Connect with us

Covid19

'കൊറോണയോടുള്ള പോരാട്ടം ലോക മഹായുദ്ധത്തിന് തുല്യം'; കേള്‍ക്കുക ഈ നഴ്‌സിന്റെ വാക്കുകള്‍

Published

|

Last Updated

മിലാന്‍ | ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തിലാണ്. മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ട ഈ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അയ്യായിരം കവിഞ്ഞു. കൊറോണ ബാധിച്ച് ഐസ്വലേഷനില്‍ കഴിയുന്ന രോഗികളെ പരിചരിക്കുന്ന നഴ്‌സുമാരുടെ അനുഭവമാണ് ദയനീയം. ശരീരമാസകലം മറക്കുന്ന പ്രത്യേക വസ്ത്രങ്ങളും മാസ്‌കുകളും ധരിച്ച് സദാ കഴിയേണ്ടി വരുന്ന ഇവര്‍ പങ്കുവെക്കുന്ന അനുഭവങ്ങള്‍ പലതും കരളലിയിപ്പിക്കുന്നതാണ്.

ഇത്തരത്തില്‍ ഇറ്റലിയില്‍ കൊറോണെ ബാധിച്ചവരെ പരിചരിക്കുന്ന ഒരു നഴ്‌സ് അതിനെ വിശേഷിപ്പിച്ചത് ലോക മഹായുദ്ധത്തോടാണ്. ഒരു ലോകമഹായുദ്ധവുമായി താരതമ്യം ചെയ്യാവുന്നതാണ് തന്റെ അനുഭവമെന്ന് എമിലിയ റൊമാഗ്‌നയിലെ പിയാസെന്‍സ ആശുപത്രിയില്‍ ജോലി ചെയ്യുന്ന റോബര്‍ട്ട റെ പറയുന്നു.

“പരമ്പരാഗത ആയുധങ്ങളുമായി നേരിടാനാകാത്ത ഒരു യുദ്ധമാണിത്. ശത്രു ആരാണെന്ന് ഞങ്ങള്‍ക്ക് ഇതുവരെ അറിയില്ല. അതിനാല്‍ യുദ്ധം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കാനുള്ള ഒരേയൊരു വഴി വീട്ടില്‍ തന്നെ തുടരുകയും നിയമങ്ങളെ മാനിക്കുകയും ചെയ്യുക എന്നതാണ്” – റോബര്‍ട്ട പറയുന്നു.

“ഞാന്‍ സാധാരണയായി ഒരു സന്തുഷ്ട വ്യക്തിയാണ്. എല്ലാവരുമായും ചാറ്റുചെയ്യുകയും തമാശ പറയുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കരയുകയും വിഷാദമനുഭവിക്കുകയും ചെയ്യുന്നു” – അവര്‍ പറഞ്ഞുനിര്‍ത്തി.

കൊറോണ വൈറസ് ഇതുവരെ ഇറ്റലിയില്‍ ആയിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയിട്ടുണ്ട്. ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്.