Connect with us

Covid19

കൊവിഡ് 19 മരണം 5000 കടന്നു; ഇന്ന് മരിച്ചത് 146 പേര്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകാരോഗ്യ സംഘടനാ മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 വൈറസ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 5081 ആയി. 3117 പേര്‍ മരിച്ച ചൈനക്ക് പിന്നാലെ ഇറ്റലിയിലും ഇറാനിലുമാണ് ഇപ്പോള്‍ മരണ സംഖ്യ കുതിച്ചുയരുന്നത്. ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം 146 ആണ്.

ഇറ്റലിയില്‍ 1016 പേരാണ് ഇതുവരെ മരിച്ചത്. ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 15,113 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചതില്‍ 1258 പേര്‍ക്കാണ് ഭേദമായത്. 1153 പേരുടെ സ്ഥിതി ഗുരുതരമാണ്.

ഇറാനില്‍ വെള്ളിയാഴ്ച മാത്രം 85 പേര്‍ മരിച്ചു. 514 പേരാണ് ഇവിടെ ഇതുവരെ മരിച്ചത്. 11,364 പേര്‍ക്ക് രോഗം ബാധിച്ചതില്‍ 3529 പേര്‍ക്ക് ഭേദമായി.

രോഗം പൊട്ടിപ്പുറപ്പെടുകയും ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത ചെെനയിൽ രോഗ ബാധിതരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ഇന്ന് ചൈനയില്‍ എട്ട് പേരാണ് മരിച്ചത്. ദക്ഷിണ കൊറിയയില്‍ അഞ്ച് പേരും സ്‌പെയിനില്‍ 36 ഫേരും ജര്‍മനിയില്‍ ഒരാളും നെതര്‍ലാന്‍ഡ്‌സില്‍ അഞ്ച് പേരും ഹോംഗോംഗില്‍ ഒരാളും ഇന്തോനേഷ്യയില്‍ മൂന്ന് പേരും ഉക്രൈനിലും സുഡാനിലും ഒരാള്‍ വീതവും ഇന്ന് മരണത്തിന് കീഴടങ്ങി.

ഇന്ത്യയില്‍ ഇതുവരെ 81 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ മൂന്ന് പേര്‍ക്ക് ഉള്‍പ്പെടെ രാജ്യത്ത് ഏഴ് പേര്‍ക്ക് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ആഗോള വ്യാപകമായി 1,39,637 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 70,733 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. ഇപ്പോള്‍ വിവിധ രാജ്യങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ 5790 പേരുടെ നില ഗുരതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest