Connect with us

National

വിമത എംഎല്‍എമാരെ കാണാനെത്തിയ ദിഗ്‌വിജയ് സിംഗിനെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു

Published

|

Last Updated

ബെംഗളൂരു | രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ മധ്യപ്രദേശിലെ വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാനായി എത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിലെ ഹോട്ടലില്‍ വിമത എംഎല്‍എമാരുമായി കൂടിക്കാഴ്ചക്ക് എത്തിയതായിരുന്നു ദിഗ്‌വിജയ് സിംഗ്.

എന്നാല്‍ ഇദ്ദേഹത്തെ ഹോട്ടലിനു മുന്നില്‍ പോലീസ് തടഞ്ഞു. ഇതോടെ ഹോട്ടലിനു മുന്നില്‍ കുത്തിയിരുന്ന് അദ്ദേഹം പ്രതിഷേധിച്ചു. പിന്നാലെ പോലീസ് ദിഗ്‌വിജയ് സിംഗിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെയാണ് ദിഗ്‌വിജയ് സിംഗ് ബെംഗളൂരുവില്‍ എത്തിയത്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് ഇരുവരും 21 വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ താമസിക്കുന്ന വടക്കന്‍ ബംഗളൂരുവിലെ രമദാ ഹോട്ടലില്‍ എത്തി.

വിമതര്‍ തിരിച്ചുവരുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് ദിഗ്‌വിജയ് സിംഗ് പറഞ്ഞു. അഞ്ച് എംഎല്‍എമാരുമായി താന്‍ വ്യക്തിപരമായി സംസാരിച്ചു. അവര്‍ പറയുന്നത് അവരെ തടഞ്ഞുവച്ചിരിക്കുകയാണ്. ഫോണ്‍പോലും പിടിച്ചെടുത്തു .എല്ലാ മുറികളുടെ മുന്നിലും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും ദിഗ്‌വിജയ് സിംഗ് ആരോപിച്ചു.

Latest