ഗോഗോയി ‘ഉപഹാരം’ സ്വീകരിക്കുമ്പോള്‍

Posted on: March 18, 2020 10:51 am | Last updated: March 18, 2020 at 10:51 am

സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അഭിപ്രായപ്പെട്ടതു പോലെ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭാംഗമായി കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തതില്‍ അത്ഭുതമില്ല. രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് പരിഗണിച്ച ബാബരി മസ്ജിദ് ഭൂമി പ്രശ്‌നം, ശബരിമല യുവതീ പ്രവേശം, റാഫേല്‍ ഇടപാട് തുടങ്ങി പല കേസുകളിലെയും വിധിപ്രസ്താവം സര്‍ക്കാര്‍ താത്പര്യത്തിനനുസൃതമായിരുന്നു. ഇതിനുള്ള ഉപകാര സ്മരണയായാണ് രാജ്യസഭാംഗ സ്ഥാനമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും അതിത്ര പെട്ടെന്നുണ്ടാകുമെന്നു പ്രതീക്ഷിച്ചതല്ല. തിങ്കളാഴ്ച രാത്രിയാണ് രാഷ്ട്രപതി ഗോഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത്. അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിച്ചിട്ടു നാല് മാസമേ ആയുള്ളൂ.

ബാബരി മസ്ജിദിന്റെ സ്ഥലം രാമക്ഷേത്രത്തിനു വിട്ടുകൊടുത്ത ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ സുപ്രീം കോടതി ബഞ്ചിന്റെ വിധിപ്രസ്താവം നിയമജ്ഞരെ അമ്പരപ്പിച്ചതാണ്. 1949ല്‍ മസ്ജിദില്‍ വിഗ്രഹങ്ങള്‍ വെച്ചതു തെറ്റാണെന്ന് കോടതി സമ്മതിക്കുന്നുണ്ട്. 1992ല്‍ പള്ളി പൊളിച്ചതും തെറ്റാണെന്ന് കോടതി വ്യക്തമാക്കുന്നു. എന്നിട്ടും ഈ തെറ്റ് ചെയ്തവര്‍ക്ക് ഭൂമി സമ്മാനിക്കുകയാണ് കോടതി ചെയ്തതെന്നാണ് ഇതേക്കുറിച്ച് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ പി ഷാ പ്രതികരിച്ചത്. പള്ളി ഇപ്പോഴും അവിടെ നിലനിന്നിരുന്നെങ്കില്‍ ഭൂമി ഹിന്ദുക്കള്‍ക്കു വിട്ടുകൊടുക്കുമായിരുന്നോ എന്നും ഷാ ചോദിക്കുകയുണ്ടായി. ബി ജെ പിക്ക് അനുകൂലമായാണ് രഞ്ജന്‍ ഗോഗോയ് ഈ കേസില്‍ പ്രവര്‍ത്തിച്ചതെന്ന് ജസ്റ്റിസ് കട്ജു തുറന്നു പറയുകയുണ്ടായി. ബി ജെ പി സര്‍ക്കാറിനു മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് നിയമവ്യവസ്ഥയെ കളങ്കപ്പെടുത്തുകയായിരുന്നു ജസ്റ്റിസ് ഗോഗോയിയെന്നും ദേശീയ വാരികയില്‍ എഴുതിയ ലേഖനത്തില്‍ ജസ്റ്റിസ് കട്ജു ആരോപിക്കുന്നു.

ബാബരി കേസ് വാദത്തിനിടെ, പള്ളി പൊളിച്ചതുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ജസ്റ്റിസ് ഗോഗോയ് അത് വിലക്കി. ഭൂമിയുടെ അവകാശം ആര്‍ക്ക് എന്നത് മാത്രമാണ് ഇവിടെ വിഷയമെന്നും മറ്റൊന്നും പറയേണ്ടതില്ലെന്നും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ വിധി പ്രസ്താവത്തില്‍ ഈ നിര്‍ദേശം അദ്ദേഹം പാലിച്ചതുമില്ല. ഭൂമിത്തര്‍ക്കമല്ലാത്ത പല വിഷയങ്ങളിലും വ്യക്തമായ പരാമര്‍ശങ്ങളുണ്ട് വിധിപ്രസ്താവത്തില്‍. ബാബരി വിഷയത്തില്‍ കീഴ്‌ക്കോടതിയിലുള്ള കേസുകളെ ഇത് ബാധിച്ചേക്കാമെന്നും നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. റാഫേല്‍ ആയുധ ഇടപാട് ശരിവെച്ച് മോദിക്കും കേന്ദ്രസര്‍ക്കാറിനും ക്ലീന്‍ചിറ്റ് നല്‍കിയതും അതിനെതിരായ പുനഃപരിശോധനാ ഹരജികള്‍ തള്ളിയതും ജസ്റ്റിസ് ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ്. കടക്കെണിയില്‍ മുങ്ങിക്കിടക്കുന്ന അനില്‍ അംബാനിക്ക് റാഫേല്‍ കരാറിന്റെ ഇന്ത്യന്‍ പങ്കാളിത്തം നല്‍കിയതില്‍ പ്രഥമ ദൃഷ്ട്യാ സംശയങ്ങള്‍ ഉണ്ടായിട്ടും ഈ കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കാനുള്ള നീതിബോധം ജസ്റ്റിസ് ഗോഗോയിക്കുണ്ടായില്ല. ജസ്റ്റിസ് ദീപക് മിശ്രയുടെ പ്രവര്‍ത്തന ശൈലിക്കെതിരെ കഴിഞ്ഞ ജനുവരി 12ന് സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ അസാധാരണ മാധ്യമ സമ്മേളനം നടത്തിയതും ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്. കഴിഞ്ഞ വര്‍ഷം ജനുവരി 27ന് ജസ്റ്റിസ് ഗോഗോയിയുടെ സഹോദരന്‍ റിട്ട. എയര്‍മാര്‍ഷല്‍ അഞ്ജന്‍ കുമാര്‍ ഗോഗോയിയെ നോര്‍ത്ത് ഈസ്റ്റേണ്‍ കൗണ്‍സില്‍ അംഗമായി നിയമിച്ചിരുന്നു സര്‍ക്കാര്‍. ഇതും രഞ്ജന്‍ ഗോഗോയിയെ സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ഔദ്യോഗിക പദവികള്‍ നല്‍കുന്നതും രാജ്യസഭാംഗമാക്കുന്നതും ആദ്യ സംഭവമല്ല. കോണ്‍ഗ്രസ് ഭരണകാലത്തും നടന്നിട്ടുണ്ട് ഇത്തരം നിയമനങ്ങള്‍.

