Connect with us

Gulf

സഊദിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; മാളുകളും പാര്‍ക്കുകളും അടച്ചു

Published

|

Last Updated

ദമാം  | സഊദിയില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോധ്യ മന്ത്രാലയം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഞായാറാഴ്ച പുതുതായി 15 കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 118 ആയി.നിയന്ത്രങ്ങളുടെ ഭാഗമായി മുഴുവന്‍ ഷോപ്പിംഗ് മാളുകളും അടഞ്ഞുകിടക്കുകയാണ്. മാളുകളിലെ വിനോദപരിപാടികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. സൂപ്പര്‍ മാര്‍ക്കറ്റുകള്‍,മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട് .ബാര്‍ബര്‍ ഷോപ്പുകള്‍ , ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവയും അനിശ്ചിത കാലത്തേക്ക് അടച്ചിടും

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപങ്ങള്‍ക്ക് പതിനാറ് ദിവസത്തെ താത്കാലിക അവധി നിലവില്‍ വന്നു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് അവധി നല്‍കിയിരിക്കുന്നത് .ആഭ്യന്തരംപ്രതിരോധ,ആരോഗ്യ മന്ത്രാലയങ്ങള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്നും
സഊദി വാര്‍ത്താ ഏജന്‍സിയായ എസ് പി എ റിപ്പോര്‍ട്ട് ചെയ്തു.

ബീച്ചുകളിലും , പാര്‍ക്കുകളിലും ആളുകള്‍ ചേരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് . ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഭക്ഷണം കഴിക്കുന്നതും നിരോധിച്ചു . ഇനിമുതല്‍ പാര്‍സല്‍ മാത്രമാണ് അനുവദിക്കുക. കൂടാതെ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്നതിനും അനുമതിയുണ്ട് . അവശ്യ സാധനങ്ങള്‍ രാജ്യത്ത് ലഭ്യമാണെന്നും സഊദിയിലേക്കുള്ള ചരക്ക് ഗതാഗത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വിലക്കയറ്റം കണ്ടെത്തിയാല്‍ പത്ത് ദശലക്ഷം റിയാല്‍ വരെ പിഴചുമത്തുമെന്നും സഊദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി

രാജ്യത്തേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയതോടെ സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ കഴിയാതെ സന്ദര്‍ശകവിസയില്‍ സഊദിയില്‍ കഴിയുന്നവരുടെ വിസാകാലാവധി നീട്ടിനല്‍കും .
ഇതിനായി ഓണ്‍ലൈന്‍ പോര്‍ട്ടലായ “അബ്ഷിര്‍” വഴിയാണ് വിസ പുതുക്കേണ്ടത്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വിസ കാലാവധി പുതുക്കാന്‍ കഴിയാത്തവര്‍ പാസ്‌പോര്‍ട്ട് മന്ത്രാലയത്തെ നേരിട്ട് സമീപിക്കണമെന്നും പാസ്സ്‌പോര്‍ട്ട് മന്ത്രാലയം അറിയിച്ചു,

കോവിഡ് 19 ബാധയെ തുടര്‍ന്ന് 14 ദിവസമായി ഐസൊലേഷനില്‍ ചികിത്സയിലായിരുന്ന മൂന്നുപേര്‍ രോഗമുക്തമായശേഷം ഞായറാഴ്ച ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.പുതുതായി സ്ഥിരീകരിച്ച15 പേരില്‍ പന്ത്രണ്ട് പേര്‍ സ്വദേശികളും , മൂന്നുപേര്‍ സ്‌പെയിന്‍ , ഇന്തോനേഷ്യ , ഫിലിപ്പൈന്‍ എന്നീ രാജ്യക്കാരാണ് .കോവിഡ് 19 മുന്‍ കരുതലിന്റെ ഭാഗമായി വെള്ളിയാഴ്ച്ചമുതല്‍ സഊദിയിലെത്തിയ സ്വദേശികളും വിദേശികളും പതിനാല് ദിവസം അവരുടെ വീടുകളില്‍ കഴിയണമെന്നും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു

Latest