വരെ ഉൾപ്പെടുത്തിയുള്ളതാണ് ഭക്ഷണപ്പട്ടിക. രുചിക്കൊപ്പം ആരോഗ്യത്തിനായി പഴങ്ങളും മുട്ടയും ഉൾപ്പെടെയുള്ള വിഭവങ്ങൾ പട്ടികയിലുണ്ട്. വിദേശത്ത് നിന്നുള്ളവർക്ക് ടോസ്റ്റ് ചെയ്ത ബ്രെഡും ഓംലെറ്റും സൂപ്പും രാവിലെ ചൂടോടെ തീൻമേശകളിൽ എത്തും. രോഗബാധ മൂലം ആഹാര നിയന്ത്രണങ്ങൾ ഇല്ലെങ്കിലും പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നിർദേശ പ്രകാരം പുതിയ മെനു തയ്യാറാക്കിയിട്ടുള്ളത്. കുട്ടികൾക്ക് പാലും ലഘു ഭക്ഷണവും ഉൾപ്പെടുത്തിയുള്ള മെനുവാണ് തയ്യാറാക്കിയിരിക്കുന്നത്. അവ സൂക്ഷിക്കാനായി പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യക്കാരായ ഐസൊലേഷനിൽ കഴിയുന്ന ആളുകൾക്ക് രാവിലെ കൃത്യം 7.30ന് തന്നെ പ്രഭാത ഭക്ഷണമെത്തും. ദോശ, സാമ്പാർ, ചായ, മുട്ട പുഴുങ്ങിയത്, ഓറഞ്ച്, ഒരു ലിറ്റർ വെള്ളം എന്നിവയടങ്ങിയതാണ് പ്രഭാത ഭക്ഷണം. പിന്നീട് 10.30ന് പഴച്ചാറുമായി ആരോഗ്യ പ്രവർത്തകരെത്തും. 12 മണിക്കാണ് സമൃദ്ധമായ ഉച്ച ഭക്ഷണമെത്തുക. ചപ്പാത്തി, ചോറ്, തോരൻ , കറി, മീൻ പൊരിച്ചത്, തൈര്, ഒരു ലിറ്റർ വെള്ളം എന്നിവയാണ് ഉച്ച ഭക്ഷണം. വൈകീട്ട് 3.30ന് ചായക്കൊപ്പം ബിസ്‌ക്കറ്റ് , പഴം പൊരി, വട ഏതെങ്കിലുമൊന്ന് കടിയായെത്തും. രാത്രി ഭക്ഷണം ഏഴ് മണിക്കാണ് നൽകുക. വെജിറ്റബിൾ സ്റ്റു, രണ്ട് ഏത്തപ്പഴം, ഒരു ലിറ്റർ വെള്ളം എന്നിവയുണ്ടാകും. വിദേശത്ത് നിന്നുള്ളവർക്ക് രാവിലെ 7.30ന് ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട പുഴുങ്ങിയത്, പഴങ്ങൾ, സൂപ്പ് . 11 മണിക്ക് പഴച്ചാറ് ,12 മണിക്ക് ടോസ്റ്റ് ചെയ്ത ബ്രെഡ്, ചീസ് , പഴങ്ങൾ . വൈകീട്ട് നാലിന് പഴച്ചാറ്. രാത്രി ഏഴ് മണിക്ക് ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട, പഴങ്ങൾ എന്നിവയും നൽകും.
ഐസൊലേഷൻ വാർഡുകളിൽ കഴിയുന്ന ആളുകളോട് ചോദിച്ച ശേഷം അവരുടെ നിർദേശം കൂടി സ്വീകരിച്ചാണ് കൊവിഡ് 19 നോഡൽ ഓഫീസർ ഡോ. ഫത്താഹുദീൻ , അസി. നോഡൽ ഓഫീസർ ഡോ. ഗണേഷ് മോഹൻ, ഫുഡ് ഇൻചാർജ് ഡോ. ദീപ, സീനിയർ നഴ്‌സ് അമൃത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഭക്ഷണ ക്രമം തയ്യാറാക്കിയത്. മെഡിക്കൽ കോളജ് സ്റ്റുഡന്റ്‌സ് യൂനിയന്റെ നേതൃത്വത്തിൽ മെൻസ് ഹോസ്റ്റലിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. 30 പേർക്ക് വരെയുള്ള ഭക്ഷണം തയ്യാറാക്കാനാണ് തീരുമാനം. രോഗികളുടെ ഭക്ഷണം, താമസം അടക്കമുള്ള ചെലവുകൾ ആരോഗ്യ വകുപ്പാണ് വഹിക്കുന്നത്.

Latest