അതേക്കുറിച്ചെല്ലാം “ഉദ്ദിഷ്ടകാര്യത്തിനു ഉപകാരസ്മരണ’ ആരോപണം ഉയര്‍ന്നിട്ടുമുണ്ട്. ജസ്റ്റിസ് ബഹ്‌റുല്‍ ഇസ്‌ലാമായിരുന്നു സുപ്രീം കോടതി ജഡ്ജിയുടെ പദവിയില്‍ നിന്ന് വിരമിച്ച ശേഷം ആദ്യമായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ന്യായാധിപന്‍. 1983ല്‍ ഇന്ദിരാ ഗാന്ധിയുടെ കാലത്തായിരുന്നു അത്. ബിഹാറിലെ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജഗന്നാഥ് മിശ്രയെ പാറ്റ്‌ന കോ- ഓപറേറ്റീവ് ബേങ്ക് അഴിമതി കേസില്‍ നിന്ന് ഒഴിവാക്കി കൊടുത്തതിനുള്ള ഉപഹാരമായിട്ടാണ് ഈ നിയമനമെന്നാരോപിക്കപ്പെട്ടു. മുന്‍ ചീഫ് ജസ്റ്റിസ് രംഗനാഥ മിശ്രയും രാജ്യസഭാംഗമായിട്ടുണ്ട്. അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാറാണ് അദ്ദേഹത്തെ നോമിനേറ്റ് ചെയ്തത്. 1984ലെ സിഖ്‌വിരുദ്ധ കലാപത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറ്റവിമുക്തമാക്കിയതിനുള്ള പ്രതിഫലമായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. അമിത് ഷാ ഉള്‍പ്പെട്ട വ്യാജ ഏറ്റുമുട്ടല്‍ കേസിലെ എഫ് ഐ ആര്‍ റദ്ദാക്കിയത് ജസ്റ്റിസ് പി സദാശിവം ഉള്‍പ്പെട്ട ബഞ്ചായിരുന്നു. അതിനുള്ള ഉപകാരസ്മരണയാണ് ജസ്റ്റിസ് സദാശിവത്തിന്റെ കേരള ഗവര്‍ണര്‍ പദവിയെന്നും ആരോപിക്കപ്പെടുന്നുണ്ട്.
ആര് നിയമിച്ചുവെന്നതല്ല പ്രശ്‌നം. അതേത് സര്‍ക്കാറായാലും ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടിക്കും. നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും പരമാധികാരത്തെയും പ്രതികൂലമായി ബാധിക്കും. ഞങ്ങള്‍ പറയുന്നിടത്ത് നിന്നാല്‍ നിങ്ങള്‍ക്ക് തക്കപ്രതിഫലം ലഭിക്കുമെന്ന സന്ദേശമാണ് ഇത്തരം നിയമനങ്ങളിലൂടെ ഭരണ കൂടങ്ങള്‍ ജഡ്ജിമാര്‍ക്ക് നല്‍കുന്നത്. സര്‍ക്കാറുകളുടെ ഇത്തരം അനുനയങ്ങള്‍ക്ക് ജുഡീഷ്യറി വഴങ്ങരുത്. വിരമിച്ച ജഡ്ജിമാരെ മറ്റു ജോലികളില്‍ നിയമിക്കപ്പെടുന്നതിനെ ലോ കമ്മീഷന്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. അങ്ങനെ ചെയ്യുന്നത് നീതിന്യായ സംവിധാനത്തിന്റെ സ്വതന്ത്ര അസ്ഥിത്വം ഇല്ലാതാക്കുമെന്നായിരുന്നു എം സി സെതല്‍വാദ് ചെയര്‍മാനായ ഒന്നാം ലോ കമ്മീഷന്റെ പക്ഷം. ഇന്ത്യന്‍ നീതിന്യായ രംഗത്ത് ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് പ്രമുഖ നിയമ ഗവേഷകനും എഴുത്തുകാരനുമായ ഗൗതം ഭാട്ടിയയും പറയുന്നു.