Connect with us

Covid19

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 7677 പേര്‍; ഇന്ന് പുതിയ കേസുകളില്ല- മുഖ്യമന്ത്രി

Published

|

Last Updated

തിരുവന്തപുരം |  സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് 19 കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും എന്നാല്‍ 7677 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 7375 വീട്ടിലും 302 പേര്‍ ആശുപത്രിയിലുമാണ്. 1897 സമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 1345 എണ്ണത്തിനും ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചെറിയ രൂപത്തില്‍ ഫലം കണ്ടിട്ടുണ്ട്. എന്നാല്‍ ലോകത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ കൊവിഡിനെതിരെ ജാഗ്രത തുടരണ്ടേതുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് എല്ലാ ജില്ലയിലും ജനപ്രതികളെയും മറ്റും പങ്കെടുപ്പിച്ച് ജില്ലാ അടിസ്ഥാനത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇത് ബ്ലോക്ക്, അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലും ചേരും. ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നതിനായാണ് യോഗങ്ങള്‍ ചേരുന്നത്. ബോധവത്ക്കരണത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എന്തൊക്കെ പാലിക്കണം എന്നത് സംബന്ധിച്ച് നോട്ടീസ് തയ്യാറാക്കി വീടുകളില്‍ വിതരണം ചെയ്യും. രോഗം പടരുന്നതിന് ഒഴിവാക്കേണ്ട കാര്യങ്ങള്‍ ഇതില്‍ വിവരിക്കും. നിരീക്ഷണത്തിലുള്ള ആളുകളുമായി ദിവസവും ബന്ധപ്പെടും. ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും ഡോക്ടര്‍മാരും ചേര്‍ന്ന് പ്രവര്‍ത്തിക്കും. നിരീക്ഷണത്തിലുള്ള എല്ലാ വീടുകളിലും ഭക്ഷണം ഉണ്ടെന്ന് ഉറപ്പ് വരുത്തും. വീടുകളിലെത്തി ബോധവത്ക്കരണം നടത്തുന്നതിനായി വോളണ്ടിയര്‍മാരുടെ എണ്ണം കൂട്ടും. പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കും. സ്വകാര്യ ആശുപത്രികളും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വിമാനത്താവളങ്ങളില്‍ പരിശോധന സൗകര്യം വര്‍ധിപ്പിക്കും. ഇതിനായി എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രവര്‍ത്തിക്കും. അസുഖ ബാധിതരെ വിമാനത്താവളത്തിന് അടുത്ത് തന്നെ പാര്‍പ്പിക്കും. കേരളത്തിലെത്തുന്ന ട്രെയ്‌നുകളില്‍ സംസ്ഥാനത്ത് ആദ്യം നിര്‍ത്തുന്ന സ്റ്റേഷനുകളില്‍ പരിശോധന ഏര്‍പ്പെടുത്തും. അതിര്‍ത്തി കടന്നുവരുന്ന ട്രെയ്‌നിലെ എല്ലാ യാത്രക്കാരേയും പരിശോധിക്കും. ഒരു സംഘം രണ്ട് ബോഗി എന്ന നിലക്കായിരിക്കും പരിശോധന. അതിര്‍ത്തി കടന്നുവരുന്ന എല്ലാ വാഹനങ്ങളും ചെക്ക്‌പോസ്റ്റില്‍ പരിശോധിക്കും.

ആളുകള്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ ഒഴിവാക്കുക തന്നെ വേണം. ഇത്തരം വിഷയത്തില്‍ പോലീസ് ഇടപെടല്‍ ഉണ്ടാകും. കെ എസ് ആര്‍ ടി സിയില്‍ ക്ലീനിംഗ് ശക്തമാക്കും.
കൊവിഡ് 19 സംബന്ധിച്ച് ജനങ്ങളില്‍ കൃത്യമായ വിവരം നല്‍കിയ പ്രശംസനീയമായ ഇടപെടലാണ് മാധ്യമങ്ങള്‍ നടത്തിയത്. ഇത് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ മാധ്യമങ്ങള്‍ സുരക്ഷ മുന്‍നിര്‍ത്തി ചില നിയന്ത്രണങ്ങള്‍ വരുത്തണം. ആശുപത്രി പരിസരത്ത് നിന്നുള്ള റിപ്പോര്‍ട്ടിംഗ് ഒഴിവാക്കണം.

സംസ്ഥാന സര്‍ക്കാറിന്റെ മൊബൈല്‍ ആപ്ലിക്കേഷന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആദ്യ ദിവസം തന്നെ രണ്ട് ലക്ഷം പേര്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു. കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദേശികളോട് ആരും മോശമായി പെരുമാറരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷോപ്പിംഗ് മാളുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍ ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാന്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുതയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷകള്‍ മാറ്റാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടെന്നും ഇതിന് മുന്‍കരുതല്‍ എടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

;

 

---- facebook comment plugin here -----

Latest